ഇന്ത്യയുടെ എക്കാലത്തെയും മികച്ച മാച്ച് വിന്നർമാരില്‍ ഒരാളായ അനില്‍ കുംബ്ലെ പോലും ടീമിനായി പല അവസരങ്ങളിലും പുറത്തിരുന്നിട്ടുണ്ട് എന്നും വെങ്കടേഷ് പ്രസാദ്
ലണ്ടന്‍: ഫോമിലല്ലാത്ത താരങ്ങളെ ടീമില്‍ നിന്ന് പുറത്താക്കുന്നതിന് പകരം വിശ്രമം അനുവദിക്കുന്നതിനെതിരെ ഇന്ത്യന്‍ മുന്‍ പേസർ വെങ്കടേഷ് പ്രസാദ്(Venkatesh Prasad). ഫോം നഷ്ടമായപ്പോള്‍ സൗരവ് ഗാംഗുലിയും വീരേന്ദർ സെവാഗും യുവ്‍രാജ് സിംഗും സഹീർ ഖാനും ഹർഭജന്‍ സിംഗും എല്ലാം ടീമിന് പുറത്തിരുന്നിട്ടുണ്ടെന്നും ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാണിച്ച് ഇവരെല്ലാം മടങ്ങിയെത്തുകയായിരുന്നു എന്നും വെങ്കടേഷ് പ്രസാദ് പറഞ്ഞു.
ഇംഗ്ലണ്ട് പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിനായി നായകന്‍ രോഹിത് ശർമ്മയും മുന്‍ നായകന്‍ വിരാട് കോലിയും മോശം പ്രകടനം നടത്തുകയാണ്. ഇവരെ പരാമർശിക്കാതെയാണ് വെങ്കടേഷ് പ്രസാദിന്‍റെ വിമർശനം. ഐപിഎല്ലിലും ഇരുവരും ഫോം ഔട്ടായിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷമുള്ള വിന്‍ഡീസ് പരമ്പരയിലെ മൂന്ന് ഏകദിനങ്ങളിലും രോഹിത്തിനും കോലിക്കും സെലക്ടർമാർ വിശ്രമം അനുവദിച്ചിട്ടുണ്ട്. ഇതിന് ശേഷം നടക്കുന്ന ടി20 പരമ്പരയില്‍ രോഹിത് കളിക്കുമെങ്കിലും വിരാട് കോലി വിശ്രമം ചോദിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകള്‍. ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്റ്റ് കൊവിഡ് മൂലം രോഹിത്തിന് നഷ്ടമായപ്പോള്‍ 24, 31, 11 എന്നിങ്ങനെയായിരുന്നു ടി20കളിലെ സ്കോറുകള്‍. അതേസമയം ടെസ്റ്റില്‍ 20, 11 ഉം ടി20കളില്‍ 1, 11 എന്നിങ്ങനെയായിരുന്നു കോലിയുടെ സ്കോർ.
'ഫോമിലല്ലെങ്കില്‍ പേരും പെരുമയും പോലും നോക്കാതെ താരങ്ങളെ പുറത്തിരുത്തുന്ന ഒരു കാലമുണ്ടായിരുന്നു. സൗരവ് ഗാംഗുലി, വീരേന്ദർ സെവാഗ്, യുവ്‍രാജ് സിംഗ്, സഹീർ ഖാന്‍, ഹർഭജന്‍ സിംഗ് എന്നിവരെല്ലാം ഫോമിലല്ലാത്തപ്പോള്‍ ടീമിന് പുറത്തായിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങി റണ്‍സ് കണ്ടെത്തിയ ശേഷമാണ് ഇവരെല്ലാം തിരിച്ച് ദേശീയ ടീമില്‍ മടങ്ങിയെത്തിയത്. എന്നാല്‍ ഈ രീതിയിപ്പോള്‍ മാറി. ഫോമിലല്ലാത്ത താരങ്ങളെ വിശ്രമത്തിന് അയക്കുകയാണ് ഇപ്പോള്‍. ഇത് മുന്നോട്ടുള്ള പാതയല്ല. ഏറെ പ്രതിഭകളുള്ള രാജ്യത്ത് പേരും പെരുമയും നോക്കി മാത്രം ആരെയും കളിപ്പിക്കരുത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച മാച്ച് വിന്നർമാരില്‍ ഒരാളായ അനില്‍ കുംബ്ലെ പോലും ടീമിനായി പല അവസരങ്ങളിലും പുറത്തിരുന്നിട്ടുണ്ട്' എന്നും വെങ്കടേഷ് പ്രസാദ് ട്വീറ്റ് ചെയ്തു.
കോലിയെ വിമർശിച്ച് അജയ് ജഡേജ
താനായിരുന്നു ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കുന്നതെങ്കില്‍ വിരാട് കോലിയെ അന്തിമ ഇലവനില്‍ കളിപ്പിക്കില്ലെന്ന് മുന്‍ ഇന്ത്യന്‍താരം അജയ് ജഡേജ കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. 'രാജ്യാന്തര സെഞ്ചുറികളില്ലാത്തതിന്‍റെ പേരിലല്ല കോലിയെ ടി20 ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന് പറയുന്നത്. ഇന്ത്യന്‍ ടീമിന്‍റെ പുതിയ ബാറ്റിംഗ് സമീപനം കോലിയുടെ ശൈലിയോട് യോജിക്കാത്തതുകൊണ്ടാണ്. ഞാനായിരുന്നു കോലിയുടെ സ്ഥാനത്തെങ്കില്‍ ഒരുപക്ഷെ ടെസ്റ്റിലും കളിക്കില്ലായിരുന്നു. കഴിഞ്ഞ എട്ടോ പത്തോ കളിയെടുത്താല്‍ കോലി സെഞ്ചുറിയൊന്നും നേടിയിട്ടില്ലെന്ന് നമുക്കറിയാം. പക്ഷെ ആ കാരണം കൊണ്ട് മാത്രം കോലിയെ ഒഴിവാക്കാനാവില്ല.
പക്ഷെ പുതിയ ബാറ്റിംഗ് സമീപനത്തില്‍ കോലിയെ കളിപ്പിക്കണോ എന്നത് ഇന്ത്യന്‍ ടീം മാനേജ്മെന്‍റാണ് തീരുമാനിക്കേണ്ടത്. ബാറ്റിംഗ് ഓര്‍ഡറില്‍ നിലയുറപ്പിച്ചശേഷം ആക്രമിക്കുന്ന പഴയശൈലി വേണോ ആദ്യ പന്തു മുതല്‍ ആക്രമിക്കുന്ന പുതിയ ശൈലി വേണോ എന്നതാണ് ചോദ്യം. ഏത് വേണമെന്ന് ടീം മാനേജ്മെന്‍റാണ് തീരുമാനിക്കേണ്ടത്. താനായിരുന്നെങ്കില്‍ എന്തായാലും കോലിയെ ഒഴിവാക്കും' എന്നും അജയ് ജഡേജ പറഞ്ഞു.
സൂര്യകുമാർ വെടിക്കെട്ടിന് സാക്ഷിയായി സാക്ഷാല്‍ ധോണി; ചിത്രം പങ്കുവെച്ച് രവി ശാസ്ത്രി
