
കൊല്‍ക്കത്ത: ഇന്ത്യക്കെതിരായ ഏകദിന പരമ്പര പാതിവഴിയിൽ ഉപേക്ഷിച്ച് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം നാട്ടിലേക്ക് മടങ്ങി. കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ എല്ലാ കായികമത്സരങ്ങളും നിര്‍ത്തി കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നു. ഇതോടെ ഒരു പന്ത് പോലും എറിയാതെയാണ് ഏകദിന പരമ്പര റദ്ദാക്കിയത്.
മഴയെത്തുടര്‍ന്ന് ധര്‍മശാലയിലെ ആദ്യ ഏകദിനം ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരത്തിനായി ദക്ഷിണാഫിക്കന്‍ ടീം കൊല്‍ക്കത്തയിൽ എത്തിയിരുന്നു. അടച്ചിട്ട സ്‌റ്റേഡിയത്തില്‍ മത്സരം നടത്താനായിരുന്നു ബിസിസിഐ തീരുമാനം. എന്നാല്‍ സാഹചര്യങ്ങള്‍ കൂടുതല്‍ സങ്കീർണമായതോടെ പരമ്പര ഉപേക്ഷിക്കുകയായിരുന്നു. ഇതേസമയം, യാത്രകള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ വന്നതോടെ ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ നാട്ടിലേക്കുള്ള മടക്കം അനിശ്ചിതത്വത്തിലായിരുന്നു.
കൊവിഡ്-19 ഭീതിയെ തുടർന്ന് ഇംഗ്ലണ്ടിന്‍റെ ശ്രീലങ്കന്‍ പര്യടനവും ഓസ്ട്രേലിയ-ന്യൂസിലന്‍ഡ് ഏകദിന പരമ്പരയും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു. സച്ചിന്‍ ടെന്‍ഡുല്‍ക്കറും ബ്രയാന്‍ ലാറയും ഉള്‍പ്പെടുന്ന ഇതിഹാസ താരങ്ങള്‍ അണിനിരക്കുന്ന റോഡ് സേഫ്റ്റി വേള്‍ഡ് ടി20 ലീഗും പാതിവഴിയില്‍ ഉപേക്ഷിച്ചു. ഇന്ത്യന്‍ പ്രീമിയർ ലീഗ് ഏപ്രില്‍ 15 വരെ മാറ്റിവച്ചിരിക്കുകയാണ്. പാകിസ്ഥാന്‍ സൂപ്പർ ലീഗും നിർത്തിവച്ചു.
ന്യൂസിലന്‍ഡ് പേസർ ലോക്കി ഫെർഗൂസനും ഓസ്ട്രേലിയന്‍ താരം കെയ്‍ന്‍ റിച്ചാർഡ്‍സണും കൊവിഡ് 19 സംശയത്തിലായിരുന്നു. എന്നാല്‍ ഇരുവര്‍ക്കും കൊവിഡ് പരിശോധനയില്‍ ഫലം നെഗറ്റീവായത് ആശ്വാസമായി. ഓസ്ട്രേലിയ-ന്യൂസിലന്‍ഡ് ഏകദിന പരമ്പരക്കിടെയായിരുന്നു സംഭവം.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!