
ജൊഹന്നസ്‌ബര്‍ഗ്: ഫോമില്ലായ്‌മയില്‍ കടുത്ത വിമര്‍ശനമാണ് ഇന്ത്യന്‍ (Team India) ടെസ്റ്റ് ബാറ്റര്‍മാരായ ചേതേശ്വര്‍ പൂജാരയും (Cheteshwar Pujara) അജിങ്ക്യ രഹാനെയും (Ajinkya Rahane) നേരിടുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വാണ്ടറേഴ്‌സില്‍ പുരോഗമിക്കുന്ന രണ്ടാം ടെസ്റ്റിന്‍റെ (South Africa vs India 2nd Test) ആദ്യ ഇന്നിംഗ്‌സിലും ഇവരുടെ ബാറ്റ് അമ്പേ പരാജയമായി. ഇതോടെ ടീമില്‍ നിന്ന് ഇരുവരെയും ഒഴിവാക്കണമെന്ന് ആരാധകര്‍ മുറവിളി കൂട്ടുമ്പോള്‍ പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ പേസര്‍ ആശിഷ് നെഹ്‌റ (Ashish Nehra).
'വിരാട് കോലിക്ക് പോലും ഇതേ നമ്പറുകളേയുള്ളൂ. എന്നാല്‍ ടീമില്‍ കോലിയുടെ സ്ഥാനം ആരും ചോദ്യം ചെയ്യുന്നില്ല. കോലി ക്യാപ്റ്റനും അദേഹം ചെയ്‌ത കാര്യങ്ങള്‍ ഇരുവരില്‍ നിന്നും മറ്റൊരു തലത്തിലുമാണ്. താരതമ്യങ്ങള്‍ നീതിയല്ല, ഏറ്റവും മികച്ച കാലത്ത് കോലിക്ക് തൊട്ടുപിന്നിലുണ്ടായിരുന്നു ഇരുവരും. എന്തായാലും പൂജാരയും രഹാനെയും വലിയ പ്രതിസന്ധിയിലാണ്. എന്നാല്‍ പ്രധാനപ്പെട്ട ഒരു പരമ്പരയുടെ മധ്യേ ഇരുവരെയും മാറ്റുന്നത് വലിയ തീരുമാനമാണ്' എന്നും നെഹ്‌റ കൂട്ടിച്ചേര്‍ത്തു.
ദയനീയം ബാറ്റിംഗ്
വാണ്ടറേഴ്‌സ് ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്‌സില്‍ ദയനീയ പ്രകടനമാണ് ചേതേശ്വര്‍ പൂജാരയും അജിങ്ക്യ രഹാനെയും പുറത്തെടുത്തത്. 33 പന്ത് നേരിട്ട പൂജാര മൂന്നില്‍ പുറത്തായെങ്കില്‍ രഹാനെ ഗോള്‍ഡണ്‍ ഡക്കായി. ടെസ്റ്റില്‍ മൂന്ന് വര്‍ഷമായി മൂന്നക്കമില്ലാത്ത താരമാണ് പൂജാര. രഹാനെ 2020 ഡിസംബറില്‍ മെല്‍ബണിലെ വിജയ ശതകത്തിന് ശേഷം സെഞ്ചുറിയിലെത്തിയിട്ടില്ല. വിരാട് കോലി, അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പൂജാര എന്നീ മധ്യനിരയായിരുന്നു ഒരുസമയത്ത് ടെസ്റ്റില്‍ ടീം ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത്.
2019നുശേഷം രഹാനെയും പൂജാരയും ചേര്‍ന്ന് 25.23 ശരാശരിയില്‍ 2271 റണ്‍സ് മാത്രമാണ് നേടിയത്. ഇതില്‍ 12 തവണ പൂജ്യത്തിന് പുറത്തായി. ദക്ഷിണാഫ്രിക്കക്കെതിരായ സെഞ്ചൂറിയന്‍ ടെസ്റ്റില്‍ പൂജാരയാണ് ഗോള്‍ഡന്‍ ഡക്കായതെങ്കില്‍ വാണ്ടറേഴ്സ് ടെസ്റ്റില്‍ അത് രഹാനെയായി. രഹാനെയുടെ കരിയറിലെ ആദ്യ ഗോള്‍ഡന്‍ ഡക്കുമായിരുന്നു ഇത്. 2021ല്‍ കളിച്ച 13 ടെസ്റ്റില്‍ 479 റണ്‍സ് മാത്രമാണ് രഹാനെ നേടിയത്. പൂജാരയാകട്ടെ 14 ടെസ്റ്റില്‍ 702 റണ്‍സും.
മുന്നറിയിപ്പുമായി സുനില്‍ ഗാവസ്‌കര്‍
വാണ്ടറേഴ്‌സിലെ രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യക്കായി അത്ഭുത പ്രകടനങ്ങളൊന്നും പുറത്തെടുത്തില്ലെങ്കില്‍ ഇരുവരുടെയും ടെസ്റ്റ് കരിയറിന് തന്നെ തിരശീല വീണേക്കുമെന്ന് സുനില്‍ ഗാവസ്‌കര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 'ഇനി അവര്‍ക്ക് ഒരേയൊരു ടെസ്റ്റ് ഇന്നിംഗ്സേ അവശേഷിക്കുന്നുള്ളൂ. അതായത്, ഈ ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സ്. രണ്ടാം ഇന്നിംഗ്സില്‍ അവര്‍ക്ക് കളിക്കാനാകുമെന്നാണ് കരുതുന്നത്. അതിലും പരായജയപ്പെട്ടാല്‍ പിന്നീടൊരു തിരിച്ചുവരവുണ്ടാകില്ലെ'ന്നും ഗാവസ്‌കര്‍ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!