
ബ്ലൂംഫോണ്ടെയിന്‍: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. ബ്ലൂംഫോണ്ടെയിനിൽ നടന്ന രണ്ടാം ഏകദിനം ആറ് വിക്കറ്റിന് ദക്ഷിണാഫ്രിക്ക ജയിച്ചതോടെയാണിത്. വിജയലക്ഷ്യമായ 272 റൺസ് ഒന്‍പത് പന്ത് ബാക്കിനില്‍ക്കെ ദക്ഷിണാഫ്രിക്ക മറികടന്നു. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0ന് ദക്ഷിണാഫ്രിക്ക നേടി. പരമ്പരയിലെ അവസാന മത്സരം ശനിയാഴ്‌ച നടക്കും.
സെഞ്ചുറി നേടിയ ജനെമന്‍ മലന്‍ ആണ് ദക്ഷിണാഫ്രിക്കയുടെ വിജയശിൽപി. മലന്‍ 139 പന്തില്‍ 129 റൺസുമായി പുറത്താകാതെ നിന്നു. 51 റൺസെടുത്ത ക്ലാസ്സനും 37 റൺസെടുത്ത ഡേവിഡ് മില്ലറും മികച്ച പിന്തുണ നൽകി. നായകന്‍ ക്വിന്‍റണ്‍ ഡികോക്ക് പൂജ്യത്തിന് പുറത്തായി. ആദ്യ ഓവറിലെ മൂന്നാം പന്തില്‍ ഡികോക്കിനെ നഷ്‌ടമായിട്ടും ശക്തമായി തിരിച്ചെത്തുകയായിരുന്നു പ്രോട്ടീസ്. ഓസീസിനായി സ്‌പിന്നര്‍ ആദം സാംപ രണ്ടും പേസര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും ഓരോ വിക്കറ്റും നേടി.
ആറ് വിക്കറ്റ് വീഴ്‌ത്തിയ പേസര്‍ ലുങ്കി എന്‍ഗിഡിയാണ് ഓസീസിനെ 271ല്‍ തളച്ചത്. 69 റണ്‍സ് വീതമെടുത്ത നായകന്‍ ആരോണ്‍ ഫിഞ്ചും ഡാര്‍സി ഷോര്‍ട്ടുമാണ് ടോപ് സ്‌കോറര്‍മാര്‍. സൂപ്പര്‍ താരങ്ങളായ ഡേവിഡ് വാര്‍ണര്‍ 35ഉം സ്‌റ്റീവ് സ്‌മിത്ത് 13ഉം റണ്‍സിന് പുറത്തായി. മാര്‍നസ് ലബുഷെയ്‌ന്‍(0), മിച്ചല്‍ മാര്‍ഷ്(36), അലക്‌സ് ക്യാരി(21), ആഷ്‌ടണ്‍ അഗര്‍(9), പാറ്റ് കമ്മിന്‍സ്(6), മിച്ചല്‍ സ്റ്റാര്‍ക്ക്(3), ആദം സാംപ(3*) എന്നിങ്ങനെയായിരുന്നു സ്‌കോര്‍. നോര്‍ജെ രണ്ടും ഫെഹ്‌ലൂക്വായോയും ഷംസിയും ഓരോ വിക്കറ്റ് നേടി.