
വാണ്ടറേഴ്‌സ്: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് (South Africa vs India 2nd Test) നാളെ വാണ്ടറേഴ്‌സിൽ (The Wanderers Stadium Johannesburg) തുടക്കമാവും. സെഞ്ചൂറിയനിൽ ജയിച്ച ഇന്ത്യ (Team India) പരമ്പരയിൽ മുന്നിലാണ്. വാണ്ടറേഴ്‌സിൽ ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. വാണ്ടറേഴ്‌സിൽ ഇന്ത്യ ഇതുവരെ തോറ്റിട്ടില്ല. കോച്ച് രാഹുൽ ദ്രാവിഡ് (Rahul Dravid) 1997ൽ ആദ്യ ടെസ്റ്റ് സെഞ്ചുറി നേടിയത് ഇതേവേദിയിലായിരുന്നു. ഫോം വീണ്ടെടുക്കാൻ കഴിയാത്ത ചേതേശ്വർ പൂജാരയ്ക്ക് പകരം ഹനുമ വിഹാരി (Hanuma Vihari) ടീമിലെത്തിയേക്കുമെന്ന് സൂചനയുണ്ട്.
സെഞ്ചൂറിയനിലെ ആദ്യ ടെസ്റ്റില്‍ 113 റണ്‍സിന് വിജയിച്ച് വിരാട് കോലിയും സംഘവും പരമ്പരയില്‍ 1-0ന് മുന്നിലെത്തുകയായിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഏഷ്യന്‍ ടീം സെഞ്ചൂറിയനില്‍ ടെസ്റ്റ് വിജയിക്കുന്നത്. ഇതിന് മുമ്പുള്ള 27ല്‍ 21 മത്സരങ്ങളും സെഞ്ചൂറിയനില്‍ വിജയിച്ച റെക്കോര്‍ഡ് പ്രോട്ടീസിനുണ്ടായിരുന്നു. ആദ്യ ടെസ്റ്റ് ജയിച്ചതോടെ ഇനിയുള്ള രണ്ട് മത്സരങ്ങളും പിടിച്ചടുക്കി ദക്ഷിണാഫ്രിക്കയില്‍ കന്നി ടെസ്റ്റ് പരമ്പര സ്വന്തമാക്കുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം.
രണ്ടാം ഇന്നിംഗ്‌സില്‍ 305 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്ക ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ വിറച്ച് 191 റണ്‍സില്‍ പുറത്തായി. സ്‌കോര്‍: ഇന്ത്യ- 327 & 174, ദക്ഷിണാഫ്രിക്ക-197 &191. ബുമ്രയും ഷമിയും മൂന്ന് വീതവും സിറാജും അശ്വിനും രണ്ട് വീതവും വിക്കറ്റും വീഴ്‌ത്തിയാണ് സെഞ്ചൂറിയനില്‍ രണ്ടാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്കയെ ചാരമാക്കിയത്. ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടിയ കെ എല്‍ രാഹുലാണ്(123 റണ്‍സ്) കളിയിലെ താരം.
1992/93 സീസണ്‍ മുതലിങ്ങോട്ട് ടീം ഇന്ത്യ ഏഴ് ദക്ഷിണാഫ്രിക്കന്‍ പര്യടനം നടത്തിയപ്പോള്‍ ആറ് പരമ്പര ജയങ്ങള്‍ പ്രോട്ടീസിനൊപ്പം നിന്നു. 2010/11 സീസണില്‍ എം എസ് ധോണിക്ക് കീഴില്‍ ടെസ്റ്റ് പരമ്പര സമനിലയിലാക്കിയതാണ് ഇന്ത്യയുടെ ഇതുവരെയുള്ള മികച്ച പ്രകടനവും ഏക ആശ്വാസവും. മൂന്ന് വര്‍ഷം മുമ്പ് വിരാട് കോലിയുടെ നേതൃത്വത്തില്‍ ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയിലെത്തിയപ്പോള്‍ ടെസ്റ്റ് പരമ്പരയില്‍ 1-2ന്‍റെ തോല്‍വി നേരിട്ടിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!