കുല്‍ദീപിനെയും ചാഹലിനെയും തിരിച്ചുവിളിക്കണം; കോലിയോട് സൗരവ് ഗാംഗുലി

By Web TeamFirst Published Sep 27, 2019, 6:59 PM IST
Highlights

അടുത്ത വര്‍ഷം ഓസ്‌ട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പ് മുന്‍നിര്‍ത്തി ഇരുവരെയും തിരിച്ചുവിളിക്കണമെന്നാണ് ദാദ ആവശ്യപ്പെട്ടത്

കൊല്‍ക്കത്ത: ടി20 ലോകകപ്പിന് മുന്‍പ് റിസ്റ്റ് സ്‌പിന്നര്‍മാരായ യുസ്‌വേന്ദ്ര ചാഹലിനെയും കുല്‍ദീപ് യാദവിനെയും ക്യാപ്റ്റന്‍ വിരാട് കോലി തിരിച്ചുവിളിക്കണമെന്ന് മുന്‍ നായകന്‍ സൗരവ് ഗാംഗുലി. ഇരുവരെയും ടീമില്‍ നിന്ന് ഒഴിവാക്കിയത് താല്‍ക്കാലികം മാത്രമാണെന്നാണ് വിശ്വാസമെന്നും അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പില്‍ കളിക്കുമെന്നാണ് പ്രതീക്ഷ എന്നും ദാദ വ്യക്തമാക്കി. 

ലോകകപ്പില്‍ കാര്യമായ മികവ് കാട്ടാനാവാതിരുന്ന ഇരുവരും വിന്‍ഡീസ് പര്യടനത്തില്‍ ഒരു ഏകദിനത്തില്‍ മാത്രമാണ് കളിച്ചത്. അവിടെയും ഇരുവര്‍ക്കും മികവിലേക്കെത്താനായില്ല. പിന്നീട് വിന്‍ഡീസിനെതിരായ ടി20യിലും ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ നിന്നും ഇരുവര്‍ക്കും സെലക്‌ടര്‍മാര്‍ വിശ്രമം നല്‍കുകയായിരുന്നു. 

'നിലവിലെ ഇന്ത്യന്‍ ടീം മികച്ചതാണ്. എന്നാല്‍ റിസ്റ്റ് സ്‌പിന്നര്‍മാരെ വിരാട് കോലി തിരിച്ചുവിളിക്കണം. മറ്റ് താരങ്ങള്‍ക്ക് അവസരം നല്‍കാന്‍ മാത്രമാണ് ചാഹലിന് വിശ്രമം അനുവദിച്ചത് എന്ന് വിശ്വസിക്കാനാണിഷ്‌ടം. ടി20യില്‍ ടീം ഇന്ത്യയുടെ അഭിവാജ്യഘടകമാണ് ചാഹല്‍. രണ്ട് ഇടംകൈയന്‍ സ്‌പിന്നര്‍മാരെ(രവീന്ദ്ര ജഡേജ, ക്രുനാല്‍ പാണ്ഡ്യ) ഒരുമിച്ച് കളിപ്പിക്കേണ്ട ആവശ്യമില്ല' എന്നും ടൈംസ് ഓഫ് ഇന്ത്യയില്‍ എഴുതിയ കോളത്തില്‍ സൗരവ് ഗാംഗുലി കുറിച്ചു. 

അടുത്ത വര്‍ഷം ഓസ്‌ട്രേലിയയിലാണ് ടി20 ലോകകപ്പ് നടക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയുടെ വിശ്വസ്‌ത സ്‌പിന്നര്‍മാരാണ്(പ്രത്യേകിച്ച് ടി20യില്‍) കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചാഹലും. ടി20യില്‍ കുല്‍ദീപ് 18 മത്സരങ്ങളില്‍ നിന്ന് 6.72 ഇക്കോണമിയില്‍ 35 വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ചാഹല്‍ എട്ട് ഇക്കോണമിയില്‍ 31 മത്സരങ്ങളില്‍ 46 വിക്കറ്റ് സ്വന്തമാക്കി. 

click me!