SL vs AUS : കനത്ത മഴയും കാറ്റും, ഗോള്‍ സ്റ്റേഡിയത്തില്‍ സ്റ്റാന്‍ഡ് തകർന്നു; ഒഴിവായത് വന്‍ ദുരന്തം

Published : Jun 30, 2022, 01:51 PM ISTUpdated : Jun 30, 2022, 02:01 PM IST
SL vs AUS : കനത്ത മഴയും കാറ്റും, ഗോള്‍ സ്റ്റേഡിയത്തില്‍ സ്റ്റാന്‍ഡ് തകർന്നു; ഒഴിവായത് വന്‍ ദുരന്തം

Synopsis

മൈതാനത്ത് വിരിച്ചിരിക്കുന്ന ടാർപോളീന്‍ ഷീറ്റുകള്‍ കാറ്റില്‍ പാറാതിരിക്കാന്‍ ടയറുകള്‍ മുകളില്‍ നിരത്തിയിരിക്കുകയാണ്

ഗോള്‍: ശ്രീലങ്കയും ഓസ്ട്രേലിയയും തമ്മിലുള്ള ഗോള്‍ ടെസ്റ്റിന്‍റെ(Sri Lanka vs Australia 1st Test) രണ്ടാംദിനം കനത്ത മഴയിലും കാറ്റിലും സ്റ്റേഡിയത്തിലെ(Galle International Stadium) സ്റ്റാന്‍ഡ് തകർന്നുവീണു. ഗോളിലെ ഗ്രാന്‍ഡ് സ്റ്റാന്‍ഡിന്‍റെ മേല്‍ക്കൂരയാണ് കാറ്റില്‍ പൂർണമായും നിലംപൊത്തിയത്. എന്നാല്‍ മേല്‍ക്കൂര തകർന്നപ്പോള്‍ കാണികള്‍ ഗാലറിയിലില്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി. 

കനത്ത മഴകാരണം ഗോള്‍ ടെസ്റ്റ് രണ്ടാംദിനം ആരംഭിക്കുന്നത് വൈകുകയാണ്. പ്രാദേശിക സമയം രാവിലെ 10 മണിക്കായിരുന്നു മത്സരം തുടങ്ങേണ്ടിയിരുന്നത്. മത്സരം ആരംഭിക്കുന്നതിന് ഒന്നര മണിക്കൂർ മുമ്പ് മുതല്‍ മഴ തകർത്തുപെയ്യുകയായിരുന്നു. ഇതിനൊപ്പം കനത്ത കാറ്റും ആഞ്ഞുവീശി. മൈതാനം പൂർണമായും ഗ്രൗണ്ട് സ്റ്റാഫ് മൂടിയെങ്കിലും ഗാലറിയുടെ മേല്‍ക്കൂര തകർന്നത് വലിയ ആശങ്കയുണ്ടാക്കി. മൈതാനത്ത് വിരിച്ചിരിക്കുന്ന ടാർപോളീന്‍ ഷീറ്റുകള്‍ കാറ്റില്‍ പറക്കാതിരിക്കാന്‍ ടയറുകള്‍ മുകളില്‍ നിരത്തിയിരിക്കുകയാണ്. മത്സരം പുനരാരംഭിക്കുന്നതിന് മുമ്പ് മേല്‍ക്കൂര എങ്ങനെ ഉറപ്പിക്കാമെന്ന പ്രയത്നത്തിലാണ് ഒഫീഷ്യലുകള്‍.

ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 212 പിന്തുടരുന്ന ഓസ്ട്രേലിയ 98-3 എന്ന നിലയിലാണ് രണ്ടാംദിനം മത്സരം ആരംഭിക്കേണ്ടത്. 86 പന്തില്‍ 47 റണ്‍സുമായി ഓപ്പണർ ഉസ്മാന‍ ഖവാജയും 11 പന്തില്‍ ആറുമായി ട്രാവിസ് ഹെഡുമാണ് ക്രീസില്‍. ഡേവിഡ് വാർണർ(25), മാർനസ് ലബുഷെയ്ന്‍(13), സ്റ്റീവ് സ്മിത്ത്(6) എന്നിവരുടെ വിക്കറ്റുകള്‍ ഓസീസിന് ആദ്യദിനം നഷ്ടമായിരുന്നു.  ലങ്കന്‍ സ്കോറിനേക്കാള്‍ 114 റണ്‍സ് പിന്നിലാണ് സന്ദർശകർ. 

നേരത്തെ ഒന്നാം ദിനം അഞ്ച് വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ നേഥന്‍ ലിയോണിന്‍റെയും മൂന്ന് വിക്കറ്റ് നേടിയ മൈക്കല്‍ സ്വപ്സന്‍റേയും മികവിന് മുന്നില്‍ ലങ്കന്‍ ഇന്നിംഗ്സ് 59 ഓവറില്‍ 212 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. മിച്ചല്‍ സ്റ്റാർക്കും നായകന്‍ പാറ്റ് കമ്മിന്‍സും ഓരോ വിക്കറ്റും നേടി. 58 റണ്‍സെടുത്ത വിക്കറ്റ് കീപ്പർ നിരോഷന്‍ ഡിക്ക്വെല്ലയാണ് ലങ്കയുടെ ടോപ് സ്കോറർ. നായകന്‍ ദിമുത് കരുണരത്നെ 28ലും സീനിയർ താരം ഏഞ്ചലോ മാത്യൂസ് 39ലും പുറത്തായി. 

'വാർണറുടെ ആജീവനാന്ത ക്യാപ്റ്റന്‍സി വിലക്കിനോട് മൗലികമായി യോജിപ്പില്ല'; സമ്മർദവുമായി കമ്മിന്‍സ്

PREV
click me!

Recommended Stories

രോഹിത്-കോലി ഷോയ്ക്ക് തല്‍ക്കാലം ഇടവേള; ഇനി ആഭ്യന്തര ക്രിക്കറ്റിലേക്ക്, ശേഷം പുതുവര്‍ഷത്തില്‍ കിവീസിനെതിരെ
ഒരിക്കല്‍ കൂടി സച്ചിന്‍ വിരാട് കോലിക്ക് പിന്നില്‍; ഏറ്റവും കൂടുതല്‍ പ്ലെയര്‍ ഓഫ് ദ സീരീസ് നേടുന്ന താരമായി കോലി