മന്ഥാനയ്ക്ക് സെഞ്ചുറി നഷ്ടം, ഇന്ത്യന്‍ വനിതകളുടെ അർധസെഞ്ചുറിമേളം; ഇംഗ്ലണ്ട് വനിതകള്‍ക്കെതിരെ വമ്പന്‍ ജയം

Published : Sep 18, 2022, 10:32 PM ISTUpdated : Sep 18, 2022, 10:35 PM IST
മന്ഥാനയ്ക്ക് സെഞ്ചുറി നഷ്ടം, ഇന്ത്യന്‍ വനിതകളുടെ അർധസെഞ്ചുറിമേളം; ഇംഗ്ലണ്ട് വനിതകള്‍ക്കെതിരെ വമ്പന്‍ ജയം

Synopsis

ഓപ്പണർ സ്‍മൃതി മന്ഥാനയ്ക്ക് 9 റണ്‍സ് അകലെ സെഞ്ചുറി നഷ്ടമായി, മറ്റ് രണ്ട് താരങ്ങള്‍ക്കും ഫിഫ്റ്റി

ഹോവ്: ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്‍റെ ആവേശ ജയത്തുടക്കം. ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 228 റണ്‍സ് വിജയലക്ഷ്യം വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 44.2 ഓവറില്‍ ഇന്ത്യന്‍ വനിതകള്‍ നേടി. ഓപ്പണർ സ്‍മൃതി മന്ഥാനയ്ക്ക് 9 റണ്‍സ് അകലെ സെഞ്ചുറി നഷ്ടമായപ്പോള്‍ വിക്കറ്റ് കീപ്പർ യാസ്തിക ഭാട്യ, ക്യാപ്റ്റന്‍ ഹർമന്‍പ്രീത് കൗർ എന്നിവരും അർധസെഞ്ചുറി നേടി. ഹർമന്‍പ്രീത് കൗർ 93 പന്തില്‍ 68* ഉം ഹർലീന്‍ ഡിയോള്‍ 20 പന്തില്‍ 6* ഉം റണ്‍സുമായി പുറത്താകാതെ നിന്നു. 

സ്‍മൃതി മന്ഥാനയ്ക്കൊപ്പം ഓപ്പണർ ഷെഫാലി വർമ്മ(6 പന്തില്‍ 1), വിക്കറ്റ് കീപ്പർ യാസ്തിക ഭാട്യ(47 പന്തില്‍ 50) എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. ഷെഫാലിയെ ഇന്നിംഗ്സിലെ രണ്ടാം ഓവറിലെ മൂന്നാം പന്തില്‍ കേറ്റ് ക്രോസ് പുറത്താക്കുകയായിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ 96 റണ്‍സിന്‍റെ കൂട്ടുകെട്ടുമായി സ്മൃതിയും യാസ്തികയും ഇന്ത്യക്ക് അടിത്തറ പാകി. ടീം സ്കോർ 99ല്‍ നില്‍ക്കേ യാസ്തികയെ ഷാർലറ്റ് ഡീന്‍ മടക്കിയപ്പോള്‍ മൂന്നാം വിക്കറ്റില്‍ 99 റണ്‍സിന്‍റെ കൂട്ടുകെട്ട് മന്ഥാനയും കൗറും സ്ഥാപിച്ചു. 99 പന്തില്‍ 91 റണ്‍സെടുത്ത് നില‍ക്കേ മന്ഥാനയെ ക്രോസ് പുറത്താക്കിയത് മാത്രമാണ് നേരിയ നിരാശ പിന്നീട് സമ്മാനിച്ചത്. 

നേരത്തെ തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം ഡാനിയേല വ്യാറ്റ്, സോഫീ എക്കിള്‍സ്റ്റണ്‍, അലീസ് ഡേവിഡ്സണ്‍, ഷാർലറ്റ് ഡീന്‍ എന്നിവരുടെ ബാറ്റിംഗില്‍ തിരിച്ചെത്തിയ ഇംഗ്ലണ്ട് 50 ഓവറില്‍ ഏഴ് വിക്കറ്റിന് 227 റണ്‍സെടുക്കുകയായിരുന്നു. 50 റണ്‍സെടുത്ത അലീസാണ് ടോപ് സ്കോറർ. ഇന്ത്യന്‍ വനിതകള്‍ക്കായി ദീപ്തി ശർമ്മ രണ്ടും ജൂലന്‍ ഗോസ്വാമിയും മേഘ്ന സിംഗും രാജേശ്വരി ഗെയ്‍ക്വാദും സ്നേഹ് റാണയും ഹർലീന്‍ ഡിയോളും ഓരോ വിക്കറ്റും വീഴ്‍ത്തി.  

സ്കോർ ബോർഡില്‍ 8.4 ഓവറില്‍ 21 റണ്‍സ് ചേർക്കുന്നതിനിടെ ഓപ്പണർമാരായ എമ്മ ലാംബും ടാമി ബ്യൂമോണ്ടും പുറത്തായി. 26 പന്തില്‍ 12 റണ്‍സ് മാത്രം നേടിയ എമ്മയെ മേഘ്ന സിംഗ്, യാസ്തിക ഭാട്യയുടെ കൈകളിലെത്തിക്കുകയായിരുന്നു. 21 പന്തില്‍ ഏഴ് റണ്‍സ് നേടിയ ടാമിയെ മടക്കിയത് കരിയറിലെ അവസാന പരമ്പര കളിക്കുന്ന ജൂലന്‍ ഗോസ്വാമിയും. പിന്നാലെ 28 പന്തില്‍ 19 റണ്‍സുമായി അലീസ് കാപ്സി, സ്നേഹ് റാണയുടെ ബോളിലും സോഫിയ ഡംക്ലി 52 പന്തില്‍ 29 റണ്ണുമായി ഹർലീന്‍ ഡിയോളിന്‍റെ ബോളിലും പുറത്തായതോടെ ഇന്ത്യ പിടിമുറുക്കി. ഇംഗ്ലണ്ട് 24.3 ഓവറില്‍ 88-4 എന്ന നിലയിലായിരുന്നു ഈസമയം. 

ഇംഗ്ലണ്ടിന് ആറ് റണ്‍സ് കൂട്ടിച്ചേർക്കുന്നതിനിടെ അടുത്ത വിക്കറ്റ് വീണു. ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ഏമി ജോണ്‍സിന് വെറും 10 പന്തുകളുടെ ആയുസേ രാജേശ്വരി ഗെയ്‍ക്വാദ് നല്‍കിയുള്ളൂ. മൂന്ന് റണ്ണുമായി ഏമി ബൗള്‍ഡാവുകയായിരുന്നു. ഇതിനിടെ 50 പന്തില്‍ 43 റണ്‍സെടുത്ത ഡാനിയേല വ്യാറ്റിന്‍റെ പോരാട്ടം ഇംഗ്ലണ്ടിനെ തുണച്ചു. ദീപ്തി ശർമ്മയ്ക്കായിരുന്നു വിക്കറ്റ്. പിന്നാലെ സോഫീ എക്കിള്‍സ്റ്റണും അലീസ് ഡേവിഡ്സണും നടത്തിയ രക്ഷാപ്രവർത്തനമാണ് ഇംഗ്ലണ്ട് വനിതകളെ 150 കടത്തിയത്. എക്കിള്‍സ്റ്റണ്‍ 33 പന്തില്‍ 31 റണ്‍സുമായി ദീപ്തിക്ക് മുന്നില്‍ കീഴടങ്ങിയെങ്കിലും അവസാന ഓവറില്‍ അർധ സെഞ്ചുറി തികച്ച അലീസ് ഇംഗ്ലണ്ടിനെ 200 കടത്തി. അലീസ് 61 പന്തില്‍ 50* ഉം ഷാർലറ്റ് ഡീന്‍ 21 പന്തില്‍ 24* ഉം റണ്‍സുമായി പുറത്താകാതെ നിന്നു.  

ആകാശനീലയിലേക്ക് തിരികെ; ഭാഗ്യനിറവുമായി ബിസിസിഐയുടെ പുതിയ ജേഴ്സി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'രാജീവിനെ കുറ്റപ്പെടുത്തി സംസാരിക്കുന്നത് ശരിയല്ല'; കേരള സ്‌ട്രൈക്കേഴ്‌സില്‍ കളിക്കാത്തതുമായ ബന്ധപ്പെട്ട വിവാദത്തില്‍ ഉണ്ണി മുകുന്ദന്‍
'പ്രധാനമന്ത്രി കഴിഞ്ഞാല്‍ ഏറ്റവും കടുപ്പമേറിയ ജോലി ചെയ്യുന്ന വ്യക്തി'; ഗംഭീറിനെ വാഴ്ത്തി ശശി തരൂര്‍