
പേള്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ (South Africa vs India 1st ODI) ടീം ഇന്ത്യ (Team India) 31 റണ്‍സിന്‍റെ തോല്‍വി നേരിട്ടിരുന്നു. മധ്യനിരയുടെ ബാറ്റിംഗ് പരാജയത്തിനൊപ്പം ഇന്ത്യന്‍ ബൌളർമാർക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല എന്നതും തോല്‍വിക്ക് കാരണമായി. ഇന്ത്യയെ ആദ്യമായി ഏകദിനത്തില്‍ നയിച്ച കെ എല്‍ രാഹുലിന്‍റെ (KL Rahul) തന്ത്രങ്ങള്‍ പിഴയ്ക്കുകയായിരുന്നോ പേളില്‍. ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍താരവും കമന്‍റേറ്ററുമായ ഗൗതം ഗംഭീർ (Gautam Gambhir).
'മത്സരം ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമാക്കിയതിന്‍റെ ക്രഡിറ്റ് തെംബാ ബാവൂമയ്ക്ക് നല്‍കുമ്പോഴും കൂടുതല്‍ അക്രമണോത്സുക ക്യാപ്റ്റന്‍സി രാഹുലില്‍ നിന്ന് ഗംഭീർ പ്രതീക്ഷിക്കുന്നുണ്ട്. 'ഇന്ത്യന്‍ ബൌളർമാർ മോശക്കാരാണ് എന്ന് തോന്നുന്നില്ല. ചിലപ്പോഴൊക്കെ ബാറ്റ്സ്മാനും ക്രഡിറ്റ് നല്‍കണം. തെംബാ ബാവൂമ മികച്ച ഫോമിലാണ്. ടെസ്റ്റ് പരമ്പരയില്‍ മികച്ച നിലയില്‍ കളിച്ച താരം ഏകദിനത്തിലും അത് തുടരുകയാണ്.
എന്നാല്‍ കെ എല്‍ രാഹുലില്‍ നിന്ന് അറ്റാക്കിംഗ് ഫീല്‍ഡിംഗ് ക്രമീകരണം പ്രതീക്ഷിക്കുന്നുണ്ട്. എയ്ഡന്‍ മർക്രാം പുറത്തായ ശേഷം യുസ്‍വേന്ദ്ര ചാഹല്‍ പന്തെറിയുമ്പോള്‍ സ്ലിപ്പിലും ഗള്ളിയിലും ഗള്ളി പോയിന്‍റിലും ഫീല്‍ഡർമാരെ പ്രതീക്ഷിച്ചിരുന്നു. അശ്വിന്‍ പന്തെറിയുമ്പോള്‍ ലെഗ് സ്ലിപ്പോ ഷോർട്ട് ലെഗോ വേണം. ഫീല്‍ഡ് സജ്ജീകരണത്തിന് അനുസരിച്ച് മാത്രമേ ബൌളർ പന്തെറിയൂ.
ബാവൂമയില്‍ നിന്ന് ക്രഡിറ്റ് തട്ടിയെടുക്കാനാവില്ല. ബാറ്റിംഗ് ലൈനപ്പില്‍ ആങ്കർ റോള്‍ അദേഹം നന്നായി നിറവേറ്റി. ക്വിന്‍റണ്‍ ഡികോക്ക്, എയ്ഡന്‍ മാർക്രം, വാന്‍ ഡെര്‍ ഡസന്‍, ഡേവിഡ് മില്ലർ എന്നിവരെല്ലാം പവർ ഗെയിമില്‍ വിശ്വസിക്കുന്നവരാണ്. അതിനാല്‍ ഒരു ബാറ്റ്സ്മാന്‍ വേണം ആങ്കർ റോളില്‍ ബാറ്റിംഗ് നിരയെ സന്തുലിതമാക്കാന്‍. ആ വേഷം ബാമൂവ നന്നായി ചെയ്തു' എന്ന് ഗംഭീർ കൂട്ടിച്ചേർത്തു.
ടോസ് നേടി ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിൽ 296 റൺസെടുത്തു. നായകന്‍ തെംബാ ബാവൂമയും (143 പന്തില്‍ 110), വാന്‍ ഡെര്‍ ഡസനും(96 പന്തില്‍ 129) സെഞ്ചുറി നേടി. മറുപടിയായി ഇന്ത്യക്ക് 8 വിക്കറ്റിന് 265 റൺസേ നേടാനായുള്ളൂ. 79 റൺസുമായി ശിഖര്‍ ധവാനും 51 റൺസെടുത്ത വിരാട് കോലിയും തിളങ്ങിയെങ്കിലും മധ്യനിരയുടെ പരാജയം തോല്‍വിയിലേക്ക് തള്ളിയിട്ടു. വാലറ്റത്ത് പുറത്താകാതെ 50 റണ്‍സെടുത്ത ഷർദ്ദുല്‍ ഠാക്കൂറാണ് തോല്‍വിഭാരം കുറച്ചത്.
SA vs IND: ഇന്ത്യയുടെ തുടക്കം തോല്‍വിയോടെ, ദക്ഷിണാഫ്രിക്കയുടെ ജയം 31 റണ്‍സിന്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!