ENG vs SA : മുന്നില്‍ നിന്ന് നയിച്ച് റൂസ്സോ; ഇംഗ്ലണ്ടിനെതിരെ രണ്ടാം ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയം

By Web TeamFirst Published Jul 29, 2022, 10:41 AM IST
Highlights

55 പന്തില്‍ പുറത്താവാതെ 96 റണ്‍സ് നേടിയ റിലീ റൂസ്സോയാണ് ദക്ഷിണാഫ്രിക്കയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ക്വിന്റണ്‍ ഡി കോക്ക് (11 പന്തില്‍ 15) നേരത്തെ മടങ്ങിയെങ്കിലും റീസ ഹെന്‍ഡ്രിക്‌സിനൊപ്പം ചേര്‍ന്ന് ((32 പന്തില്‍ 55) റൂസ്സോ ദക്ഷിണാഫ്രിക്കയെ മികച്ച സ്‌കോറിലേക്ക് നയിച്ചു.

കാര്‍ഡിഫ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. കാര്‍ഡിഫില്‍ നടന്ന മത്സരത്തില്‍ 58 റണ്‍സിന്റെ ജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. ടോസ് നഷ്ടമപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 16.4 ഓവറില്‍ 149ന് എല്ലാവരും പുറത്തായി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഒപ്പമെത്താന്‍ ദക്ഷിണാഫ്രിക്കയ്ക്കായി.

55 പന്തില്‍ പുറത്താവാതെ 96 റണ്‍സ് നേടിയ റിലീ റൂസ്സോയാണ് ദക്ഷിണാഫ്രിക്കയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ക്വിന്റണ്‍ ഡി കോക്ക് (11 പന്തില്‍ 15) നേരത്തെ മടങ്ങിയെങ്കിലും റീസ ഹെന്‍ഡ്രിക്‌സിനൊപ്പം ചേര്‍ന്ന് ((32 പന്തില്‍ 55) റൂസ്സോ ദക്ഷിണാഫ്രിക്കയെ മികച്ച സ്‌കോറിലേക്ക് നയിച്ചു. ഇരുവരും 73 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഹെന്‍ഡ്രിക്‌സിനെ പുറത്താക്കി റിച്ചാര്‍ഡ് ഗ്ലീസണ്‍ ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കി. ഹെന്റിച്ച് ക്ലാസണ്‍ (10 പന്തില്‍ 19) നേരത്തെ മടങ്ങി. എങ്കിലും റൂസ്സോ സ്‌കോര്‍ 200 കടത്താന്‍ സഹായിച്ചു. അഞ്ച് സിക്‌സും പത്ത് ഫോറും അടങ്ങുന്നതായിരുന്നു റൂസ്സോവിന്റെ ഇന്നിംഗ്‌സ്. ട്രിസ്റ്റന്‍ സ്റ്റബ്‌സ് (15) പുറത്താവാതെ നിന്നു. 

മറുപടി ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ടിന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായികൊണ്ടിരുന്നു. 30 റണ്‍സെടുത്ത ജോണി ബെയര്‍സ്‌റ്റോയാണ് ഇംഗ്ലണ്ട് ടോപ് സ്‌കോറര്‍. ഉറച്ച കൂട്ടുകെട്ട് പോലും ഇംഗ്ലണ്ട് താരങ്ങളുടെ ഭാഗത്തുനിന്നുണ്ടായില്ല. ജേസണ്‍ റോയ് (20), ജോസ് ബട്‌ലര്‍ (29), ഡേവിഡ് മലാന്‍ (5), മൊയീന്‍ അലി (28), സാം കറന്‍ (2), ലിയാം ലിവിംഗ്‌സറ്റണ്‍ (18) എന്നിങ്ങനെയാണ് പ്രമുഖ താരങ്ങളുടെ സ്‌കോറുകള്‍. ക്രിസ് ജോര്‍ദാന്‍ (5), ആദില്‍ റഷീദ് (3), റിച്ചാര്‍ഡ് ഗ്ലീസണ്‍ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. റീസെ ടോപ്‌ലി (1) പുറത്താവാത നിന്നു. 

ആന്‍ഡിലെ ഫെഹ്ലുക്വായോ, തബ്രൈസ് ഷംസി എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ലുംഗി എന്‍ഗിഡിക്ക് രണ്ട് വിക്കറ്റുണ്ട്. കേശവ് മഹാരാജ്, കഗിസോ റബാദ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. പരമ്പരയില്‍ നിര്‍ണായകമായ മൂന്നാം ഏകദിനം ഞായറാഴ്ച്ച സതാംപ്ടണില്‍ നടക്കും. നേരത്തെ ഏകദിന 1-1 സമനിലയില്‍ അവസാനിച്ചിരുന്നു. മൂന്നാം ഏകദിനം മഴയെ തുടര്‍ന്ന് കളിക്കാനായിരുന്നില്ല.

click me!