
ഗുവാഹത്തി: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക കൂറ്റന്‍ ലീഡിലേക്ക് കുതിക്കുന്നു. വിക്കറ്റ് നഷ്ടമില്ലാതെ 26 റണ്‍സെന്ന നിലയില്‍ നാലാം ദിനം ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക ചായക്ക് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെന്ന നിലയിലാണ്. 21 റണ്‍സോടെ ടോണി ഡി സോര്‍സിയും 14 റണ്‍സോടെ ട്രിസ്റ്റൻ സ്റ്റബ്സും ക്രീസില്‍. ഓപ്പണര്‍മാരായ റയാൻ റിക്കിള്‍ടൺ, എയ്ഡന്‍ മാര്‍ക്രം, ക്യാപ്റ്റൻ ടെംബാ ബാവുമ എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കക്ക് നാലാം ദിനം ആദ്യ സെഷനില്‍ നഷ്ടമായത്. ഇന്ത്യക്കായി രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റെടുത്തപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റെടുത്തു. ഏഴ് വിക്കറ്റ് കൈയിലിരിക്കെ ദക്ഷിണാഫ്രിക്കക്കിപ്പോള്‍ 395 റണ്‍സിന്‍റെ ആകെ ലീഡുണ്ട്.
ഓപ്പണിംഗ് വിക്കറ്റില്‍ റിക്കിള്‍ടണ്‍-മാര്‍ക്രം സഖ്യം 59 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് വേര്‍പിരിഞ്ഞത്. ആദ്യ മണിക്കൂറില്‍ ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും കിണഞ്ഞു ശ്രമിച്ചെങ്കിലും മാര്‍ക്രത്തിന്‍റെയും റിക്കിള്‍ടന്‍റെും പ്രതിരോധം ഭേദിക്കാനായില്ല. ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍മാര്‍ക്കെതിരെ ബുമ്രയും സിറാജും ഷോര്‍ട്ട് ബോള്‍ തന്ത്രം പയറ്റിയെങ്കിലും വിലപ്പോയില്ല. ഒടുവില്‍ റിക്കിള്‍ടണെ സിറാജിന്‍റെ കൈകളിലെത്തിച്ച രവീന്ദ്ര ജഡേജയാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. പിന്നാലെ ഏയ്ഡന്‍ മാര്‍ക്രത്തെ(29) ജഡേജ ക്ലീന്‍ ബൗള്‍ഡാക്കി. ക്യാപ്റ്റൻ ടെംബാം ബാവുമയെ(3) വാഷിംഗ്ടണ്‍ സുന്ദറും വീഴത്തിയതോടെ 18 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ദക്ഷിണാഫ്രിക്ക തകരുമെന്ന് കരുതിയെങ്കിലും ഡി സോര്‍സിസും ട്രിസ്റ്റൻ സ്റ്റബ്സും പിടിച്ചു നിന്നതോടെ കൂടുതല്‍ നഷ്ടമില്ലാതെ ദക്ഷിണാഫ്രിക്കയെ 100 കടത്തി. വാഷിംഗ്ടണ്‍ സുന്ദറിന്‍റെ പന്തില്‍ ട്രിസ്റ്റൻ സ്റ്റബ്സിനെ സ്റ്റംപ് ചെയ്യാന്‍ ലഭിച്ച സുവര്‍ണാവസരം റിഷഭ് പന്ത് പാഴാക്കിയത് ഇന്ത്യക്ക് തിരിച്ചടിയായിയ.
മൂന്നാം ദിനം ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സില്‍ 201 റണ്‍സില്‍ അവസാനിപ്പിച്ച ദക്ഷിണാഫ്രിക്ക 288 റൺസിന്‍റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ മാര്‍കോ യാന്‍സനാണ് ഇന്ത്യയെ തകര്‍ത്തത്. സിമോണ്‍ ഹാര്‍മര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. 58 റണ്‍സ് നേടിയ യശസ്വി ജയ്‌സ്വാളാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. വാഷിംഗ്ടണ്‍ സുന്ദര്‍ (48), കുല്‍ദീപ് യാദവ് (134 പന്തില്‍ 19) എന്നിവര്‍ വലിയ രീതിയിലുള്ള ചെറുത്തുനില്‍പ്പ് നടത്തി. ഇന്ത്യയെ ഫോളോ ഓണ്‍ ചെയ്യിക്കാതെ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങുകയായിരുന്നു. നാലാം ദിനം ആദ്യ രണ്ട് സെഷനുകള്‍ കൂടി ബാറ്റ് ചെയ്ത് 500ന് അടുത്ത് വിജയലക്ഷ്യം നല്‍കി ഈ ടെസ്റ്റില്‍ തോല്‍ക്കില്ലെന്ന് ഉറപ്പാക്കാനാവും ഇനി ദക്ഷിണാഫ്രിക്കയുടെ ശ്രമം. പിന്നീട് അവസാന സെഷനിലും അവസാന ദിനം മൂന്ന് സെഷനിലും കൂടി ഇന്ത്യയെ എറിഞ്ഞിട്ടാല്‍ ദക്ഷിണാഫ്രിക്കക്ക് 2-0ന് പരമ്പര സ്വന്തമാക്കാനാവും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക