ക്രീസില്‍ വെറുതെ നില്‍ക്കാനാണെങ്കില്‍ സെക്യൂരിറ്റിയെ വിളിച്ചാല്‍ പോരെ; രഹാനെക്കെതിരെ ആഞ്ഞടിച്ച് മുന്‍ താരം

By Web TeamFirst Published Mar 4, 2020, 11:01 PM IST
Highlights

സാങ്കേതിക തികവൊത്ത ബാറ്റ്സ്മാനാണെന്ന് തെളിയിക്കാനായി ക്രീസില്‍ മുട്ടി നില്‍ക്കുമ്പോള്‍ റണ്‍സ് ആരടിക്കും. അങ്ങനെ ക്രീസില്‍ വെറുതെ നില്‍ക്കാനാണെങ്കില്‍ ഒരു സെക്യൂരിറ്റിക്കാരനെ വെച്ചാല്‍ പോരെയെന്നും സന്ദീപ് പാട്ടീല്‍.

മുംബൈ: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ബാറ്റിംഗില്‍ നിറം മങ്ങിയ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെക്കെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ താരം സന്ദീപ് പാട്ടീല്‍. ന്യൂസിലന്‍ഡിനെതിരെ രണ്ട് ടെസ്റ്റിലെ നാല് ഇന്നിംഗ്സുകളില്‍ നിന്നായി21.50 ശരാശരിയില്‍ 91 റണ്‍സ് മാത്രമാണ് രഹാനെ നേടിയത്. ആദ്യ ടെസ്റ്റില്‍ 138 പന്ത് നേരിട്ട് 46 റണ്‍സ് മാത്രമെടുത്ത രഹാനെയുടെ മെല്ലെപ്പോക്കിനെ നിരവധിപേര്‍ വിമര്‍ശിച്ചിരുന്നു.

പുറത്താകുമെന്ന ഭീതികൊണ്ടാണ് രഹാനെ മുട്ടി നിന്നതെന്ന് സന്ദീപ് പാട്ടീല്‍ ടൈംസ് ഓഫ് ഇന്ത്യക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. ഇത്തവണ രഞ്ജി ട്രോഫിയില്‍ മുംബൈക്കായി ഇറങ്ങിയപ്പോഴും രഹാനെയുടെ മെല്ലെപ്പോക്ക് ചര്‍ച്ചയായത് ഞാന്‍ കേട്ടിരുന്നു. ന്യൂസിലന്‍ഡിലും കണ്ടത് മറ്റൊന്നല്ല. പുറത്താകുമെന്ന ഭയം കാരണമാണ് കരുതലോടെ കളിക്കുന്നത്. ഇന്ത്യയെ നയിച്ചിട്ടുള്ള താരമാണ് രഹാനെ. വിദേശത്ത് മികച്ച റെക്കോര്‍ഡുള്ള കളിക്കാരന്‍. പക്ഷെ അതൊക്കെ ചരിത്രമാണ്.

ഇപ്പോള്‍ ടെസ്റ്റ് ടീമില്‍ മാത്രമാണ് രഹാനെക്ക് സ്ഥാനമുള്ളത്. ഏകദിന ടീമിലേക്ക് പരിഗണിക്കുന്നതേയില്ല. അപ്പോള്‍ ടെസ്റ്റ് ടീമില്‍ നിലനില്‍ക്കാനായി മികച്ച ബാറ്റിഗ് ടെക്നിക്കുണ്ടെന്ന് തെളിയിക്കണം. അത് മനുഷ്യസഹജമാണ്. പക്ഷെ സാങ്കേതിക തികവൊത്ത ബാറ്റ്സ്മാനാണെന്ന് തെളിയിക്കാനായി ക്രീസില്‍ മുട്ടി നില്‍ക്കുമ്പോള്‍ റണ്‍സ് ആരടിക്കും. അങ്ങനെ ക്രീസില്‍ വെറുതെ നില്‍ക്കാനാണെങ്കില്‍ ഒരു സെക്യൂരിറ്റിക്കാരനെ വെച്ചാല്‍ പോരെയെന്നും സന്ദീപ് പാട്ടീല്‍ ചോദിച്ചു.

ഇക്കാര്യം രഹാനെക്ക് പറഞ്ഞുകൊടുക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെ എന്തിനാണ് രവി ശാസ്ത്രിയും ബാറ്റിംഗ് പരിശീലകന്‍ വിക്രം രാത്തോഡും ഇരിക്കുന്നത്. ഒരു ബാറ്റ്സ്മാന്‍ മുട്ടിക്കളിച്ച് പ്രതിരോധാത്മക സമീപനം സ്വീകരിച്ചാല്‍ മറ്റുള്ളവരും ആ വഴി നോക്കും. കാരണം അയാള്‍ക്ക് ശേഷം വരുന്നവര്‍ കരുതുക, മികച്ച ബൗളിംഗായതുകൊണ്ടാണ് റണ്‍സടിക്കാന്‍ കഴിയാത്ത് എന്നാണ്. ടീമിനെയാണ് ഇത് മൊത്തത്തില്‍ ബാധിക്കുന്നതെന്നും സന്ദീപ് പാട്ടീല്‍ പറഞ്ഞു.

click me!