ടി20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിലേക്ക് ഡുപ്ലസിയെ പരിഗണിച്ചേക്കും

By Web TeamFirst Published Aug 14, 2021, 11:14 AM IST
Highlights

ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ താരത്തെ ഉള്‍പ്പെടുത്താതിരുന്നതോടെയാണ് ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കുമെന്ന ആശങ്ക ഉയര്‍ന്നത്.

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ മുന്‍നായകന്‍ ഫാഫ് ഡുപ്ലസിയെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുമെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ താരത്തെ ഉള്‍പ്പെടുത്താതിരുന്നതോടെയാണ് ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കുമെന്ന ആശങ്ക ഉയര്‍ന്നത്. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന, ട്വന്റി 20 പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്.

ടെസ്റ്റില്‍ നിന്ന് വിരമിച്ച് ഏകദിന, ടി20 മത്സരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഫാഫ് ഡുപ്ലസിയെ ഒഴിവാക്കിയതായിരുന്നു ശ്രദ്ധേയമായ മാറ്റം. ടി20 ലോകകപ്പിന് മുമ്പുള്ള അവസാന ടൂര്‍ണമെന്റില്‍ നിന്ന് മുന്‍ നായകനെ ഒഴിവാക്കിയതോടെ ലോകകപ്പ് ടീമിലും ഇടം കാണില്ലെന്ന ആശങ്കയുയര്‍ന്നു. എന്നാല്‍ കൂടുതല്‍ താരങ്ങള്‍ക്ക് അവസരം നല്‍കാനാണ് ശ്രമിച്ചതെന്ന് സെലക്ടര്‍മാരിലൊരാളായ വിക്ടര്‍ പിറ്റ്‌സാങ് പറഞ്ഞു.

ലോകകപ്പ് ടീമിലേക്ക് ഡുപ്ലസിയെ പരിഗണിക്കുമെന്നും സെലക്ടര്‍മാര്‍ പറയുന്നു. സെപ്റ്റംബര്‍ രണ്ടിന് തുടങ്ങുന്ന പരമ്പരയില്‍ ദക്ഷിണാഫ്രിക്ക മൂന്ന് വീതം ഏകദിന,  ടി20 മത്സരങ്ങളാണ് കളിക്കുക. ഐപിഎല്‍ മാത്രമാണ് ടി20 ലോകകപ്പിന് മുമ്പ് ഡുപ്ലസിക്ക് സെലക്ടര്‍മാരുടെ ശ്രദ്ധനേടാനുള്ള അവസരം.

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടി ഈ സീസണില്‍ ഡുപ്ലസി ഏഴ് മത്സരങ്ങളില്‍ 320 റണ്‍സ് നേടിയിട്ടുണ്ട്. ഐപിഎല്ലിന് മുന്നോടിയായുള്ള പരിശീലനത്തിനായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ യുഎഇയില്‍ എത്തിയിട്ടുണ്ട്.

click me!