ദ്രാവിഡും രോഹിത്തും സ്ഥാനമൊഴിയേണ്ടതില്ല! കാരണം വ്യക്തമാക്കി സൗരവ് ഗാംഗുലി

Published : Jun 14, 2023, 01:13 PM IST
ദ്രാവിഡും രോഹിത്തും സ്ഥാനമൊഴിയേണ്ടതില്ല! കാരണം വ്യക്തമാക്കി സൗരവ് ഗാംഗുലി

Synopsis

പത്ത് വര്‍ഷങ്ങള്‍ക്ക് ഒരു ഐസിസി കിരീടമെന്ന മോഹമാണ് ഓസീസിന് മുന്നില്‍ പൊലിഞ്ഞത്. തോല്‍വിയോടെ ഒരു വിഭാഗം ആരാധകര്‍ കോച്ച് രാഹുല്‍ ദ്രാവിഡ്, ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവര്‍ക്കെതിരെ തിരിഞ്ഞു.

കൊല്‍ക്കത്ത:ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റതിന് പിന്നാലെ വിമര്‍ശനങ്ങളുടെ മുള്‍മുനയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഓവലില്‍ നടന്ന മത്സരത്തില്‍ 209 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. രണ്ടാം ഇന്നിംഗ്‌സില്‍ 444 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 234ന് പുറത്താവുകയായിരുന്നു.

പത്ത് വര്‍ഷങ്ങള്‍ക്ക് ഒരു ഐസിസി കിരീടമെന്ന മോഹമാണ് ഓസീസിന് മുന്നില്‍ പൊലിഞ്ഞത്. തോല്‍വിയോടെ ഒരു വിഭാഗം ആരാധകര്‍ കോച്ച് രാഹുല്‍ ദ്രാവിഡ്, ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവര്‍ക്കെതിരെ തിരിഞ്ഞു. ഇരുവരും രാജിവെക്കണമെന്നാണ് ആരാധകരുടെ ആവശ്യം.

ഇപ്പോള്‍ ദ്രാവിഡ് - രോഹിത് സഖ്യത്തിന്റെ ഭാവിയെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ബിസിസിഐ പ്രസിന്റും ഇന്ത്യന്‍ ക്യാപ്റ്റനുമൊക്കെയായിരുന്നു സൗരവ് ഗാംഗുലി. ''ആര് നയിക്കണമെന്നതും പരിശീലിപ്പിക്കണമെന്നതും തീരുമാനിക്കുന്നത് സെലക്റ്റര്‍മാരാണ്. സോഷ്യല്‍ മീഡിയക്ക് അതിലൊന്നും ചെയ്യാനില്ല. വിരാട് കോലി രണ്ട് വര്‍ഷം മുമ്പ് നായകസ്ഥാനം ഒഴിഞ്ഞു. ആരായിരിക്കണം ഇന്ത്യയുടെ കോച്ചും നായകനുമെന്ന് എന്നോട് ചോദിച്ചാല്‍ എനിക്ക് മറിച്ചൊരു ഉത്തരമില്ല. ഏകദിന ലോകകപ്പ് വരെ ഇരുവരും തുടരണം. ലോകകപ്പിന് ശേഷം രോഹിത്തിന്റെ മനസില്‍ എന്താകുമെന്ന് എനിക്കറിയില്ല. അദ്ദേഹത്തിന് വേണ്ടത് ചെയ്യാം. നിലവിലെ സാഹചര്യത്തില്‍ ഇരുവരുമാണ് ഏറ്റവും മികച്ച ഓപ്ഷന്‍. ഇരുവര്‍ക്കും എല്ലാവിധ ആശംസകളും.'' ഗാംഗുലി വ്യക്തമാക്കി.

സഞ്ജു സാംസണ്‍ പുറത്ത്; വെസ്റ്റ് ഇന്‍ഡീസിന് എതിരായ ട്വന്‍റി 20 സ്‌ക്വാഡ് പ്രവചിച്ച് ഹര്‍ഭജന്‍ സിംഗ്

നേരത്തെ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ തിരിച്ചുവിളിക്കണമെന്ന് ഗാംഗുലി ആവശ്യപ്പെട്ടിരുന്നു. മറ്റു യുവതാരങ്ങളെ കുറിച്ചും ഗാംഗുലി സംസാരിച്ചു. അദ്ദേഹം വിശദീകരിച്ചതിങ്ങനെ... ''ഒരൊറ്റ തോല്‍വി കൊണ്ട് നിഗമനങ്ങളില്‍ എത്താന്‍ പാടില്ല. ടീം ഇന്ത്യക്ക് എക്കാലവും പ്രതിഭയുള്ള താരങ്ങളുണ്ട്. വിരാട് കോലിക്ക് 34 വയസേ ആയിട്ടുള്ളൂ. കോലിക്കും ചേതേശ്വര്‍ പൂജാരയ്ക്കും അപ്പുറം ചിന്തിക്കേണ്ട സമയമായിട്ടില്ല. ഇന്ത്യക്ക് നല്ല റിസര്‍വ് താരങ്ങളുണ്ട്. ഐപിഎല്‍ പ്രകടനം അടിസ്ഥാനപ്പെടുത്തിയല്ല ഇത് പറയുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച താരങ്ങളുണ്ട്. അവര്‍ക്ക് അവസരം നല്‍കുക. അത് യശസ്വി ജയ്സ്വാളാകാം രതജ് പടീദാറാവാം. ബംഗാളില്‍ നിന്നുള്ള അഭിമന്യൂ ഈശ്വര്‍ ഏറെ റണ്‍സ് നേടിയിട്ടുള്ള താരമാണ്. ശുഭ്മാന്‍ ഗില്‍ യുവതാരമാണ്. റുതുരാജ് ഗെയ്ക്വാദുണ്ട് നമുക്ക്. ഹാര്‍ദിക് പാണ്ഡ്യ ഇത് കേള്‍ക്കുന്നുണ്ട് എന്നാണ് വിശ്വാസം. പാണ്ഡ്യ ടെസ്റ്റ് ക്രിക്കറ്റ് കളിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്, പ്രത്യേകിച്ച് വിദേശ പിച്ചുകളില്‍.''ഗാംഗുലി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്