വാംഖഡെയില്‍ അൽപം ടേൺ ലഭിക്കുകയാണെങ്കിൽ ജാക്സ് അപകടകാരിയാകും. ഏഴാം നമ്പറിൽ ബാറ്റ് ചെയ്യാനെത്തുന്ന ജാക്സിന്‍റെ സാന്നിധ്യം ഇംഗ്ലണ്ടിന് വലിയ പ്ലസ് പോയിന്‍റാണ്.
മുംബൈ: ടി20 ലോകകപ്പിന്‍റെ രണ്ടാം സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി മുന്‍ നായകന്‍ സുനിൽ ഗാവസ്കർ. ഇംഗ്ലീഷ് നിരയിൽ മിന്നും ഫോമിലുള്ള സ്പിന്‍ ഓള്‍ റൗണ്ടര്‍ വിൽ ജാക്സായിരിക്കും സെമിയില്‍ ഇന്ത്യയ്ക്ക് ഏറ്റവും വലിയ ഭീഷണിയാവുകയെന്ന് ഗവാസ്കര്‍ ചൂണ്ടിക്കാട്ടി. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ വ്യാഴാഴ്ചയാണ് ഇന്ത്യ-ഇംഗ്ലണ്ട് സെമി പോരാട്ടം.
ഈ ലോകകപ്പിൽ ഇതിനോടകം നാല് 'പ്ലെയർ ഓഫ് ദി മാച്ച്' പുരസ്കാരങ്ങൾ സ്വന്തമാക്കിയ താരമാണ് വിൽ ജാക്സ്. ഏഴ് മത്സരങ്ങളിൽ നിന്ന് 191 റൺസും ഏഴ് വിക്കറ്റുകളും ഇംഗ്ലണ്ട് ഓൾ റൗണ്ടര്‍ വീഴ്ത്തിയിട്ടുണ്ട്. വാംഖഡെയില്‍ അൽപം ടേൺ ലഭിക്കുകയാണെങ്കിൽ ജാക്സ് അപകടകാരിയാകും. ഏഴാം നമ്പറിൽ ബാറ്റ് ചെയ്യാനെത്തുന്ന ജാക്സിന്‍റെ സാന്നിധ്യം ഇംഗ്ലണ്ടിന് വലിയ പ്ലസ് പോയിന്‍റാണ്. ഇന്ത്യയ്ക്ക് ശിവം ദുബെ നൽകുന്ന ആ ആത്മവിശ്വാസം പോലെയാണിതെന്നും ചാംപ്സ് ഫൗണ്ടേഷന്‍റെ പരിപാടിക്കിടെ ഗാവസ്കർ പറഞ്ഞു.
വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ പുറത്താകാതെ 97 റൺസ് നേടി ഇന്ത്യയെ സെമിയിലെത്തിച്ച സഞ്ജു സാംസണും സൂര്യകുമാർ യാദവും ഹാർദിക് പാണ്ഡ്യയും അടമ്മുള്ള വലം കൈയന്‍ ബാറ്റര്‍മാര്‍ വിൽ ജാക്സിനെ എങ്ങനെ നേരിടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ സെമി വിജയം. സഞ്ജുവിന്‍റെ ഇപ്പോഴത്തെ ഫോം ടീമിന് വലിയ മുതൽക്കൂട്ടാണെന്നും ഗാവസ്കർ കൂട്ടിച്ചേർത്തു.1987-ലും 2016-ലും വാംഖഡെയിൽ നടന്ന സെമി ഫൈനലുകളിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. എന്നാൽ ഈ ചരിത്രഭാരം ഇപ്പോഴത്തെ ടീമിനെ ബാധിക്കില്ലെന്ന് ഗാവസ്കർ പറഞ്ഞു.
ഇത് പുതിയ കാലഘട്ടമാണ്, പുതിയ ടീമാണ്. അഹമ്മദാബാദിൽ നടക്കുന്ന ഫൈനലിലേക്ക് എത്താനുള്ള കരുത്ത് ഇന്ത്യക്കുണ്ട്. വെസ്റ്റ് ഇൻഡീസിനെതിരായ മത്സരം പോലെ തന്നെ ആവേശകരമായിരിക്കും ഇംഗ്ലണ്ടുമായുള്ള പോരാട്ടവും. ബാറ്റിംഗിലും ബൗളിംഗിലും മിഡിൽ ഓർഡറിലും ഇരുടീമുകളും ഒപ്പത്തിനൊപ്പമാണെന്നും സമ്മർദ്ദഘട്ടങ്ങളെ അതിജീവിക്കുന്നവർ വിജയമുറപ്പിക്കുമെന്നും ഗാവസ്കർ ഓർമ്മിപ്പിച്ചു.
