
മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി മിന്നും പ്രകടനം പുറത്തെടുത്തതിന്‍റെ കരുത്തില്‍ ഒന്നരക്കൊല്ലത്തിനുശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയ അജിങ്ക്യാ രഹാനെയെ ടീമിന്‍റെ വൈസ് ക്യാപ്റ്റനാക്കിയതിനെതിരെ മുന്‍ നായകന്‍ സൗരവ് ഗാംഗുലി. രഹാനെയെ വീണ്ടും വൈസ് ക്യാപ്റ്റനാനുള്ള തീരുമാനത്തിന് പിന്നിലെ ബുദ്ധി തനിക്ക് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ലെന്ന് ഗാംഗുലി പറഞ്ഞു.
വൈസ് ക്യാപ്റ്റനാക്കാനാണെങ്കില്‍ ദീര്‍ഘകാലമായി ടീമിലുള്ള രവീന്ദ്ര ജഡേജയെ ആക്കാമായിരുന്നു. ടെസ്റ്റ് ടീമില്‍ ജഡേജ സ്ഥിരാംഗവുമാണ്. പക്ഷെ ഒന്നരക്കൊല്ലത്തിനുശേഷം ടീമില്‍ തിരിച്ചെത്തിയ രഹാനെയെ നേരിട്ട് വൈസ് ക്യാപ്റ്റനാക്കിയതിതിന് പിന്നിലെ സെലക്ടര്‍മാരുടെ ബുദ്ധി എനിക്ക് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. എനിക്ക് പറയാനുള്ളത് ടീം സെലക്ഷന്‍ എപ്പോഴും അപ്പോഴത്തെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാവരുത്. എല്ലാ കാര്യങ്ങള്‍ക്കും സ്ഥിരതയും തുടര്‍ച്ചയും ഉണ്ടാവണം.
ചേതേശ്വര്‍ പൂജാരയെ ടീമില്‍ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ചും വ്യക്തത കുറവുണ്ട്. പൂജാരയെ ടെസ്റ്റ് ടീമിലേക്ക് ഇനി പരിഗണിക്കുമോ, അതോ യുവതാരങ്ങളെ തന്നെ പരീക്ഷിക്കാനാണോ തീരുമാനം എന്ന കാര്യത്തില്‍ പൂജാരയോട് സെലക്ടര്‍മാര്‍ കൃത്യമായി ആശയവിനിമയം നടത്തേണ്ടതുണ്ട്. പൂജാരയെപോലുള്ള ഒരു കളിക്കാരനെ ടീമിലെടുക്കുകയും ഒഴിവാക്കുകയും വീണ്ടും ടീമിലെടുക്കുകയും വീണ്ടും ഒഴിവാക്കുകയും ചെയ്യാനാവില്ല. അതുതന്നെയാണ് രഹാനെയുടെ കാര്യത്തിലും പറയാനുള്ളത്.
ഐപിഎല്‍ കളിച്ചതുകൊണ്ടാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് തിളങ്ങാനാവാതെ പോയതെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. രഹാനെയും ഐപിഎല്ലില്‍ കളിച്ചിരുന്നു. കാമറൂണ്‍ ഗ്രീന്‍ അടക്കമുള്ള ഓസ്ട്രേലിയന്‍ താരങ്ങളും ഐപിഎല്ലില്‍ കളിച്ചിട്ടുണ്ട്. ഓരോ ഫോര്‍മാറ്റിനും അനുസരിച്ച് പൊരുത്തപ്പെടാനാണ് കളിക്കാര്‍ ശ്രമിക്കേണ്ടതെന്നും ഏകദിന ക്രിക്കറ്റിന് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുമ്പോള്‍ കളിക്കാര്‍ അതിന് അനുസരിച്ച് കളിക്കുന്നില്ലേയെന്നും ഗാംഗുലി പറഞ്ഞു.
2022 ജനുവരിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടെസ്റ്റ് പരമ്പരക്ക് ശേഷം ടീമില്‍ നിന്ന് പുറത്തായ രഹാനെ രഞ്ജി ട്രോഫിയില്‍ മുംബൈക്കായി തിളങ്ങിയിരുന്നു. 11 ഇന്നിംഗ്‌സില്‍ 57.63 ശരാശരിയില്‍ 634 റണ്‍സെടുക്ക രഹാനെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിംഗ്സിനായി 14 കളിയില്‍ 172.49 എന്ന അമ്പരപ്പിക്കുന്ന സ്ട്രൈക്ക് റേറ്റിലും 32.60 ശരാശരിയിലും 326 റണ്‍സ് അടിച്ചെടുത്തു. ഇതോടെയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരായ ടീമിലേക്ക് രഹാനെയെ തിരിച്ചുവിളിക്കാന്‍ സെലക്ടർമാർ നിർബന്ധിതരായത്.
ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ മടങ്ങിവരവിലെ ആദ്യ ഇന്നിംഗ്‌സില്‍ 129 പന്തില്‍ 89 റണ്‍സുമായി ടീം ഇന്ത്യയുടെ ടോപ് സ്കോററായി. രണ്ടാം ഇന്നിംഗ്‌സിലും ടീമിനായി പ്രതിരോധ ചുമതല ഏറ്റെടുത്ത താരം 108 ബോളില്‍ 46 റണ്‍സെടുത്തതോടെ ടെസ്റ്റ് ടീമില്‍ വീണ്ടും സ്ഥാനമുറപ്പിച്ചു. ടെസ്റ്റ് കരിയറില്‍ 83 മത്സരങ്ങളില്‍ 38.97 ശരാശരിയില്‍ 12 സെഞ്ചുറികളും 26 അര്‍ധസെഞ്ചുറികളും സഹിതം 5066 റണ്‍സ് അജിങ്ക്യ രഹാനെയ്‌ക്കുണ്ട്. 188 ആണ് ഉയര്‍ന്ന സ്കോര്‍. വിന്‍ഡീസ് പര്യടനം കഴിഞ്ഞാല്‍ ഡിസംബറില്‍ മാത്രമേ ഇന്ത്യക്ക് ടെസ്റ്റ് പരമ്പരയുള്ളൂ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നടക്കുന്ന ആ പരമ്പരയിലും രഹാനെ ഇന്ത്യന്‍ ടീമിലുണ്ടായാല്‍ അത്ഭുതപ്പെടാനില്ല.