
കൊല്‍ക്കത്ത: ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ടീമില്‍ ആരൊക്കെ ഇടം നേടുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിനെ സെലക്ടര്‍മാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനാല്‍ ഈ ടീമിലുള്‍പ്പെട്ടവര്‍ ലോകകപ്പ് ടീമിലിടം നേടാനുള്ള സാധ്യത കുറവാണ്. ഏഷ്യന്‍ ഗെയിംസ് സമാപിക്കുമ്പോഴേക്കും ലോകകപ്പ് തുടങ്ങുമെന്നതും സെപ്റ്റംബര്‍ അഞ്ചിന് മുമ്പ് ലോകകപ്പ് സ്ക്വാഡ് ഐസിസിക്ക് സമര്‍പ്പിക്കണമെന്നതും ഇതിന് കാരണമാണ്.
കഴിഞ്ഞ ദിവസം ബിസിസിഐ പ്രഖ്യാപിച്ച ഏഷ്യന്‍ ഗെയിംസിനുള്ള ടീമില്‍ റുതുരാജ് ഗെയ്ക്‌വാദ് നായകനാകുമ്പോള്‍ ഐപിഎല്ലിലും വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിലും തിളങ്ങിയ യശസ്വി ജയ്‌സ്വാള്‍, റിങ്കു സിംഗ്, ജിതേഷ് ശര്‍മ എന്നിവരെല്ലാം ഉള്‍പ്പെട്ടിട്ടുണ്ട്. മലയാളി താരം സഞ്ജു സാംസണെ ഏഷ്യന്‍ ഗെയിംസ് ടീമില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ ലോകകപ്പ് ടീമിലിടം നേടാനുള്ള സാധ്യത കൂടിയിട്ടുമുണ്ട്.
ഇതിനിടെ ലോകകപ്പ് ടീമില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട യുവതാരത്തിന്‍റെ പേരുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. യുവ ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെയാണ് ഗാംഗുലി ലോകകപ്പ് ടീമില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നത്. ഐപിഎല്ലിനിടെ ജയ്സ്വാളിന്‍റെ കളി സസൂക്ഷ്മം നിരീക്ഷിച്ചിരുന്നുവെന്നും രാജ്യാന്തര ക്രിക്കറ്റില്‍ തിളങ്ങാനുള്ള പ്രതിഭയും കഴിവും ജയ്‌സ്വാളിനുണ്ടെന്നും ഗാംഗുലി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. വീന്‍ഡിസിനെതിരായ ടെസ്റ്റിലും സെഞ്ചുറി നേടി ടെസ്റ്റ് ക്രിക്കറ്റിലും ജയ്‌സ്വാള്‍ തന്‍റെ പ്രതിഭ തെളിയിച്ചു കഴിഞ്ഞു.
ഏകദിന ലോകകപ്പ്: ടീമുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി പ്രഖ്യാപിച്ച് ഐസിസി
അതുകൊണ്ടുതന്നെ ജയ്സ്വാളിനെപ്പോലൊരു യുവതാരത്തെ ലോകകപ്പ് ടീമിലുള്‍പ്പെടുത്തണം. ഇതുവഴി ഇടം കൈ വലം കൈ ഓപ്പണിംഗ് സഖ്യം ഉറപ്പുവരുത്താന്‍ ഇന്ത്യക്കാവും. കാരണം, ഇടം കൈ വലം കൈ ഓപ്പണിംഗ് സഖ്യം എല്ലായ്പ്പോഴും എതിരാളികള്‍ക്ക് തലവേദന സൃഷ്ടിക്കാറുണ്ട്. ബൗളര്‍മാര്‍ക്ക് എപ്പോഴും അവരുടെ ലൈനും ലെങ്ത്തും വ്യത്യാസപ്പെടുത്തേണ്ടിവരും. ജയ്സ്വാളിനെ ലോകകപ്പ് ടീമിലുള്‍പ്പെടുത്താനായി ഏഷ്യന്‍ ഗെയിംസ് ടീമില്‍ നിന്ന് പിന്‍വലിച്ചാലും പ്രശ്നമില്ലെന്നും ഗാംഗുലി പറഞ്ഞു.