സതാംപ്ടണില്‍ ഇംഗ്ലണ്ടിനെതിരെ വിന്‍ഡീസിന്റെ ഗംഭീര തിരിച്ചുവരവ്; ഇരു ടീമുകള്‍ക്കും ജയസാധ്യത

By Web TeamFirst Published Jul 12, 2020, 10:09 AM IST
Highlights

ഇംഗ്ലണ്ട്- വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ ഒന്നാം ടെസ്റ്റില്‍ ഇരുടീമുകള്‍ക്കും വിജയപ്രതീക്ഷ. നാലാം ദിനം സ്റ്റംപെടുത്തപ്പോള്‍ ഇംഗ്ലണ്ട് എട്ടിന് 284 എന്ന നിലയിലാണ്. നിലവില്‍ 170 റണ്‍സിന്റെ ലീഡാണ് ആതിഥയേര്‍ക്കുള്ളത്.

സതാംപ്ടണ്‍: ഇംഗ്ലണ്ട്- വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ ഒന്നാം ടെസ്റ്റില്‍ ഇരുടീമുകള്‍ക്കും വിജയപ്രതീക്ഷ. നാലാം ദിനം സ്റ്റംപെടുത്തപ്പോള്‍ ഇംഗ്ലണ്ട് എട്ടിന് 284 എന്ന നിലയിലാണ്. നിലവില്‍ 170 റണ്‍സിന്റെ ലീഡാണ് ആതിഥയേര്‍ക്കുള്ളത്. അവസാനദിനം തുടക്കത്തില്‍ ഇംഗ്ലണ്ടിന്റെ വിക്കറ്റുകള്‍ വീഴ്ത്താന്‍ സാധിച്ചാല്‍ വിന്‍ഡിന് ജയസാധ്യതയുണ്ട്. അതേസമയം ജയിംസ് ആന്‍ഡേഴ്‌സണ്‍, ജോഫ്ര ആര്‍ച്ചര്‍, മാര്‍ക് വുഡ് എന്നിവര്‍ ഉള്‍പ്പെടുന്ന പേസ് നിരയ്‌ക്കെതിരെ വിന്‍ഡീസ് എങ്ങനെ ബാറ്റേന്തുമെന്ന് കണ്ടറിയേണ്ടിരിക്കുന്നു.

ഒന്നാം ഇന്നിങ്‌സില്‍ 114 റണ്‍സിന്റെ ലീഡാണ് വിന്‍ഡീസ് നേടിയിരുന്നത്. ടോസ് നേടിയ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ സന്ദര്‍ശകര്‍ 204 റണ്‍സിന് എറിഞ്ഞിട്ടു. ജേസണ്‍ ഹോള്‍ഡറുടെ ആറും ഷാനോന്‍ ഗബ്രിയേലിന്റെ നാല് വിക്കറ്റ് പ്രകടനവുമാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. മറുപടി ബാറ്റിങ്ങില്‍ വിന്‍ഡീസ് 318 റണ്‍സ് നേടി. 65 റണ്‍സ് നേടിയ ക്രെയ്ഗ് ബ്രാത്‌വെയ്റ്റായിരുന്നു വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. ബെന്‍ സ്‌റ്റോക്‌സ് നാലും ആന്‍ഡേഴ്‌സണ്‍ മൂന്നും വിക്കറ്റ് വീഴ്ത്തി.

രണ്ടാം ഇന്നിങ്‌സില്‍ വിന്‍ഡീസ് മികച്ച രീതിയില്‍ തുടങ്ങി. ഓപ്പണര്‍മാരായ റോറി ബേണ്‍സ് (42)- ഡോം സിബ്ലി (50) സഖ്യം മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് നല്‍കിയത്. ഇരുവരും 72 റണ്‍സ് കൂട്ടിച്ചേര്‍ത്തു.  എന്നാല്‍ ബേണ്‍സിനെ പുറത്താക്കി ചേസ് വിന്‍ഡീസിന് ബ്രേക്ക് ത്രൂ നല്‍കി. ജോ ഡെന്‍ലി (29)- സിബ്ലി സഖ്യം മറ്റൊരു കൂട്ടുകെട്ടിന് ശ്രമിച്ചെങ്കിലും സിബ്ലിയെ ഗബ്രിയേല്‍ മടക്കിയയച്ചു. അധികം വൈകാതെ ഡെന്‍ലി ചേസിന്റെ പന്തില്‍ കീഴടങ്ങി.

പിന്നാലെ സാക് ക്രോളി (76), ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് (46) എന്നിവര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഇരുവരും 98 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സ്റ്റോക്‌സ് മടങ്ങിയത് ഇംണ്ടിന് തിരിച്ചടിയായി. പിന്നാലെ കൂട്ടത്തകര്‍ച്ച. ക്രോളിയെ അള്‍സാരി ജോസഫ് മടക്കിയയച്ചു. ഒല്ലി പോപ് (12), ജോസ് ബട്‌ലര്‍ (9), ഡൊമിനിക് ബെസ്സ് (3) എന്നിവര്‍ക്കും പിടിച്ചു നില്‍ക്കാനായില്ല. ജോഫ്ര ആര്‍ച്ചര്‍ (5), മാര്‍ക്ക് വുഡ് (1) എന്നിവരാണ് ക്രീസില്‍. ഗബ്രിയേല്‍ വിന്‍ഡീസിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. റോസ്റ്റണ്‍ ചേസ്, അള്‍സാരി ജോസഫ് എന്നിവര്‍ക്ക് രണ്ട് വിക്കറ്റുണ്ട്.

click me!