
ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ റെയില്‍വേസിനെതിരെ കേരളത്തിനായി സെഞ്ചുറി നേടിയതിന് പിന്നലെ സഞ്ജു സാംസണെ വാഴ്ത്തി സോഷ്യല്‍ മീഡിയ. അഞ്ചാമനായി ക്രീസിലെത്തിയ സഞ്ജു 139 പന്തില്‍ 128 റണ്‍സാണ് അടിച്ചെടുത്തത്. ഇതില്‍ ആറ് സിക്‌സും എട്ട് ഫോറുമുണ്ടായിരുന്നു. സഞ്ജു സെഞ്ചുറി നേടിയെങ്കിലും കേരളം 18 റണ്‍സിന് തോറ്റിന്നു. തോറ്റിരുന്നാല്‍ പോലും ഏഴ് മത്സരങ്ങളില്‍ 20 പോയിന്റുളള കേരളത്തിന് ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനക്കാരായി ക്വാര്‍ട്ടര്‍ ഫൈനലിന് യോഗ്യത നേടാനായി.
സഞ്ജു ക്രീസിലെത്തുമ്പോള്‍ 8.5 ഓവറില്‍ മൂന്നിന് 26 എന്ന പരിതാപകരമായ നിലയിലായിരുന്ന കേരളം. അഞ്ചാമനായി എത്തിയ ക്യാപ്റ്റന്‍ അവസാന ഓവറിലെ അഞ്ചാം പന്തിലാണ് മടങ്ങുന്നത്. ശ്രേയസ് ഗോപാല്‍ (53) മറ്റുള്ള താരങ്ങളില്‍ നിന്നൊന്നും സഞ്ജുവിന് പിന്തുണ ലഭിച്ചില്ല. പിന്തുണ ലഭിച്ചിരുന്നെങ്കില്‍ ഫലം മറ്റൊന്നായേനെ. എന്നിരുന്നാലും നിലവിലെ ചാംപ്യന്മാരായ സൗരാഷ്ട്ര, കരുത്തരായ മുംബൈ എന്നിവരെ മറികടന്ന് ഒന്നാമതെത്താന്‍ കേരളത്തിനായി.
വിജസ് ഹസാരെ ട്രോഫിയില്‍ ഈ സീസണില്‍ സഞ്ജുവിന്റെ ആദ്യ സെഞ്ചുറിയാണിത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന പരമ്പരയ്‌ക്കൊരുങ്ങുന്ന സഞ്ജുവിന് ഇന്നത്തെ പ്രകടനം ഏറെ ആത്മവിശ്വാസം നല്‍കും. ടീമിനെ വിജയത്തിലെത്തിക്കാന്‍ സഞ്ജുവിന് സാധിച്ചില്ലെങ്കിലും താരത്തെ വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ. എക്‌സില്‍ വന്ന ചില പോസ്റ്റുകള്‍ വായിക്കാം...
ചിക്കനഹള്ളി, കിനി സ്‌പോര്‍ട്‌സ് അറീന ഗ്രൗണ്ടില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തി റെയില്‍വേസ് 256 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. സഹാബ് യുവരാജ് സിംഗിന്റെ (136 പന്തില്‍ പുറത്താവാതെ 121) സെഞ്ചുറിയാണ് റെയില്‍വേസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ കേരളത്തിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുക്കാനാണ് സാധിച്ചത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഏഴ് മത്സരങ്ങളും പൂര്‍ത്തിയാക്കിയ കേരളം അഞ്ച് ജയത്തോടെ 20 പോയിന്റുമായി ഒന്നാമതാണ്. ഇതോടെ നോക്കൗട്ടും ഉറപ്പിച്ചു.