
മുംബൈ: എല്ലാ പരമ്പരകളിലെയും ഒരു ടെസ്റ്റ് മത്സരമെങ്കിലും പിങ്ക് പന്തില്‍ നടത്തണമെന്ന ആവശ്യവുമായി ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ഇന്ത്യ- ബംഗ്ലാദേശ് ചരിത്ര ഡേ ആന്‍ഡ് നൈറ്റ് മത്സരം വന്‍ വിജയമായതോടെയാണ് ആവശ്യവുമായി ദാദ രംഗത്തെത്തിയത്.
"കൂടുതല്‍ പകല്‍-രാത്രി മത്സരങ്ങള്‍ സംഘടിപ്പിച്ചാണ് ടെസ്റ്റ് ക്രിക്കറ്റ് മുന്നോട്ടുപോകേണ്ടത്. എല്ലാ ടെസ്റ്റുമല്ല, ഒരു പരമ്പരയിലെ ഒരു മത്സരമെങ്കിലും പകലും രാത്രിയുമായി നടത്തണം. കൊല്‍ക്കത്ത ടെസ്റ്റിന്‍റെ അനുഭവം ബോര്‍ഡ് അംഗങ്ങളുമായി പങ്കുവെക്കും. മറ്റ് വേദികളിലും ഡേ ആന്‍ഡ് നൈറ്റ് മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ ശ്രമിക്കും. പകല്‍-രാത്രി മത്സരങ്ങള്‍ക്ക് എല്ലാ വേദികളും തയ്യാറാണ്. വെറും 5000 കാണികളുടെ മുമ്പില്‍ ടെസ്റ്റ് കളിക്കാന്‍ ആരും താല്‍പര്യപ്പെടില്ല"- ഒരു അഭിമുഖത്തില്‍ സൗരവ് ഗാംഗുലി പറഞ്ഞു.
ദാദ വന്നു, ഇന്ത്യന്‍ ക്രിക്കറ്റിനും 'പിങ്ക്' നിറം
സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്‍റായി ചുമതലയേറ്റ ശേഷമാണ് പിങ്ക് പന്തില്‍ കളിക്കാന്‍ ടീം ഇന്ത്യ സമ്മതം മൂളിയത്. പിങ്ക് പന്തില്‍ കളിക്കുന്നതിനോട് മുഖംതിരിച്ചിരുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലി ദാദയുടെ സമ്മര്‍ദത്തിന് മുന്നില്‍ അയയുകയായിരുന്നു. ഓസ്‌ട്രേലിയക്കെതിരെ കഴിഞ്ഞ വര്‍ഷം അഡ്‌ലെയ്‌ഡില്‍ പകലും രാത്രിയുമായി ടെസ്റ്റ് കളിക്കുന്നതില്‍ നിന്ന് കോലിയുടെ നിലപാടുമൂലം ബിസിസിഐ പിന്‍മാറിയിരുന്നു.
ടീം ഇന്ത്യ ആദ്യമായി പകല്‍-രാത്രി മത്സരത്തിനിറങ്ങിയപ്പോള്‍ കാണികളുടെ വലിയ പിന്തുണയുമുണ്ടായി. 50000ത്തിലേറെ കാണികളാണ് ദിവസവും മത്സരം വീക്ഷിക്കാനെത്തിയത്. സ്വന്തം തട്ടകമായ കൊല്‍ക്കത്തയില്‍ മത്സരം സംഘടിപ്പിച്ചത് ഗാംഗുലി നേരിട്ടായിരുന്നു. "ബിസിസിഐക്കാണ് ക്രഡിറ്റ് മുഴുവന്‍. താനൊരു അംഗം മാത്രമാണ്. ഇനിയും ഡേ ആന്‍ഡ് നൈറ്റ് മത്സരങ്ങള്‍ വേണോയെന്ന് തീരുമാനിക്കേണ്ടത് ബിസിസിഐ ഒറ്റക്കെട്ടായാണ്" എന്നും ഗാംഗുലി മത്സരശേഷം അഭിപ്രായപ്പെട്ടിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!