വ്യത്യസ്ത ക്യാപ്റ്റന്‍മാര്‍; ടീമില്‍ ഭിന്നിപ്പുണ്ടാക്കുമെന്ന് കപില്‍ ദേവ്

By Web TeamFirst Published Nov 21, 2020, 12:18 PM IST
Highlights

ടി 20യിൽ കളിക്കുന്നുണ്ടെങ്കിൽ വിരാട് കോലി തന്നെയാണ് ഇന്ത്യയെ നയിക്കേണ്ടത്. അല്ലാത്തപക്ഷം ടീമിൽ ഭിന്നത ഉണ്ടാവാൻ സാധ്യതയുണ്ടെന്നും കപിൽ ദേവ് പറഞ്ഞു. മറ്റ് താരങ്ങളും നായകന്‍മാരാവുന്നത് കാണാന്‍ ആഗ്രഹമുണ്ടെങ്കിലും നിലവില്‍ അതിനുള്ള സാധ്യതയില്ലെന്നും കപില്‍

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിൽ വ്യത്യസ്ത ഫോർമാറ്റിൽ വ്യത്യസ്ത ക്യാപ്റ്റൻമാർ എന്ന അഭിപ്രായത്തോട് തനിക്ക് യോജിപ്പില്ലെന്ന് കപിൽ ദേവ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഒറ്റ ക്യാപ്റ്റനാണ് അനുയോജ്യമെന്നും കപിൽ ദേവ് ഹിന്ദുസ്ഥാന്‍ ടൈംസിന്‍റെ ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ പങ്കെടുത്ത് പറഞ്ഞു.

ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസ് വീണ്ടും ചാമ്പ്യൻമാരായപ്പോൾ രോഹിത് ശർമ്മയെ ഇന്ത്യൻ ട്വന്റി 20 നായകൻ ആക്കണമെന്ന വാദം ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് കപിൽ ദേവ് തന്റെ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് രണ്ടു ക്യാപ്റ്റന്‍മാര്‍ നയിക്കുന്നതിനോടു താന്‍ യോജിക്കുന്നില്ല. ഇന്ത്യൻ സാഹചര്യത്തിൽ ഒട്ടും ഗുണകരനായ തീരുമാനമായിരിക്കില്ല ഇത്. ഒരു കമ്പനിയിൽ രണ്ട് സി ഇ ഒമാരെ നിയമിക്കുന്നതുപോലെ ആയിരിക്കും ഇത്.

ടി 20യിൽ കളിക്കുന്നുണ്ടെങ്കിൽ വിരാട് കോലി തന്നെയാണ് ഇന്ത്യയെ നയിക്കേണ്ടത്. അല്ലാത്തപക്ഷം ടീമിൽ ഭിന്നത ഉണ്ടാവാൻ സാധ്യതയുണ്ടെന്നും കപിൽ ദേവ് പറഞ്ഞു. മറ്റ് താരങ്ങളും നായകന്‍മാരാവുന്നത് കാണാന്‍ ആഗ്രഹമുണ്ടെങ്കിലും നിലവില്‍ അതിനുള്ള സാധ്യതയില്ലെന്നും കപില്‍ പറഞ്ഞു. വ്യത്യസ്ത ഫോര്‍മാറ്റുകളിലും ഇന്ത്യയുടെ 70-80 ശതമാനം കളിക്കാരും ഒരേ താരങ്ങളാണ്. അതുകൊണ്ടുതന്നെ വ്യത്യസ്ത ക്യാപ്റ്റന്‍മാരുണ്ടാകുന്നതിനോട് കളിക്കാരും യോജിക്കാനിടയില്ല.

കാരണം ഓരോ ക്യാപ്റ്റനും ഓരോ തന്ത്രമായിരിക്കും. അത് കളിക്കാര്‍ക്ക് ഇഷ്ടമാവണമെന്നില്ല. അത് കളിക്കാര്‍ക്കിടയില്‍ കൂടുതല്‍ ഭിന്നിപ്പ് ഉണ്ടാക്കുകയേയുള്ളു. രണ്ട് ക്യാപ്റ്റന്‍മാരുണ്ടായാല്‍, കളിക്കാര്‍ ചിന്തിക്കുക, അയാള്‍ എന്‍റെ ടെസ്റ്റ് ക്യാപ്റ്റനാണ്, അയാളെ പിണക്കരുത് എന്നായിരിക്കുമെന്നും കപില്‍ പറഞ്ഞു.

click me!