Asianet News MalayalamAsianet News Malayalam

'വാർണറുടെ ആജീവനാന്ത ക്യാപ്റ്റന്‍സി വിലക്കിനോട് മൗലികമായി യോജിപ്പില്ല'; സമ്മർദവുമായി കമ്മിന്‍സ്

പന്ത് ചുരണ്ടല്‍ വിവാദത്തിലെ ക്യാപ്റ്റന്‍സി വിലക്കിന് ശേഷം ഡേവിഡ് വാർണറെ നായക ചുമതലകളിലേക്ക് തിരികെ കൊണ്ടുവരാന്‍ സമ്മർദം ചൊലുത്തി പാറ്റ് കമ്മിന്‍റെ പ്രതികരണം 

Pat Cummins want David Warner back to leadership duties after Sandpapergate Scandal captaincy ban
Author
Galle, First Published Jun 30, 2022, 12:28 PM IST

ഗോള്‍: പന്ത് ചുരണ്ടല്‍ വിവാദത്തില്‍(Ball-tampering Scandal) ഡേവിഡ് വാർണറുടെ(David Warner) ആജീവനാന്ത ക്യാപ്റ്റന്‍സി വിലക്കിനോട് മൗലികമായി യോജിപ്പില്ലെന്ന് ഓസീസ് ടെസ്റ്റ് നായകന്‍ പാറ്റ് കമ്മിന്‍സ്(Pat Cummins). ഓസീസ് ഓപ്പണറായ വാർണർ ഗംഭീര നായകനാണ് എന്ന് കമ്മിന്‍സ് പ്രശംസിച്ചു. ലീഡർഷിപ്പ് ചുമതലകളിലേക്ക് വാർണറെ തിരികെ കൊണ്ടുവരാന്‍ ക്രിക്കറ്റ് ഓസ്ട്രേലിയക്ക്(Cricket Australia) മേല്‍ സമ്മർദം ചൊലുത്തുന്നതാണ് കമ്മിന്‍സിന്‍റെ വാക്കുകള്‍. 

2018ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ന്യൂലന്‍ഡ്‍സില്‍ നടന്ന മൂന്നാം ടെസ്റ്റിലാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ച പന്ത് ചുരണ്ടല്‍ വിവാദമുണ്ടായത്. സാന്‍ഡ്‍പേപ്പർ ഉപയോഗിച്ച് പന്ത് ചുരണ്ടാനുള്ള ഓസീസ് താരം കാമറൂണ്‍ ബാന്‍ക്രോഫ്റ്റിന്‍റെ ശ്രമം ക്യാമറയില്‍ കുടുങ്ങുകയായിരുന്നു. ഇതിന് പിന്നാലെ കുറ്റക്കാരെന്ന് കണ്ടെത്തിയ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെയും ഉപനായകന്‍ ഡേവിഡ് വാർണറെയും 12 മാസത്തേക്കും കാമറൂണ്‍ ബാന്‍ക്രോഫ്റ്റിനെ 9 മാസത്തേക്കും രാജ്യാന്തര-ആഭ്യന്തര മത്സരങ്ങളില്‍ നിന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വിലക്കി. ഇതിനൊപ്പം സ്മിത്തിന് 2 വർഷത്തെ ക്യാപ്റ്റന്‍സി വിലക്കും വാർണർക്ക് ആജീവനാന്ത ക്യാപ്റ്റന്‍സി വിലക്കും ക്രിക്കറ്റ് ഓസ്ട്രേലിയ ഏർപ്പെടുത്തുകയായിരുന്നു. 

കമ്മിന്‍സിന്‍റേത് സമ്മർദ തന്ത്രം?

വിലക്കുകഴിഞ്ഞ് ടീമിലെത്തിയ സ്മിത്ത് നിലവില്‍ ടെസ്റ്റ് ടീമിന്‍റെ വൈസ് ക്യാപ്റ്റനാണ്. അതേസമയം ആജീവനാന്ത ക്യാപ്റ്റന്‍സി വിലക്കിലാണ് വാർണർ. ഇതിനോട് നിലവിലെ ടെസ്റ്റ് നായകന്‍ പാറ്റ് കമ്മിന്‍സിന്‍റെ സമീപനം ഇങ്ങനെ. 'എനിക്ക് എന്‍റെ നിലപാടുകളുണ്ട്. ഒരാളെ ആജീവനാന്ത കാലത്തേക്ക് വിലക്കുന്നതിനെ മൗലികമായി എതിർക്കുന്നു. പഠിക്കാനും വളരാനുമുള്ള അവകാശം ആളുകള്‍ക്കുണ്ട്. അതിനാലാണ് ആജീവനാന്ത വിലക്കിനോട് വിയോജിക്കുന്നത്. ഞങ്ങളുടെ സ്ക്വാഡിലെ മികച്ച ലീഡറാണ് വാർണർ. ഔദ്യോഗിക ചുമതലയുണ്ടേല്‍ അദ്ദേഹം പ്രകടനത്തിലും ഗംഭീരമാകും' എന്നും കമ്മിന്‍സ് ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന് മുന്നോടിയായി കൂട്ടിച്ചേർത്തു.

ഡേവിഡ് വാർണറുടെ ക്യാപ്റ്റന്‍സി വിലക്ക് നീക്കുന്നത് സംബന്ധിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ അടുത്ത ബോർഡ് യോഗം ചർച്ച ചെയ്യുമെന്ന് അടുത്തിടെ റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. വാർണറുടെ വിലക്ക് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷന്‍ ജൂലൈയിലെ ഡയറക്ടേർസ് മീറ്റിംഗില്‍ ചർച്ച ചെയ്യുമെന്നും റിപ്പോർട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഓസീസ് ടെസ്റ്റ് നായകന്‍ വാർണറുടെ വിലക്ക് സംബന്ധിച്ച് തന്‍റെ നിലപാട് വ്യക്തമാക്കിയത്. 

ഉമ്രാന്‍ മാലിക് അസാധാരണ പ്രതിഭയെന്ന് സഞ്ജയ് മഞ്ജരേക്കർ; ശ്രദ്ധേയ ഉപദേശം

 

Follow Us:
Download App:
  • android
  • ios