
ബുലവായോ: സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ വ്യക്തിഗത സ്‌കോര്‍ 367ല്‍ നില്‍ക്കെ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്ത ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ വിയാന്‍ മള്‍ഡറെ പ്രശംസിച്ചും വിമര്‍ശിച്ചും സോഷ്യല്‍ മീഡിയ. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന ബ്രയാന്‍ ലാറയുടെ റെക്കോര്‍ഡ് മറികടക്കാന്‍ മള്‍ഡര്‍ക്ക് അവസരമുണ്ടായിരുന്നു. എന്നാല്‍ രണ്ടാം ദിനം ഒന്നാം സെഷന്‍ അവസാനിച്ചതിന് പിന്നാലെ ദക്ഷിണാഫ്രിക്ക ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മള്‍ഡര്‍ തന്നെയാണ് ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റനും.
ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ അഞ്ചാമതാണിപ്പോള്‍ മള്‍ഡര്‍. ലാറ (400) ഒന്നാമത് തുടരുമ്പോള്‍ മുന്‍ ഓസ്‌ട്രേലിയന്‍ താരം മാത്യൂ ഹെയ്ഡന്‍ (380) രണ്ടാം സ്ഥാനത്ത്. 2004ല്‍ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു ലാറയുടെ നേട്ടം. ഹെയ്ഡന്‍ 2003ല്‍ സിംബാബ്‌വെക്കെതിരേയും. ലാറ തന്നെയാണ് മൂന്നാം സ്ഥാനത്ത്. 1994ല്‍ ഇംഗ്ലണ്ടിനെതിരെ അദ്ദേഹം 375 റണ്‍സ് നേടിയിരുന്നു. മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെ നാലാം സ്ഥാനത്ത്. 2006ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 374 റണ്‍സാണ് ജയവര്‍ധനെ അടിച്ചെടുത്തത്.
മള്‍ഡര്‍ എടുത്തത് ധീരമായ തീരുമാനമെന്ന് പറയുന്നവരുണ്ട്. അദ്ദേഹം വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടി കളിച്ചില്ലെന്ന് വാദിക്കുന്നവരും ഏറെ. എന്നാല്‍ ലാറയെ മറികടക്കണമായിരുന്നു എന്ന് പറയുന്നവരുമുണ്ട്. മൂന്ന് ദിവസവും രണ്ട് സെഷനും ബാക്കി നില്‍ക്കെ ഇത്തരമൊരു തീരുമാനമെടുത്തത് മണ്ടത്തരമാണെന്ന് മറ്റു ചിലരുടെ അഭിപ്രായം. ചില പ്രതികരണങ്ങള്‍.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ക്രിക്കറ്ററാണ് മള്‍ഡര്‍. മുന്‍ താരം ഹാഷിം ആംലയാണ് ട്രിപ്പിള്‍ സെഞ്ചുറി നേടിയ മറ്റൊരു ബാറ്റര്‍. 297 പന്തില്‍ നിന്നാണ് മള്‍ഡര്‍ ട്രിപ്പിള്‍ 300 നേടിയത്. വേഗമേറിയ രണ്ടാമത്തെ ട്രിപ്പിള്‍ സെഞ്ചുറി കൂടിയാണിത്. മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗിന്റെ പേരിലാണ് വേഗമേറിയ ട്രിപ്പിള്‍ സെഞ്ചുറി. 278 പന്തുകളില്‍ നിന്ന് സെവാഗ് ട്രിപ്പിള്‍ സെഞ്ചുറി നേടിയിട്ടുണ്ട്. 2008ല്‍ ചെന്നൈയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആയിരുന്നത്. ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ തന്നെ ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന ആദ്യ താരം കൂടിയാണ് മള്‍ഡര്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!