സതാംപ്ടണില്‍ മഴ; ഇംഗ്ലണ്ട്- പാകിസ്ഥാന്‍ മൂന്നാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

By Web TeamFirst Published Aug 25, 2020, 12:27 AM IST
Highlights

ഒരു ദിനം മാത്രം ശേഷിക്കെ ഇംഗ്ലണ്ടിനെ ഇനിയും ബാറ്റിങ്ങിന് അയക്കണമെങ്കില്‍ സന്ദര്‍ശകര്‍ക്ക് 211 റണ്‍സ്‌കൂടി വേണം.

സതാംപ്ടണ്‍: ഇംഗ്ലണ്ട്- പാകിസ്ഥാന്‍ മൂന്നാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. നാലാം ദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ടിന് 100 എന്ന നിലയിലാണ് പാകിസ്ഥാന്‍. ഒരു ദിനം മാത്രം ശേഷിക്കെ ഇംഗ്ലണ്ടിനെ ഇനിയും ബാറ്റിങ്ങിന് അയക്കണമെങ്കില്‍ സന്ദര്‍ശകര്‍ക്ക് 211 റണ്‍സ്‌കൂടി വേണം. എന്നാല്‍ എട്ട് വിക്കറ്റ് കൂടി നേടിയാല്‍ ഇംഗ്ലണ്ടിന് പരമ്പരയിലെ രണ്ടാംജയം ഉറപ്പിക്കാം. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സ് സ്‌കോറായ 583നെതിരെ പാകിസ്ഥാന്‍ ഒന്നാം ഇന്നിങ്‌സില്‍ 273ന് എല്ലാവരും പുറത്തായിരുന്നു. പിന്നാലെ ആതിഥേയര്‍ ഫോളോഓണ്‍ ചെയ്യിക്കുകയായിരുന്നു.

ഇന്ന് വീണ രണ്ട് വിക്കറ്റുകളില്‍ ഓരോന്ന് വീതം സ്റ്റുവര്‍ട്ട് ബ്രോഡും ജയിംസ് ആന്‍ഡേഴ്‌സണും സ്വന്തമാക്കി. ഇതോടെ ആന്‍ഡേഴ്‌സണിന് ടെസ്റ്റ് കരിയറില്‍ 599 വിക്കറ്റുകളായി. രണ്ട് വിക്കറ്റ് കൂടി നേടിയാല്‍ ഇംഗ്ലീഷ് പേസര്‍ക്ക് മുന്‍ ഓസീസ് താരം ഷെയ്ന്‍ വോണിനെ മറികടക്കാം. ആബിദ് അലിയുടെ വിക്കറ്റാണ് ആന്‍ഡേഴ്‌സണ്‍ വീഴ്ത്തിത്. മറ്റൊരു ഓപ്പണറായ ഷാന്‍ മസൂദിനെ ബ്രോഡ് മടക്കിയയച്ചു. ക്യാപ്റ്റന്‍ അസര്‍ അലി (29), ബാബര്‍ അസം (4) എന്നിവരാണ് ക്രീസില്‍. 

നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ 310 റണ്‍സിന്റെ ലീഡാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ആന്‍ഡേഴ്സണിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് പാകിസ്ഥാനെ തകര്‍ത്തത്. ക്യാപ്റ്റന്‍ അസര്‍ അലി (പുറത്താവാതെ 141) സെഞ്ചുറി നേടി. എന്നാല്‍ മറ്റാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല.21 ബൗണ്ടറികളുടെ സഹായത്തോടെയാണ് അസര്‍ ഇത്രയും റണ്‍സ് നേടിയത്. ആദ്യ രണ്ട് ടെസ്റ്റിലും താരം പരാജയമായിരുന്നു. ഈ പ്രകടനം താരത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.

ആന്‍ഡേഴ്സണിന് പുറമെ സ്റ്റുവര്‍ട്ട് ബ്രോഡ് രണ്ടും ക്രിസ് വോക്സ്, ബെസ്സ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. നേരത്തെ സാക്ക് ക്രോളി (267), ജോസ് ബട്ലര്‍ (152) എന്നിവരുടെ പ്രകടനമാണ് ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചിരുന്നത്. പാകിസ്ഥാനായി അഫ്രീദി, യാസിര്‍ ഷാ, ഫവാദ് ആലം എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മൂന്ന് ടെസ്റ്റുകളുടെ പരമ്പരിയില്‍ ഇംഗ്ലണ്ട് 1-0ത്തിന് മുന്നിലാണ്. ആദ്യ മത്സരം ഇംഗ്ലണ്ട് ജയിച്ചിരുന്നു. രണ്ടാം ടെസ്റ്റ് മഴ കാരണം പൂര്‍ത്തിയാക്കാനായില്ല.

click me!