സെലക്ഷന്‍ കമ്മിറ്റി തെരഞ്ഞെടുപ്പ്: അഗാര്‍ക്കറെ ഒഴിവാക്കാനുള്ള കാരണം വ്യക്തമാക്കി ഗാംഗുലി

By Web TeamFirst Published Mar 4, 2020, 8:34 PM IST
Highlights

സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ട പേരായിരുന്നു അഗാര്‍ക്കറുടേത്. ആദ്യം അപേക്ഷിച്ചവരില്‍ ഏറ്റവും മികച്ചവരെ സെലക്ഷന്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞ ബിസിസിഐ പിന്നീട് മേഖലാ അടിസ്ഥാനത്തില്‍ തന്നെ സെലക്ടര്‍മാരെ തെരഞ്ഞെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

മുംബൈ: ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി തെരഞ്ഞെടുപ്പില്‍ മുന്‍ ഇന്ത്യന്‍ താരമായ അജിത് അഗാര്‍ക്കറെ പരിഗണിക്കാതിരിക്കാനുള്ള കാരണം വ്യക്തമാക്കി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. മേഖലാ അടിസ്ഥാനത്തിലാണ് ബിസിസിഐ ഇത്തവണയും സെലക്ടര്‍മാരെ തെരഞ്ഞെടുത്തത്.

ഈ സാഹചര്യത്തില്‍ മറ്റ് മേഖലകളില്‍ നിന്നുള്ള  അഗാര്‍ക്കറുടെയും നയന്‍ മോംഗിയ, മനീന്ദര്‍ സിംഗ് എന്നിവരുടെ അപേക്ഷകള്‍ പരിഗണിച്ചില്ല. സെപ്റ്റംബറില്‍ സെലക്ഷന്‍ കമ്മിറ്റിയിലെ ജജിന്‍ പരഞ്ജ്പേ, ദേവാംഗ് ഗാന്ധി, ശരണ്‍ദീപ് സിംഗ് എന്നിവര്‍ സ്ഥാനമൊഴിയും. ഈ അവസരത്തില്‍ അഗാര്‍ക്കറുടെ അപേക്ഷ പരിഗണിക്കുമെന്ന് ഗാംഗുലി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ട പേരായിരുന്നു അഗാര്‍ക്കറുടേത്. ആദ്യം അപേക്ഷിച്ചവരില്‍ ഏറ്റവും മികച്ചവരെ സെലക്ഷന്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞ ബിസിസിഐ പിന്നീട് മേഖലാ അടിസ്ഥാനത്തില്‍ തന്നെ സെലക്ടര്‍മാരെ തെരഞ്ഞെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഈതാണ് അഗാര്‍ക്കറെ പരിഗണിക്കാതിരിക്കാനുള്ള പ്രധാന കാരണം. ഇന്ത്യക്കായി 26 ടെസ്റ്റിലും 191 ഏകദിനത്തിലും കളിച്ചിട്ടുള്ള അഗാര്‍ക്കറെ തെരഞ്ഞെടുത്തിരുന്നെങ്കില്‍ കൂടുതല്‍ മത്സരങ്ങള്‍ കളിച്ചതിന്റെ മികവില്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനും അദ്ദേഹമാവുമായിരുന്നു. എന്നാല്‍ അഗാര്‍ക്കറുടെ മേഖലയെ പ്രതിനിധീകരിക്കുന്ന ജതിന്‍ പരഞ്ജ്പെ ഇപ്പോള്‍ സെലക്ഷന്‍ കമ്മിറ്റിയിലുണ്ട്. ഈ സാഹചര്യത്തിലാണ് സെപ്റ്റംബറില്‍ അഗാര്‍ക്കറെ പരിഗണിക്കുമെന്ന് ഗാംഗുലി വ്യക്തമാക്കിയത്.

click me!