
ഗോള്‍: ഗോള്‍ ടെസ്റ്റില്‍(SL vs AUS 2nd Test) ഓസ്ട്രേലിയയെ വിറപ്പിച്ച ഇരട്ട സെഞ്ചുറിയുമായി ശ്രീലങ്കയുടെ ദിനേശ് ചാന്ദിമലിന്(Dinesh Chandimal) റെക്കോർഡ്. ഓസീസിനെതിരെ ടെസ്റ്റില്‍ ഒരു ലങ്കന്‍ ബാറ്റർ ആദ്യമായാണ് ഇരട്ട ശതകം തികയ്ക്കുന്നത്. ഇതിഹാസ താരം കുമാർ സംഗക്കാരയുടെ(Kumar Sangakkara) പേരിലായിരുന്നു ഇതുവരെ ഓസീസിനെതിരെ ഒരു ലങ്കന്‍ താരത്തിന്‍റെ ഉയർന്ന ടെസ്റ്റ് സ്കോറിന്‍റെ റെക്കോർഡ്. 2007ല്‍ ഹൊബാർട്ട് ടെസ്റ്റില്‍ സംഗ നേടിയ ഐതിഹാസികമായ 192 റണ്‍സിന്‍റെ റെക്കോർഡ് മറികടന്ന ചാന്ദിമല്‍ ഗോളില്‍ 206* റണ്‍സുമായി പുറത്താകാതെ നിന്നു.
ദിനേശ് ചാന്ദിമലിന്‍റെ ഇരട്ട സെഞ്ചുറിയുടെ കരുത്തില്‍ ഓസ്ട്രേലിയക്കെതിരെ ഗോളില്‍ ലങ്ക 190 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കി. ഓസീസിന്‍റെ 364 റണ്‍സ് പിന്തുടർന്ന ദ്വീപ് രാജ്യം 554 റണ്‍സെടുത്തു. 326 പന്തില്‍ 16 ഫോറും അഞ്ച് സിക്സറും സഹിതം 206* റണ്‍സുമായി ചാന്ദിമല്‍ പുറത്താകാതെ നിന്നു. സ്റ്റാർക്കിനെ സിക്സിന് പറത്തിയാണ് ചാന്ദിമല്‍ തന്‍റെ കന്നി ഡബിള്‍ തികച്ചത്. നായകനും ഓപ്പണറുമായ ദിമുത് കരുണരത്നെ(86), മൂന്നാമന്‍ കുശാല്‍ മെന്‍ഡിസ്(85), മുന്‍ നായകന്‍ ഏഞ്ചലോ മാത്യൂസ്(52) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. സന്ദർശകർക്കായി മിച്ചല്‍ സ്റ്റാർക്ക് നാലും മിച്ചല്‍ സ്വപ്‍സണ്‍ മൂന്നും നേഥന്‍ ലയണ്‍ രണ്ടും ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ഒന്നും വിക്കറ്റ് നേടി.
നേരത്തെ ഒന്നാം ഇന്നിംഗ്സില്‍ അരങ്ങേറ്റക്കാരന്‍ ലങ്കന്‍ സ്പിന്നർ പ്രഭത് ജയസൂര്യയുടെ ആറ് വിക്കറ്റ് പ്രകടനത്തിന് മുന്നില്‍ ഓസീസ് 364ല്‍ പുറത്താവുകയായിരുന്നു. ജയസൂര്യ 36 ഓവറില്‍ 118 റണ്‍സ് വിട്ടുകൊടുത്താണ് ആറ് പേരെ മടക്കിയത്. അതേസമയം ഓസീസ് മാർനസ് ലബുഷെയ്ന്‍(156 പന്തില്‍ 104), സ്റ്റീവ് സ്മിത്ത്(272 പന്തില്‍ 145*) എന്നിവരുടെ സെഞ്ചുറിക്കിടയിലും പരുങ്ങുകയായിരുന്നു. 37 റണ്‍സെടുത്ത ഓപ്പണർ ഉസ്‍മാന്‍ ഖവാജയാണ് മൂന്നാമത്തെ ഉയർന്ന സ്കോറുകാരന്‍. കാസുന്‍ രജിത രണ്ടും രമേശ് മെന്‍ഡിസും മഹീഷ് തീഷ്ണയും ഓരോ വിക്കറ്റും നേടി.