NZW vs INDW : മന്ഥാന, ഹര്‍മന്‍പ്രീത്, മിതാലി ബാറ്റിംഗ് ഷോ; ഇന്ത്യന്‍ വനിതകള്‍ക്ക് കാത്തിരുന്ന ജയം

Published : Feb 24, 2022, 10:55 AM ISTUpdated : Feb 24, 2022, 11:06 AM IST
NZW vs INDW : മന്ഥാന, ഹര്‍മന്‍പ്രീത്, മിതാലി ബാറ്റിംഗ് ഷോ; ഇന്ത്യന്‍ വനിതകള്‍ക്ക് കാത്തിരുന്ന ജയം

Synopsis

252 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യന്‍ വനിതകള്‍ക്ക് ഷെഫാലി വര്‍മ്മയെ അഞ്ചാം ഓവറില്‍ നഷ്‌ടമായെങ്കിലും വെല്ലുവിളിയായില്ല

ക്വീന്‍സ്‌ടൗണ്‍: ന്യൂസിലന്‍ഡ് വനിതകള്‍ക്കെതിരായ ഏകദിന പരമ്പരയില്‍ (NZW vs INDW) ഇന്ത്യന്‍ വനിതകള്‍ക്ക് ആശ്വാസ ജയം. പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തേയും ഏകദിനത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ (India Women's Cricket team) ജയം. ഓപ്പണര്‍ സ്‌മൃതി മന്ഥാനയുടെയും (Smriti Mandhana) ഫോമിലേക്ക് മടങ്ങിയെത്തിയ ഹര്‍മന്‍പ്രീത് കൗറിന്‍റെയും (Harmanpreet Kaur) ക്യാപ്റ്റന്‍ മിതാലി രാജിന്‍റേയും (Mithali Raj) അര്‍ധ സെഞ്ചുറികളാണ് ജയമൊരുക്കിയത്. സ്‌കോര്‍ ന്യൂസിലന്‍ഡ്: 251-9 (50 Ov), ഇന്ത്യ 255-4 (46 Ov)

252 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യന്‍ വനിതകള്‍ക്ക് ഷെഫാലി വര്‍മ്മയെ അഞ്ചാം ഓവറില്‍ നഷ്‌ടമായെങ്കിലും വെല്ലുവിളിയായില്ല. 9 റണ്‍സെടുത്ത ഷെഫാലിയെ ഹെയ്‌ലി ജെന്‍സന്‍ പുറത്താക്കുകയായിരുന്നു. ദീപ്‌തി ശര്‍മ്മയ്‌ക്ക് 41 പന്തില്‍ 21 റണ്‍സെടുക്കാനേയായുള്ളൂ. ഫ്രാന്‍ ജൊനാസിനായിരുന്നു വിക്കറ്റ്. എന്നാല്‍ ഒരറ്റത്ത് നിലയുറപ്പിച്ച സ്‌മൃതി മന്ഥാന 84 പന്തില്‍ 71 റണ്‍സുമായി തിളങ്ങി. മന്ഥാനയെ അമേലിയ കേര്‍ പുറത്താക്കുമ്പോള്‍ ടീം സ്‌കോര്‍ 150 പിന്നിട്ടിരുന്നു. 

ട്രാക്കില്‍ തിരിച്ചെത്തി ഹര്‍മന്‍ 

ഫോമില്ലായ്‌മയുടെ പേരില്‍ വിമര്‍ശനം നേരിടുന്ന മുന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിന്‍റെ ശക്തമായ തിരിച്ചുവരവാണ് പിന്നീട് കണ്ടത്. 43-ാം ഓവറില്‍ ഹന്ന റോ മടക്കുമ്പോള്‍ 66 പന്തില്‍ ആറ് ഫോറും ഒരു സിക്‌സറും സഹിതും 63 റണ്‍സുണ്ടായിരുന്നു ഹര്‍മന്. ഹര്‍മന്‍പ്രീത് പുറത്താകുമ്പോള്‍ ഇന്ത്യ വിജയതീരത്തിന് അടുത്തെത്തിയിരുന്നു. ഹര്‍മനൊപ്പം ക്യാപ്റ്റന്‍ മിതാലി രാജും അര്‍ധ സെഞ്ചുറി നേടി. 46-ാം ഓവറിലെ അവസാന പന്തില്‍ ബൗണ്ടറിയുമായി ഇന്ത്യന്‍ വനിതകള്‍ ജയമുറപ്പിച്ചപ്പോള്‍ മിതാലി 66 പന്തില്‍ 57 ഉം വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷ് എട്ട് പന്തില്‍ 7ഉം റണ്‍സുമായി പുറത്താകാതെ നിന്നു. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് വനിതകള്‍ വീണ്ടും അര്‍ധ സെഞ്ചുറി കണ്ടെത്തിയ അമേലിയ കേറിന്‍റെ മികവിലാണ് 50 ഓവറില്‍ 9 വിക്കറ്റിന് 251 എന്ന മോശമല്ലാത്ത സ്‌കോറിലെത്തിയത്. കേര്‍ 75 പന്തില്‍ 66 റണ്‍സെടുത്തു. ക്യാപ്റ്റന്‍ സോഫീ ഡിവൈന്‍ 34ഉം ലോറന്‍ ഡൗണും ഹെയ്‌ലി ജെന്‍സനും 30 വീതവും റണ്‍സെടുത്തു. ഓപ്പണര്‍ സൂസീ ബേറ്റ്സ് 17ല്‍ പുറത്തായി. വിക്കറ്റ് കീപ്പര്‍ കാറ്റി മാര്‍ട്ടിനും(15) തിളങ്ങാനായില്ല. ഇന്ത്യക്കായി ദീപ്‌തി ശര്‍മ്മയും സ്‌നേഹ് റാണയും രാജേശ്വരി ഗെയ്‌ക്‌വാദും രണ്ട് വീതവും മേഘ്‌ന സിംഗും പൂനം യാദവും ഓരോ വിക്കറ്റും വീഴ്‌ത്തി. 

ഇന്ത്യന്‍ വനിതകളുടെ ന്യൂസിലന്‍ഡ് പര്യടനത്തിലെ ആദ്യ ജയമാണിത്. ഏക ടി20 18 റണ്‍സിന് തോറ്റ ഇന്ത്യ ആദ്യ നാല് ഏകദിനങ്ങളും കൈവിട്ടിരുന്നു. ആദ്യ ഏകദിനം 62 റണ്‍സിനും രണ്ടാമത്തെതും മൂന്നാമത്തേതും 3 വിക്കറ്റിനും നാലാം ഏകദിനം 63 റണ്‍സിനും തോല്‍ക്കുകയായിരുന്നു. 

IND vs SL : ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത; തിരിച്ചുവരവിന് പൂർണ സജ്ജനെന്ന് രവീന്ദ്ര ജഡേജ

PREV
Read more Articles on
click me!

Recommended Stories

റണ്‍വേട്ടയില്‍ റെക്കോര്‍ഡിട്ട് രോഹിത്, 20000 ക്ലബ്ബില്‍, സച്ചിനും കോലിക്കും ദ്രാവിഡിനും പിന്നില്‍ നാലാമത്
റിവ്യു എടുക്കാന്‍ രാഹുലിനോട് കെഞ്ചി കുല്‍ദീപ്, ചിരിയടക്കാനാവാതെ തിരിച്ചയച്ച് രോഹിത്-വീഡിയോ