ധോണി വിരമിക്കാന്‍ സമയമായോ; നിലപാട് വ്യക്തമാക്കി ദാദ; ഇന്ത്യന്‍ ടീമിന് ഉപദേശവും

By Web TeamFirst Published Aug 27, 2019, 12:22 PM IST
Highlights

ഇന്ത്യക്കായി ഇനിയും മത്സരങ്ങള്‍ ജയിപ്പിക്കാനാകുമോയെന്ന് ധോണിയാണ് തിരിച്ചറിയേണ്ടതെന്ന് ഗുംഗുലി

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എം എസ് ധോണി വിരമിക്കാറായെന്ന് മുറവിളി കൂട്ടുന്ന ഒരുവിഭാഗം ആരാധകരുണ്ട്. എന്നാല്‍ ധോണിക്ക് ഇനിയും ഇന്ത്യന്‍ ടീമിനായി മത്സരങ്ങള്‍ ജയിപ്പിക്കാനാവും എന്ന് വിശ്വസിക്കുന്നവരുമേറെ. ഇക്കാര്യത്തില്‍ തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ നായകന്‍ സൗരവ് ഗാംഗുലി. 

കരിയറിന്‍റെ ഏത് ഘട്ടത്തിലാണ് താനുള്ളതെന്ന് ധോണി സ്വയം പരിശോധിക്കട്ടെ. ഇന്ത്യക്കായി ഇനിയും മത്സരങ്ങള്‍ ജയിപ്പിക്കാനാകുമോയെന്ന് ധോണിയാണ് തിരിച്ചറിയേണ്ടത്. ഇനിയും സംഭാവനകള്‍ നല്‍കാന്‍ കഴിയുമെങ്കില്‍ ധോണിക്ക് പകരവെക്കാന്‍ ആളില്ലെന്നും ദാദ പറഞ്ഞു. 

എന്നാല്‍ ധോണിക്ക് ശേഷമുള്ള ടീമിനെ കുറിച്ച് ചിന്തിക്കേണ്ടതുണ്ടെന്നും ദാദ പറഞ്ഞു. ധോണിക്ക് എല്ലാക്കാലവും കളിക്കാനാവില്ല. വിരമിക്കല്‍ തീരുമാനം പൂര്‍ണമായും ധോണിക്ക് വിട്ടുനല്‍കുക. എല്ലാ വമ്പന്‍ താരങ്ങള്‍ക്കും ഒരുനാള്‍ കളിക്കളം വിടേണ്ടിവരും. മറഡോണ, സച്ചിന്‍, ലാറ, ബ്രാഡ്‌മാന്‍ എന്നിവരൊക്കെ ഉദാഹരണം. ധോണിക്കും ആ ദിനം അനിവാര്യമാണ്. എത്രത്തോളം ഊര്‍ജം ബാക്കിയുണ്ടെന്ന് താരത്തിന് മാത്രമേ അറിയൂവെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.  

അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് രണ്ട് മാസത്തെ ഇടവേളയെടുത്തിരിക്കുന്ന ധോണിക്ക് പകരം ഋഷഭ് പന്താണ് വിന്‍ഡീസില്‍ ഇന്ത്യയുടെ വിക്കറ്റ് കാക്കുന്നത്. ഇന്ത്യക്കായി 350 ഏകദിനങ്ങള്‍ കളിച്ച ധോണി 50.6 ശരാശരിയില്‍ 10,773 റണ്‍സ് നേടിയിട്ടുണ്ട്. ടെസ്റ്റില്‍ നിന്ന് 2014ല്‍ ധോണി വിരമിച്ചിരുന്നു. 

click me!