ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പുതിയ മുഖ്യ പരിശീലകനായി സൗരവ് ഗാംഗുലി; യുവരാജും കോച്ചിംഗ് സ്റ്റാഫില്‍ ഉണ്ടായേക്കും

Published : Oct 06, 2026, 02:11 PM IST
Sourav Ganguly

Synopsis

ഐപിഎൽ 2027 സീസണിലേക്കുള്ള ഡൽഹി ക്യാപിറ്റൽസിന്റെ മുഖ്യ പരിശീലകനായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെ നിയമിച്ചു. മുൻ പരിശീലകൻ ഹേമംഗ് ബദാനിക്ക് പകരമാണ് ഗാംഗുലി ഈ സ്ഥാനത്തേക്ക് എത്തുന്നത്. മുൻ ഇന്ത്യൻ താരം യുവരാജ് സിംഗും ഡൽഹിയുടെ പരിശീലക സംഘത്തിൽ എത്തിയേക്കുമെന്ന് സൂചനയുണ്ട്.

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2027 സീസണിലേക്കുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിന്റെ മുഖ്യ പരിശീലകനായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ നിയമിച്ചു. ഫ്രാഞ്ചൈസിയില്‍ വിവിധ ചുമതലകളില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചതിന് ശേഷമാണ് അദ്ദേഹം ആദ്യമായി മുഖ്യ പരിശീലകന്റെ റോള്‍ ഏറ്റെടുക്കുന്നത്.

2019 മുതല്‍ ഡല്‍ഹി ക്യാപിറ്റല്‍സുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഗാംഗുലി, പുരുഷ-വനിതാ ടീമുകളുടെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ഉള്‍പ്പെടെയുള്ള വിവിധ പദവികള്‍ വഹിച്ചിട്ടുണ്ട്. ഐപിഎല്‍ ഫ്രാഞ്ചൈസിയില്‍ ഒരു മുഖ്യ പരിശീലകനായി അദ്ദേഹത്തിന്റെ ആദ്യ നിയമനമാണിത്. കഴിഞ്ഞ രണ്ട് സീസണുകളില്‍ പരിശീലകനായിരുന്ന ഹേമംഗ് ബദാനിക്ക് പകരമാണ് ഗാംഗുലി ഈ സ്ഥാനത്തേക്ക് എത്തുന്നത്. കൂടാതെ, ബോളിങ് കോച്ച് മുനാഫ് പട്ടേല്‍, ടീം ഡയറക്ടര്‍ വേണുഗോപാല്‍ റാവു, അസിസ്റ്റന്റ് കോച്ച് ഇയാന്‍ ബെല്‍ എന്നിവരെയും ടീം ഒഴിവാക്കിയിട്ടുണ്ട്. ഐപിഎല്‍ 2026ല്‍ ഡല്‍ഹി ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

ഗാംഗുലി തന്റെ പുതിയ കോച്ചിംഗ് സംഘത്തെ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിംഗും ഡല്‍ഹിയുടെ പരിശീലക സംഘത്തില്‍ ഒപ്പമുണ്ടായേക്കുമെന്ന് വ്യാപകമായ അഭ്യൂഹങ്ങളുണ്ട്. കഴിഞ്ഞ വര്‍ഷം സൗത്ത് ആഫ്രിക്കന്‍ ടി20 ലീഗായ എസ്എ20ല്‍ പ്രിട്ടോറിയ ക്യാപ്റ്റന്‍സിനെ പരിശീലിപ്പിച്ചുകൊണ്ട് ഗാംഗുലി തന്റെ ആദ്യ ഹെഡ് കോച്ച് റോള്‍ ഏറ്റെടുത്തിരുന്നു. അദ്ദേഹത്തിന് കീഴില്‍ പ്രിട്ടോറിയ ഫൈനലില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു.

ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍, സീനിയര്‍ ബാറ്റ്സ്മാന്‍ കെ എല്‍ രാഹുല്‍ എന്നിവരുള്‍പ്പെടുന്ന നേതൃനിരയ്ക്കൊപ്പമാകും ഗാംഗുലി പ്രവര്‍ത്തിക്കുക. കൂടാതെ, ഐപിഎല്‍ 2026ന് ശേഷം റിഷഭ് പന്തിനെ ലഖ്നൗ സൂപ്പര്‍ ജേയന്റ്‌സില്‍ നിന്ന് ഡല്‍ഹി തിരികെ എത്തിച്ചിട്ടുമുണ്ട്. ഫ്രാഞ്ചൈസിയുടെ ഉടമകളായ പാര്‍ത്ഥ് ജിന്‍ഡാലും കിരണ്‍ കുമാര്‍ ഗാന്ധിയും ഗാംഗുലിയുടെ നിയമനത്തെ സ്വാഗതം ചെയ്യുകയും അദ്ദേഹത്തിന്റെ നേതൃപാടവത്തില്‍ വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. ഈ വര്‍ഷാവസാനം നടക്കുന്ന ഐപിഎല്‍ ലേലത്തിന് മുന്നോടിയായുള്ള ടീമിന്റെ ഒരുക്കങ്ങള്‍ക്ക് ഗാംഗുലി നേതൃത്വം നല്‍കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം'; സൂചന നല്‍കി ബൗളിംഗ് കോച്ച് മോര്‍ണെ മോര്‍ക്കല്‍
ഹര്‍ദിക്‌ പാണ്ഡ്യ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്കോ? മുംബൈ നിലനിര്‍ത്തില്ലെന്ന്‌ സൂചന, ഗൗതം ഗംഭീറും ഹര്‍ദിക്കിനെ നിരീക്ഷിക്കുന്നു