
കൊളംബോ: അഞ്ചാം ഏകദിനത്തില്‍(SL vs AUS 5th ODI) ശ്രീലങ്കയെ ബൗളിംഗ് കരുത്തുകൊണ്ട് വരിഞ്ഞുമുറുക്കി ഓസ്ട്രേലിയ. കൊളംബോയില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ലങ്ക 43.1 ഓവറില്‍ വെറും 160 റണ്‍സില്‍ പുറത്തായി. 85 റണ്‍സിന് എട്ട് വിക്കറ്റ് നഷ്ടമായ ആതിഥേയരെ 9-ാം വിക്കറ്റില്‍ അപ്രതീക്ഷിത കൂട്ടുകെട്ട് കാഴ്ചവെച്ച ചാമിക കരുണരത്നെയും പ്രമോദ് മദുഷനുമാണ്(Chamika Karunaratne- Pramod Madushan) വമ്പന്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. ചാമിക തകർപ്പന്‍ ഫിഫ്റ്റി(75 പന്തില്‍ 75) നേടി. ഓസീസിനായി ഹേസല്‍വുഡും ക്യുനൊമാന്നും കമ്മിന്‍സും രണ്ട് വീതം വിക്കറ്റ് നേടി.
ഓസീസ് സ്റ്റാർ പേസർ ജോഷ് ഹേസല്‍വുഡ് തുടക്കത്തിലെ ആഞ്ഞടിച്ചപ്പോള്‍ ലങ്ക പ്രതിരോധത്തിലായി. നാല് പന്തില്‍ 2 റണ്‍സെടുത്ത പാതും നിസങ്കയെയും 14 പന്തില്‍ 8 റണ്‍സ് നേടിയ ധനുഷ് ഗുണതിലകയേയും ഹേസല്‍വുഡ് ഡ്രസിംഗ് റൂമിലേക്ക് മടക്കി. 11 പന്തില്‍ 6 റണ്‍സുമായി ദിനേശ് ചാന്ദിമല്‍, പാറ്റ് കമ്മിന്‍സിന്‍റെ പന്തില്‍ ആരോണ്‍ ഫിഞ്ചിന്‍റെ കൈകളില്‍ അവസാനിച്ചു. ചരിത് അസലങ്കയെ 14ല്‍ നില്‍ക്കേ മാക്സ്വെല്ലും ക്യുനൊമാന്നും ചേർന്ന് റണ്ണൌട്ടാക്കി. മൂന്നാമനും വിക്കറ്റ് കീപ്പറുമായ കുശാല്‍ മെന്‍ഡിസ് പൊരുതാന്‍ നോക്കിയെങ്കിലും ഏശിയില്ല. മാക്സി പുറത്താക്കുമ്പോള്‍ മെന്‍ഡിസിനുണ്ടായിരുന്നത് 40 പന്തില്‍ 26 റണ്‍സ്.
ദനിത് വെല്ലലാഗെ(4 പന്തില്‍ 2), ക്യാപ്റ്റന്‍ ദാഷുന്‍ ശനക(3 പന്തില്‍ 1), ജെഫ്രി വാന്‍ഡെർസെ(23 പന്തില്‍ 4) എന്നിവരും മടങ്ങിയതോടെ ലങ്ക 24.2 ഓവറില്‍ 85-8. എന്നാല്‍ എട്ടാമന്‍ ചാമിക കരുണരത്നെയും പത്താമന്‍ പ്രമോദ് മദുഷനും ചേർന്ന് 9-ാം വിക്കറ്റില്‍ അപ്രതീക്ഷിത പോരാട്ടം നടത്തി. ഇരുവരും 25-ാം ഓവറില്‍ നിന്ന് മത്സരം 42-ാം ഓവറിലേക്ക് നീട്ടി. 52 പന്ത് നേരിട്ട് 15 റണ്‍സെടുത്ത പ്രമോദിനെ 42-ാം ഓവറിലെ ആദ്യ പന്തില്‍ കാമറൂണ്‍ ഗ്രീന്‍ റിട്ടേണ്‍ ക്യാച്ചില്‍ മടക്കിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ഒരു ഓവറിന്‍റെ ഇടവേളയില്‍ കരുണരത്നെയെ(75 പന്തില്‍ 75) കമ്മിന്‍സ് മടക്കിയതോടെ ലങ്കന്‍ ഇന്നിംഗ്സ് അവസാനിച്ചു. കരുണരത്നെയുടെ ആദ്യ ഏകദിന ഫിഫ്റ്റിയാണിത്.
Ranji Trophy Final : രണ്ട് ശതകം, മുംബൈക്ക് ശക്തമായ മറുപടിയുമായി മധ്യപ്രദേശ്; ലീഡിനരികെ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!