ഇംഗ്ലണ്ടിനെ അടിച്ചുപറത്തി ബാവുമയും മില്ലറും, ദക്ഷിണാഫ്രിക്കക്ക് ഏകദിന പരമ്പര

By Web TeamFirst Published Jan 30, 2023, 10:51 AM IST
Highlights

സെഞ്ചുറിയുമായി ഫോമിലേക്ക് മടങ്ങിയെത്തിയ ക്യാപ്റ്റന്‍ ടെംബാ ബാവുമയും വെടിക്കെട്ട് ബാറ്റിംഗുമായി മത്സരം ഫിനിഷ് ചെയ്ത ഡേവിഡ് മില്ലറുമാണ് ദക്ഷിണാഫ്രിക്കക്ക് അനായാസ ജയമൊരുക്കിയത്.

ജൊഹാനസ്ബര്‍ഗ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ അഞ്ച് വിക്കറ്റ് ജയവുമായി ദക്ഷിണാഫ്രിക്കക്ക് ഏകദിന പരമ്പര. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 342 റണ്‍സടിചച്ചപ്പോള്‍ അഞ്ച് പന്ത് ബാക്കി നിര്‍ത്തി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക ലക്ഷ്യത്തിലെത്തി. സ്കോര്‍ ഇംഗ്ലണ്ട് 50 ഓവറില്‍ 342-7, ദക്ഷിണാഫ്രിക്ക 49.1 ഓവറില്‍ 347-5.

സെഞ്ചുറിയുമായി ഫോമിലേക്ക് മടങ്ങിയെത്തിയ ക്യാപ്റ്റന്‍ ടെംബാ ബാവുമയും വെടിക്കെട്ട് ബാറ്റിംഗുമായി മത്സരം ഫിനിഷ് ചെയ്ത ഡേവിഡ് മില്ലറുമാണ് ദക്ഷിണാഫ്രിക്കക്ക് അനായാസ ജയമൊരുക്കിയത്. ബാവുമ സെഞ്ചുറി നേടിയപ്പോള്‍ മില്ലര്‍ അര്‍ധസെഞ്ചുറിയുമായി പുറത്താകാതെ നിന്നു.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍(82 പന്തില്‍ 94), ഹാരി ബ്രൂക്ക്(75 പന്തില്‍ 80), മൊയീന്‍ അലി(44 പന്തില്‍ 51) എന്നിവരുടെ അര്‍ധസെഞ്ചുറികളുടെ കരുത്തിലാണ് കൂറ്റന്‍ സ്കോര്‍ ഉയര്‍ത്തിയത്. മറുപടി ബാറ്റിംഗില്‍ ക്വിന്‍റണ്‍ ഡികോക്ക്(31) റാസി വാന്‍ഡര്‍ ദസ്സന്‍(38) എന്നിവരെ കൂട്ടുപിടിച്ച് ബാവു നടത്തിയ പോരാട്ടം ഏയാഡന്‍ മാര്‍ക്രവും(43 പന്തില്‍ 49), ഹെന്‍റിച്ച് ക്ലാസനും(19 പന്തില്‍ 27) ഏറ്റെടുത്തതോടെ ദക്ഷിണാഫ്രിക്ക വിജയപാതയിലായി.

ഇങ്ങനെയൊരു മത്സരം ടി20 ചരിത്രത്തിലില്ല; ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ടി20ക്ക് അപൂര്‍വ റെക്കോര്‍ഡ്

അവസാന പത്തോവറില്‍ 70 റണ്‍സിലേറെ വേണ്ടിയിരുന്ന ദക്ഷിണാഫ്രിക്കയെ ഡേവിഡ് മില്ലറും(37 പന്തില്‍ 58), മാര്‍ക്കോ ജാന്‍സനും(29 പന്തില്‍ 32) ചേര്‍ന്ന് വിജയവര കടത്തി. ടെംബാ ബാവുമയാണ് കളിയിലെ താരം. നേരത്തെ ആദ്യ മത്സരം ദക്ഷിണാഫ്രിക്ക 27 റണ്‍സിന് ജയിച്ചിരുന്നു. രണ്ടാം മത്സരത്തിലും ആധികാരിക ജയം സ്വന്തമാക്കിയതോടെ ദക്ഷിണാഫ്രിക്ക മൂന്ന് മത്സര പരമ്പര 2-0ന് സ്വന്തമാക്കി. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം നാളെ ഡയമണ്ട് ഓവലില്‍ നടക്കും.

click me!