
കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റില്‍ (India Tour of South Africa 2021-22) ഒരിക്കല്‍ക്കൂടി തന്‍റെ പേസ് സൌന്ദര്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ (Team India) പേസർ ജസ്‍പ്രീത് ബുമ്ര (Jasprit Bumrah). പ്രോട്ടീസിനെതിരായ മൂന്നാം ടെസ്റ്റിന്‍റെ (South Africa vs India 3rd Test) രണ്ടാംദിനം അഞ്ച് വിക്കറ്റുമായി ബുമ്ര മൈതാനംവാണു. ബുമ്രയുടെ ടെസ്റ്റ് കരിയറിലെ ഏഴാം അഞ്ച് വിക്കറ്റ് പ്രകടനമാണിത്. ഇതിന് പിന്നാലെ താരത്തിന് വമ്പന്‍ പ്രശംസയുമായി മുന്‍താരം ഗൌതം ഗംഭീർ (Gautam Gambhir) രംഗത്തെത്തി.
ജസ്പ്രീത് ബുമ്രയെ നേരിടാന്‍ ആരും ആഗ്രഹിക്കുന്നില്ല എന്നാണ് ഗംഭീറിന്‍റെ വാക്കുകള്‍.
'ഭയപ്പെടുത്തുന്നതിലുപരി ദിവസത്തിലുടനീളം, ഈ ഇന്നിംഗ്സിലുടനീളം, ചിലപ്പോള്‍ പരമ്പരയിലുടനീളം എതിരാളികള്‍ക്ക് ഭീഷണിയാവുകയാണ് ബുമ്ര. ബാറ്റ്സ്മാന്മാരെ പരീക്ഷിക്കുന്നതാണ് ബുമ്രയുടെ ബൌളിംഗ് ലൈന്‍. ലോകത്തെ മുന്‍നിര ബാറ്റർമാരോടെല്ലാം ചോദിക്കൂ, ആരും അയാളെ നേരിടാന്‍ ധൈര്യപ്പെടുന്നില്ല. സ്റ്റംപുകള്‍ക്ക് വളരെ അരികെയാണ് ബുമ്ര പന്തെറിയുന്നത്. ഓഫ് സ്റ്റംപാണ് അധികവും ലക്ഷ്യം. അവിടെ നിന്ന് ചെറിയ മൂവ്മെന്‍റ് ലഭിക്കുന്ന താരം കൂടുതല്‍ എഡ്ജുകളുണ്ടാക്കുന്നു' എന്നും ഗംഭീർ സ്റ്റാർ സ്പോർട്സിലെ ഷോയില്‍ പറഞ്ഞു.
ബുമ്രക്ക് മാത്രമല്ല, സഹ പേസർ മുഹമ്മദ് ഷമിക്കും ഗംഭീറിന്‍റെ പ്രശംസയുണ്ട്. 'ഏത് ബാറ്റർക്കും വെല്ലുവിളിയാവുന്ന ബൌളർമാരാണ് ബുമ്രയും ഷമിയും. വളരെ അപകടകാരിയാണ് ഷമി. ടെസ്റ്റ് ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും മികച്ച പേസർമാരില്‍ ഒരാളാണ് ഷമി' എന്നും ഗംഭീർ കൂട്ടിച്ചേർത്തു.
കേപ് ടൗണില്‍ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യ രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സെടുത്തിട്ടുണ്ട്. സന്ദര്‍ശകര്‍ക്കിപ്പോള്‍ 70 റണ്‍സിന്‍റെ ലീഡായി. ചേതേശ്വര്‍ പൂജാര (9), വിരാട് കോലി (14) എന്നിവരാണ് ക്രീസില്‍. നേരത്തെ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്‌സ് 210ന് അവസാനിച്ചിരുന്നു. ജസ്പ്രീത് ബുമ്ര അഞ്ച് വിക്കറ്റെടുത്തു. 13 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് ഇതോടെ സന്ദര്‍ശകര്‍ നേടി. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് 223ന് അവസാനിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!