ആരും കണ്ടില്ലെങ്കിലും ഗാംഗുലി കാണും; അപൂര്‍വനേട്ടത്തില്‍ അശ്വിനെ അഭിനന്ദിച്ച് ദാദ

By Web TeamFirst Published Dec 25, 2019, 12:03 PM IST
Highlights

ആദ്യ അഞ്ചുപേരില്‍ ഇടം നേടിയ ഒരേയൊരു സ്പിന്നറും അശ്വിനാണ്. 535 വിക്കറ്റുമായി ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്സണ്‍ രണ്ടാം സ്ഥാനത്തും 525 വിക്കറ്റുമായി സ്റ്റുവര്‍ട്ട് ബ്രോഡ് മൂന്നാമതുമാണ്.

കൊല്‍ക്കത്ത: അപൂര്‍വ നേട്ടത്തില്‍ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിനെ അഭിനന്ദിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഈ ദശകത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളറെന്ന നേട്ടമാണ് അശ്വിന്‍ സ്വന്തമാക്കിയത്. 564 വിക്കറ്റുകളാണ് ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലുമായി കഴിഞ്ഞ 10 വര്‍ഷത്തിനിടെ അശ്വിന്‍ എറിഞ്ഞിട്ടത്. ഐസിസിയാണ് ട്വിറ്ററിലൂടെ ഈ ദശകത്തിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടിക പുറത്തുവിട്ടത്.

ആദ്യ അഞ്ചുപേരില്‍ ഇടം നേടിയ ഒരേയൊരു സ്പിന്നറും അശ്വിനാണ്. 535 വിക്കറ്റുമായി ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്സണ്‍ രണ്ടാം സ്ഥാനത്തും 525 വിക്കറ്റുമായി സ്റ്റുവര്‍ട്ട് ബ്രോഡ് മൂന്നാമതുമാണ്. 472 വിക്കറ്റുമായി ടിം സൗത്തി നാലാമതുള്ള പട്ടികയില്‍ 458 വിക്കറ്റുമായി ട്രെന്റ് ബോള്‍ട്ട് അഞ്ചാം സ്ഥാനത്തുണ്ട്. ഐസിസിയുടെ ട്വീറ്റീന് താഴെ അപൂര്‍വനേട്ടത്തില്‍ അശ്വിനെ അഭിനന്ദിച്ച് ആദ്യം രംഗത്തെത്തിയ ആള്‍ സൗരവ് ഗാംഗുലി ആയിരുന്നു. ഈ ദശകത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍, എന്തൊരു അസാമാന്യ പ്രകടനമാണത്. പലപ്പോഴും ആ പ്രകടനം ആരും കാണാതെ പോയി എന്ന് തോന്നിയിട്ടുണ്ട്.-ഗാംഗുലി കുറിച്ചു.

Most international wickets for ashwin this decade ⁦⁩ .. what an effort .. just get a Feeling it goes unnoticed at times .. super stuff .. pic.twitter.com/TYBCHnr0Ow

— Sourav Ganguly (@SGanguly99)

ചാഹല്‍-കുല്‍ദീപ് സഖ്യത്തിന്റെ വരവോടെ ഏകദിന, ടി20 ടീമുകളില്‍ നിന്ന് പുറത്തായ 33കാരനായ അശ്വിനെ ടെസ്റ്റില്‍ ഇന്ത്യയില്‍ നടക്കുന്ന പരമ്പരകളില്‍ മാത്രമാണ് ഇപ്പോള്‍ ഒന്നാം നമ്പര്‍ സ്പിന്നറായി ടീം മാനേജ്മെന്റ് പരിഗണിക്കുന്നത്. വിദേശ പരമ്പരകളില്‍ കുല്‍ദീപിനെയോ ജഡേജയെയോ ആണ് ടീം ഇപ്പോള്‍ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്താറുള്ളത്.

2017ലാണ് അശ്വിന്‍ അവസാനമായി ഇന്ത്യന്‍ ഏകദിന ടീമില്‍ കളിച്ചത്. ഈ അവഗണനക്കിടയിലും ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗം 300 വിക്കറ്റ് തികയ്ക്കുന്ന ബൗളറെന്ന നേട്ടം അശ്വിന്‍ സ്വന്തമാക്കിയിരുന്നു. 65 ടെസ്റ്റില്‍ 342 വിക്കറ്റ് വീഴ്ത്തിയിട്ടുള്ള അശ്വിന്‍ ടെസ്റ്റില്‍ അതിവേഗം 50, 100, 150, 200, 250, 300 വിക്കറ്റുകള്‍ തികച്ച ബൗളറുമാണ്.

click me!