
ബെംഗളൂരു: കന്നി രഞ്ജി ട്രോഫി ഫൈനലില്‍ കര്‍ണാടകയ്ക്കെതിരെ അഞ്ച് വിക്കറ്റ് നേട്ടവുമായി ജമ്മു കശ്മീരിന്റെ പേസര്‍ അക്വിബ് നബി. സീസണിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത നബിയെ വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കണമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി സെലക്ടര്‍മാരോട് ആവശ്യപ്പെട്ടു. ആദ്യ ഇന്നിങ്‌സില്‍ ജമ്മു കശ്മീര്‍ ഉയര്‍ത്തിയ 584 റണ്‍സ് പിന്തുടര്‍ന്ന കര്‍ണാടകയെ 293 റണ്‍സിന് പുറത്താക്കുന്നതില്‍ നബി നിര്‍ണായക പങ്കുവഹിച്ചു.
ഇതോടെ ജമ്മു കശ്മീരിന് 291 റണ്‍സിന്റെ കൂറ്റന്‍ ഒന്നാം ഇന്നിങ്‌സ് ലീഡ് ലഭിച്ചു. നബിയുടെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് ഗാംഗുലി എക്‌സില്‍ കുറിച്ച വാക്കുകള്‍... ''പ്രയത്‌നവും നിശ്ചയദാര്‍ഢ്യവും കൊണ്ട് ലോകത്തെ അത്ഭുതപ്പെടുത്താന്‍ ജമ്മു കശ്മീരിന് സാധിച്ചു. കഠിനമായ സാഹചര്യങ്ങളാണ് കരുത്തരായ മനുഷ്യരെ സൃഷ്ടിക്കുന്നത്. അക്വിബ് നബി ഇന്ത്യന്‍ ജേഴ്‌സി അണിയാന്‍ സമയമായിരിക്കുന്നു. വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനമാണ് അവന് അരങ്ങേറ്റം കുറിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം.'' ഗാംഗുലി കുറിച്ചിട്ടു. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍, ബിസിസിഐ സെക്രട്ടറി ദേവാജിത് സൈകിയ എന്നിവരെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ഗാംഗുലിയുടെ ഈ കുറിപ്പ്.
ഈ സീസണില്‍ മാത്രം 60 വിക്കറ്റുകളാണ് ഓഖിബ് നബി വീഴ്ത്തിയത്. ഇതോടെ ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരില്‍ അദ്ദേഹം ഒന്നാമതെത്തി. രഞ്ജി ട്രോഫി ചരിത്രത്തില്‍ ഒരു സീസണില്‍ 60 വിക്കറ്റ് തികയ്ക്കുന്ന മൂന്നാമത്തെ മാത്രം പേസറാണ് നബി.
ഫൈനലില്‍ 23 ഓവറില്‍ ഏഴ് മെയ്ഡനടക്കം വെറും 54 റണ്‍സ് വഴങ്ങിയാണ് നബി 5 വിക്കറ്റുകള്‍ വീഴ്ത്തിയത്. കര്‍ണാടകയുടെ കരുത്തുറ്റ ബാറ്റിംഗ് നിരയെ അദ്ദേഹം തകര്‍ത്തെറിഞ്ഞു. കെ.എല്‍ രാഹുല്‍, കരുണ്‍ നായര്‍, സ്മരണ്‍ രവിചന്ദ്രന്‍ എന്നിവരുടെ നിര്‍ണ്ണായക വിക്കറ്റുകള്‍ വേഗത്തില്‍ വീഴ്ത്തിയ നബി, കര്‍ണാടകയെ ഒരു ഘട്ടത്തില്‍ 57 റണ്‍സിന് 4 വിക്കറ്റ് എന്ന നിലയിലേക്ക് തള്ളിയിട്ടു. പിന്നീട് ശിഖര്‍ ഷെട്ടിയെ കൂടി പുറത്താക്കി അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. 2026 ഐപിഎല്‍ സീസണില്‍ 8.4 കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയ ഈ വലംകൈയ്യന്‍ പേസര്‍ വൈകാതെ തന്നെ ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കുമെന്നാണ് ക്രിക്കറ്റ് ലോകം പ്രതീക്ഷിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!