ഇങ്ങനെയൊരു മത്സരം ടി20 ചരിത്രത്തിലില്ല; ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ടി20ക്ക് അപൂര്‍വ റെക്കോര്‍ഡ്

By Web TeamFirst Published Jan 30, 2023, 10:24 AM IST
Highlights

മത്സരത്തില്‍ കിവീസ് ഇന്നിംഗ്സില്‍ ആകെ പിറന്നത് ആറ് ബൗണ്ടറികള്‍ മാത്രമായിരുന്നു. പവര്‍ പ്ലേ ഓവറുകളില്‍ രണ്ട് ബൗണ്ടറിയടിച്ച ഫിന്‍ അലനൊഴികെ ഒരാള്‍ക്ക് പോലും കിവീസ് നിരയില്‍ ഒന്നില്‍ കൂടുതല്‍ ബൗണ്ടറി പോലും നേടാനായില്ല.

ലഖ്നൗ: ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ടി20 മത്സരത്തിന് അപൂര്‍വ റെക്കോര്‍ഡ്. ഐസിസിയുടെ പൂര്‍ണ അംഗത്വമുള്ള രാജ്യങ്ങള്‍ തമ്മിലുള്ള രാജ്യാന്തര ടി20 മത്സരങ്ങളില്‍ കൂടുതല്‍ പന്തുകള്‍ കളിച്ചിട്ടും ഒറ്റ സിക്സ് പോലും പിറക്കാത്ത ആദ്യ മത്സരമെന്ന റെക്കോര്‍ഡാണ് ഇന്നലെ ലഖ്നൗ ടി20ക്ക് സ്വന്തമായത്. ഇരു ടീമുകളും കൂടി 39.5(239 പന്തുകള്‍) ഓവര്‍ ബാറ്റ് ചെയ്തിട്ടും മത്സരത്തില്‍ ഒറ്റ സിക്സ് പോലും പിറന്നില്ല.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 20 ഓവറില്‍ 99 റണ്‍സ് മാത്രമടിച്ചപ്പോള്‍ അനായസ ജയം പ്രതീക്ഷിച്ച ആരാധകരെ ഞെട്ടിച്ച് ഇന്ത്യ അവസാന ഓവറില്‍ ഒരു പന്ത് മാത്രം ബാക്കിയിരിക്കെ വിറച്ചു ജയിക്കുകയായിരുന്നു. മത്സരത്തില്‍ കിവീസ് ഇന്നിംഗ്സില്‍ ആകെ പിറന്നത് ആറ് ബൗണ്ടറികള്‍ മാത്രമായിരുന്നു. പവര്‍ പ്ലേ ഓവറുകളില്‍ രണ്ട് ബൗണ്ടറിയടിച്ച ഫിന്‍ അലനൊഴികെ ഒരാള്‍ക്ക് പോലും കിവീസ് നിരയില്‍ ഒന്നില്‍ കൂടുതല്‍ ബൗണ്ടറി പോലും നേടാനായില്ല.

Not a single six in 239 balls in the T20I between India & New Zealand

— Johns. (@CricCrazyJohns)

മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് ഒട്ടും ആശ്വസിക്കാന്‍ വകയില്ല. ഇന്ത്യന്‍ ബാറ്റര്‍മാരെല്ലാം ചേര്‍ന്ന് നേടിയത് ആകെ എട്ട് ബണ്ടറികള്‍. ഇതില്‍ രണ്ട് വീതം ബൗണ്ടറികളടിച്ച ഇഷാന്‍ കിഷനും ശുഭ്മാന്‍ ഗില്ലുമൊഴികെ മറ്റാര്‍ക്കും ഒന്നില്‍ കൂടുതല്‍ ബൗണ്ടറികള്‍ നേടാനായില്ല. 2021ല്‍ മിര്‍പൂരില്‍ നടന്ന ബംഗ്ലാദേശ്-ന്യൂസിലന്‍ഡ് ടി20യിലും ഒറ്റ സിക്സ് പോലും പിറന്നിട്ടില്ലെങ്കിലും അന്ന് ഇരു ടീമും ചേര്‍ന്ന് 238 പന്തുകള്‍ മാത്രമാണ് നേരിട്ടത്. ഇന്നലത്തെ മത്സരത്തേക്കാള്‍ ഒരു പന്ത് കുറവ്.

അണ്ടര്‍ 19 ലോകകപ്പ് നേട്ടം, ഇന്ത്യന്‍ യുവനിരക്ക് അഞ്ച് കോടി പാരിതോഷികം; അഭിനന്ദിച്ച് ദ്രാവിഡും പിള്ളേരും

ഇതിന് മുമ്പ് ലഖ്നൗവില്‍ നടന്ന അഞ്ച് ടി20 മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്ത ടീമുകളാണ് ജയിച്ചത് എന്നതിനാല്‍ ടോസ് നേടിയ കിവീസ് ക്യാപ്റ്റന്‍ മിച്ചല്‍ സാന്‍റനര്‍ ബാറ്റിംഗ് തെരഞ്ഞെടുത്തെങ്കിലും കിവീസിന് നേടാനായത് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സ്. ഇന്ത്യക്കെതിരായ ടി20യില്‍ കിവീസിന്‍റെ ഏറ്റവും ചെറിയ സ്കോറുമാണിത്.

ഇന്ത്യന്‍ നിരയില്‍ നാല് സ്പിന്നര്‍മാര്‍ ചേര്‍ന്നെറിഞ്ഞത് 13 ഓവറുകളെങ്കില്‍ എട്ട് ബൗളര്‍മാരെ ഉപയോഗിച്ച കിവീസ് സ്പിന്നര്‍മാരെക്കൊണ്ട് എറിയിച്ചത് 17 ഓവറുകളായിരുന്നു. ഇതോടെ ഇരു ടീമുകളും ചേര്‍ന്ന് സ്പിന്നര്‍മാരെക്കൊണ്ട് ആകെ 30 ഓവറുകളാണ് എറിയിച്ചത്. ഇതുമൊരു റെക്കോര്‍ഡാണ്. ഐസിസി പൂര്‍ണ അംഗത്വമുള്ള രാജ്യങ്ങള്‍ തമ്മിലുള്ള മത്സരത്തില്‍ സ്പിന്നര്‍മാര്‍ ഏറ്റവും കൂടുതല്‍ ഓവറുകളെറിഞ്ഞ രണ്ടാമത്തെ മത്സരമെന്ന റെക്കോര്‍ഡാണ് ലഖ്നൗ ടി20ക്ക് സ്വന്തമായത്. ഇന്ത്യന്‍ നിരയില്‍ അതിവേഗ സ്കോറിംഗിന് പേരെടുത്ത സൂര്യകുമാര്‍ യാദവ് പോലും 31 പന്തില്‍ 26 റണ്‍സുമായി പുറത്താകാതെ നിന്ന മത്സരത്തില്‍ നേടിയത് ഒരേയൊരു ബൗണ്ടറി. അതും വിജയറണ്ണിന്‍റെ രൂപത്തില്‍.

click me!