നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ആര്‍ അശ്വിന്‍ ഏകദിന ടീമിലേക്ക് തിരിച്ചെത്തി, ജസ്പ്രിത് ബുമ്ര ടീമിന്റെ വൈസ് ക്യാപ്റ്റായി, ശിഖര്‍ ധവാനേയും ടീമിലേക്ക തിരിച്ചുവിളിച്ചു, പുതുമുഖങ്ങളായ വെങ്കടേഷ് അയ്യര്‍, റിതുരാജ് ഗെയ്കവാദ് എന്നിവരും ടീമിലെത്തി.
മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ നിരവധി സര്‍പ്രൈസുകളുണ്ടായിരുന്നു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ആര്‍ അശ്വിന്‍ ഏകദിന ടീമിലേക്ക് തിരിച്ചെത്തി, ജസ്പ്രിത് ബുമ്ര ടീമിന്റെ വൈസ് ക്യാപ്റ്റായി, ശിഖര്‍ ധവാനേയും ടീമിലേക്ക തിരിച്ചുവിളിച്ചു, പുതുമുഖങ്ങളായ വെങ്കടേഷ് അയ്യര്‍, റിതുരാജ് ഗെയ്കവാദ് എന്നിവരും ടീമിലെത്തി. എന്നാല്‍ ടീമിലെത്തുമെന്ന് കരുതിയിരുന്നു പലര്‍ക്കും അവസരം ലഭിച്ചതുമില്ല.
വിജയ് ഹസാരെയില്‍ ബാറ്റിംഗിലും ബൗളിംഗിലും മികച്ച പ്രകടനം പുറത്തെടുത്ത ഋഷി ധവനാണ് അതില്‍ ആദ്യത്തെ താരം. വിജയ് ഹസാരെയിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിലും ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരങ്ങളുടെ പട്ടികയിലും ഋഷിയുണ്ടായിരുന്നു. മറ്റൊരാള്‍ തമിഴ്‌നാട് താരം ഷാറുഖ് ഖാനാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെയിലും താരം ഗംഭീര പ്രകടനം പുറത്തെടുത്തു.
കഴിഞ്ഞ ടീം സെലക്ഷന് ശേഷം ഈ രണ്ട് താരങ്ങളുടേയും പേരുകള്‍ മുഖ്യ സെലക്റ്റര്‍ ചേതന്‍ ശര്‍മ എടുത്തുപറയുകയുണ്ടായി. മറ്റു മൂന്ന് താരങ്ങളുടെ പേരും ശര്‍മ വെളിപ്പെടുത്തി. ഹര്‍ഷല്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ആവേഷ് ഖാന്‍ എന്നിവരാണ് മറ്റ് മൂന്ന് താരങ്ങള്‍. 2021ലെ ഐപിഎല്ലില്‍ ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച പ്രകടനമായ 32 വിക്കറ്റ് പ്രകടനത്തോടെ പര്‍പ്പിള്‍ ക്യാപ് നേടിയ താരമാണ് ഹര്‍ഷല്‍.
ന്യൂസീലന്‍ഡിനെതിരായ ടി20 പരമ്പരയിലൂടെ ഇന്ത്യന്‍ ടീമിലും അരങ്ങേറ്റം കുറിക്കാന്‍ ഹര്‍ഷലിന് സാധിച്ചു. ഏകദിന ടീമിലെ അരങ്ങറ്റത്തിന് താരം ഇനിയും കാത്തിരിക്കണം. യൂസ്‌വേന്ദ്ര ചാഹല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, അശ്വിന്‍ എന്നിവരാണ് ടീമിലുള്‍പ്പെട്ട് സ്പിന്നര്‍മാര്‍. ഇതോടെ ബിഷ്‌ണോയിയും കാത്തിരിക്കേണ്ടതായി വന്നു.
ആവേഷ് ഖാനാണ് മറ്റൊരു താരം. 2021ലെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം ഗംഭീര പ്രകടനം നടത്തി താരം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഭാവിയില്‍ പരിഗണിക്കുമെന്ന് മുഖ്യ സെലക്ടര്‍ വ്യക്തമാക്കുകയായിരുന്നു.
