SL vs AUS : വിറച്ച് ഒടുവില്‍ ജയിച്ചു, ലങ്കയോട് വന്‍ നാണക്കേടില്‍ നിന്ന് രക്ഷപ്പെട്ട് ഓസീസ്

Published : Jun 24, 2022, 09:20 PM ISTUpdated : Jun 24, 2022, 09:30 PM IST
SL vs AUS : വിറച്ച് ഒടുവില്‍ ജയിച്ചു, ലങ്കയോട് വന്‍ നാണക്കേടില്‍ നിന്ന് രക്ഷപ്പെട്ട് ഓസീസ്

Synopsis

കുഞ്ഞന്‍ വിജയലക്ഷ്യമാണ് ലങ്ക മുന്നോട്ടുവെച്ചതെങ്കിലും മറുപടി ബാറ്റിംഗില്‍ ദയനീയമായിരുന്നു ഓസീസിന്‍റെ കാര്യവും

കൊളംബോ: ശ്രീലങ്കയ്ക്ക് എതിരായ അഞ്ചാമത്തെയും അവസാനത്തേയും ഏകദിനത്തില്‍(Sri Lanka vs Australia 5th ODI) വിറച്ചെങ്കിലും ഒടുവില്‍ ജയിച്ച് ഓസ്ട്രേലിയ. 161 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങി ഒരവസരത്തില്‍ 19-3 എന്ന നിലയില്‍ പതറിയ ശേഷമാണ് നാല് വിക്കറ്റിന് ഓസീസ് ജയിച്ചത്. 39.3 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് ജയത്തിലെത്തി. അലക്സ് ക്യാരിയും(Alex Carey) മാർനസ് ലബുഷെയ്നുമാണ്(Marnus Labuschagne) ഓസീസിന് നിർണായകമായത്. നേരത്തെ ലങ്ക പരമ്പര ഉറപ്പിച്ചെങ്കിലും ഇന്നത്തെ ജയത്തോടെ 3-2ന് സീരീസ് അവസാനിപ്പിക്കാന്‍ സന്ദർശകർക്കായി. 

ഓസീസിനും ബാറ്റിംഗ് തകർച്ച

കുഞ്ഞന്‍ വിജയലക്ഷ്യമാണ് ലങ്ക മുന്നോട്ടുവെച്ചതെങ്കിലും മറുപടി ബാറ്റിംഗില്‍ ദയനീയമായിരുന്നു ഓസീസിന്‍റെ കാര്യവും. ആരോണ്‍ ഫിഞ്ചിനെ അക്കൗണ്ട് തുറക്കും മുമ്പേ മഹീഷ് തീക്ഷ്ന പുറത്താക്കിയതില്‍ തുടങ്ങി പതനം. തൊട്ടുപിന്നാലെ മറ്റൊരു ഓപ്പണർ ഡേവിഡ് വാർണർ 8 പന്തില്‍ 10 റണ്‍സെടുത്തും അരങ്ങേറ്റക്കാരന്‍ ജോഷ് ഇന്‍ഗ്ലിസ് 10 പന്തില്‍ 5 റണ്‍സെടുത്തും മടങ്ങി. ഇതോടെ ഓസീസ് 5.2 ഓവറില്‍ 19-3 എന്ന സ്കോറില്‍ പരുങ്ങി. മാർനസ് ലബുഷെയ്നെ കൂട്ടുപിടിച്ചുള്ള മിച്ചല്‍ മാർഷിന്‍റെ ശ്രമവും വിജയിച്ചില്ല. 50 പന്തില്‍ 24 റണ്‍സെടുത്ത മാർഷിനെ പ്രമോദ് മദുഷന്‍ പുറത്താക്കി. 

മാർനസ് ലബുഷെയ്ന്‍-അലക്സ് ക്യാരി സഖ്യമാണ് ഓസീസിനെ കരകയറ്റിയത്. ലബുഷെയ്ന്‍ 58 പന്തില്‍ 31 ഉം പിന്നാലെ ഗ്ലെന്‍ മാക്സ്വെല്‍ 17 പന്തില്‍ 16ഉം റണ്‍സെടുത്ത് ദനിത് വെല്ലലാഗെയ്ക്ക് കീഴടങ്ങി. എങ്കിലും കാമറൂണ്‍ ഗ്രീനിനെ കൂട്ടുപിടിച്ച് അലക്സ് ക്യാരി കങ്കാരുക്കളെ ജയിപ്പിച്ചു. ക്യാരി 65 പന്തില്‍ 45* ഉം ഗ്രീന്‍ 26 പന്തില്‍ 25* ഉം റണ്‍സുമായി പുറത്താകാതെ നിന്നു. 

ലങ്കയും സംഭവബഹുലം  

നേരത്തെ ശ്രീലങ്കയെ ബൗളിം​ഗ് കരുത്തുകൊണ്ട് വരിഞ്ഞുമുറുക്കി ഓസ്ട്രേലിയ. കൊളംബോയില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ലങ്ക 43.1 ഓവറില്‍ വെറും 160 റണ്‍സില്‍ പുറത്തായി. 85 റണ്‍സിന് എട്ട് വിക്കറ്റ് നഷ്ടമായ ആതിഥേയരെ 9-ാം വിക്കറ്റില്‍ അപ്രതീക്ഷിത കൂട്ടുകെട്ട് കാഴ്ചവെച്ച ചാമിക കരുണരത്നെയും പ്രമോദ് മദുഷനുമാണ്(Chamika Karunaratne- Pramod Madushan) വമ്പന്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. ചാമിക തകർപ്പന്‍ ഫിഫ്റ്റി(75 പന്തില്‍ 75) നേടി. ഓസീസിനായി ഹേസല്‍വുഡും ക്യുനൊമാന്നും കമ്മിന്‍സും രണ്ട് വീതം വിക്കറ്റ് നേടി.  

ഓസീസ് സ്റ്റാർ പേസർ ജോഷ് ഹേസല്‍വുഡ് തുടക്കത്തിലെ ആഞ്ഞടിച്ചപ്പോള്‍ ലങ്ക പ്രതിരോധത്തിലായി. നാല് പന്തില്‍ 2 റണ്‍സെടുത്ത പാതും നിസങ്കയെയും 14 പന്തില്‍ 8 റണ്‍സ് നേടിയ ധനുഷ് ഗുണതിലകയേയും ഹേസല്‍വുഡ് ഡ്രസിംഗ് റൂമിലേക്ക് മടക്കി. 11 പന്തില്‍ 6 റണ്‍സുമായി ദിനേശ് ചാന്ദിമല്‍, പാറ്റ് കമ്മിന്‍സിന്‍റെ പന്തില്‍ ആരോണ്‍ ഫിഞ്ചിന്‍റെ കൈകളില്‍ അവസാനിച്ചു. ചരിത് അസലങ്കയെ 14ല്‍ നില്‍ക്കേ മാക്സ്വെല്ലും ക്യുനൊമാന്നും ചേർന്ന് റണ്ണൌട്ടാക്കി. മൂന്നാമനും വിക്കറ്റ് കീപ്പറുമായ കുശാല്‍ മെന്‍ഡിസ് പൊരുതാന്‍ നോക്കിയെങ്കിലും ഏശിയില്ല. മാക്സി പുറത്താക്കുമ്പോള്‍ മെന്‍ഡിസിനുണ്ടായിരുന്നത് 40 പന്തില്‍ 26 റണ്‍സ്. 

ദനിത് വെല്ലലാഗെ(4 പന്തില്‍ 2), ക്യാപ്റ്റന്‍ ദാഷുന്‍ ശനക(3 പന്തില്‍ 1), ജെഫ്രി വാന്‍ഡെർസെ(23 പന്തില്‍ 4) എന്നിവരും മടങ്ങിയതോടെ ലങ്ക 24.2 ഓവറില്‍ 85-8. എന്നാല്‍ എട്ടാമന്‍ ചാമിക കരുണരത്നെയും പത്താമന്‍ പ്രമോദ് മദുഷനും ചേർന്ന് 9-ാം വിക്കറ്റില്‍ അപ്രതീക്ഷിത പോരാട്ടം നടത്തി. ഇരുവരും 25-ാം ഓവറില്‍ നിന്ന് മത്സരം 42-ാം ഓവറിലേക്ക് നീട്ടി. 52 പന്ത് നേരിട്ട് 15 റണ്‍സെടുത്ത പ്രമോദിനെ 42-ാം ഓവറിലെ ആദ്യ പന്തില്‍ കാമറൂണ്‍ ഗ്രീന്‍ റിട്ടേണ്‍ ക്യാച്ചില്‍ മടക്കിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ഒരു ഓവറിന്‍റെ ഇടവേളയില്‍ കരുണരത്നെയെ(75 പന്തില്‍ 75) കമ്മിന്‍സ് മടക്കിയതോടെ ലങ്കന്‍ ഇന്നിംഗ്സ് അവസാനിച്ചു. കരുണരത്നെയുടെ ആദ്യ ഏകദിന ഫിഫ്റ്റിയാണിത്. 

SL vs AUS : ചാമിക കരുണരത്നെയുടെ വിസ്മയ പോരാട്ടം മാത്രം തുണ; ലങ്ക 160ല്‍ പുറത്ത്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'മുമ്പും വൈസ് ക്യാപ്റ്റനെ മാറ്റിയിട്ടുണ്ട്'; സഞ്ജു സാംസണ് വേണ്ടി വാദിച്ച് മുഹമ്മദ് കൈഫ്
ഗില്ലിന് പകരം സഞ്ജു സാംസണ്‍ വരുമോ? ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടി20, സാധ്യതാ ഇലവന്‍