
സെന്റ് ലൂസിയ: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ടിന് 164 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്കയെ ക്വിന്റണ്‍ ഡി കോക്കിന്റെ (38 പന്തില്‍ 65) ഇന്നിംഗ്‌സാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഡേവിഡ് മില്ലര്‍ 28 പന്തില്‍ 43 റണ്‍സെടുത്തു. ഇംഗ്ലണ്ടിന് വേണ്ടി ജോഫ്ര ആര്‍ച്ചര്‍ മൂന്ന് വിക്കറ്റെടുത്തു. ഇരുവരും ആദ്യ മത്സരങ്ങള്‍ ജയിച്ചാണ് എത്തുന്നത്. അതുകൊണ്ടുതന്നെ ഇന്ന് ജയിക്കുന്നവര്‍ സെമി ഫൈനലിന് യോഗ്യത നേടും.
റീസ ഹെന്‍ഡ്രിക്‌സ് (19 പന്തില്‍ 25) താളം കണ്ടെത്താന്‍ വിഷമിച്ചെങ്കിലും മികച്ച തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ റീസ - ഡി കോക്ക് സഖ്യം 86 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 10-ാം ഓവറില്‍ റീസയെ പുറത്താക്കി മൊയീന്‍ അലി ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കി. 12-ാം ഓവറില്‍ ഡി കോക്കും മടങ്ങി. നാല് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഡി കോക്കിന്റെ ഇന്നിംഗ്‌സ്. മൂന്നാമനായി എത്തിയ ഹെന്റിച്ച് ക്ലാസനും (8) പിന്നീടെത്തിയ എയ്ഡന്‍ മാര്‍ക്രത്തിനും (1) തിളങ്ങാനായില്ല. ഇതോടെ നാലിന് 113 എന്ന നിലയിലേക്ക് വീണു ദക്ഷിണാഫ്രിക്ക.
പിന്നീട് മില്ലറുടെ ഇന്നിംഗ്‌സാണ് സ്‌കോര്‍ 150 കടത്തിയത്. മാര്‍കോ ജാന്‍സനാണ് (0) പുറത്തായ മറ്റൊരു താരം. ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (12), കേശവ് മഹാരാജ് (5) പുറത്താവാതെ നിന്നു. ആര്‍ച്ചര്‍ക്ക് പുറമെ മൊയീന്‍ അലി, ആദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാല് ഓവറില്‍ ഒന്നിന് 28 എന്ന നിലയിലാണ്. ഫിലിപ് സാള്‍ട്ടിന്റെ (11) വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. കഗിസോ റബാദയ്ക്കാണ് വിക്കറ്റ്. ജോസ് ബട്‌ലര്‍ (4), ജോണി ബെയര്‍സ്‌റ്റോ (10) എന്നിവരാണ് ക്രീസില്‍.
ദക്ഷിണാഫ്രിക്ക: ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), റീസ ഹെന്‍ഡ്രിക്സ്, എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഡേവിഡ് മില്ലര്‍, ഹെന്റിച്ച് ക്ലാസന്‍, ട്രിസ്റ്റന്‍ സ്റ്റബ്സ്, മാര്‍ക്കോ ജാന്‍സെന്‍, കേശവ് മഹാരാജ്, കാഗിസോ റബാഡ, ആന്റിച്ച് നോര്‍ട്ട്ജെ, ഒട്ട്‌നീല്‍ ബാര്‍ട്ട്മാന്‍.
ഇംഗ്ലണ്ട്: ഫിലിപ്പ് സാള്‍ട്ട്, ജോസ് ബട്ട്‌ലര്‍ (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), ഹാരി ബ്രൂക്ക്, ജോണി ബെയര്‍സ്റ്റോ, മൊയിന്‍ അലി, ലിയാം ലിവിംഗ്സ്റ്റണ്‍, സാം കുറാന്‍, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്, റീസ് ടോപ്ലി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!