കരാര്‍ ഒപ്പിട്ടില്ലെങ്കില്‍ പുറത്ത്, ശ്രീലങ്കന്‍ ക്രിക്കറ്റില്‍ പ്രതിസന്ധി; ഇന്ത്യക്കെതിരെ രണ്ടാംനിര ടീം..?

By Web TeamFirst Published Jul 5, 2021, 11:07 AM IST
Highlights

പ്രതിഫലം വെട്ടിക്കുറച്ചതിന്റെ പേരില്‍ മുതിര്‍ന്ന താരങ്ങള്‍ ഉള്‍പ്പെടെ വാര്‍ഷിക കരാര്‍ ഒപ്പിടാതെ പ്രതിഷേധിക്കുന്നത് ലങ്കന്‍ ടീമില്‍ പ്രതിസന്ധിയായി തുടരുകയാണ്.

കൊളംബൊ: വാര്‍ഷിക കരാര്‍ പുതുക്കാത്ത താരങ്ങള്‍ക്ക് അന്ത്യശാസനം നല്‍കി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഇന്ത്യക്കെതിരായ പരമ്പരയില്‍ കളിപ്പിക്കില്ലെന്നും, പകരം രണ്ടാംനിര ടീമിനെ ഇറക്കുമെന്നുമാണ് മുന്നറിയിപ്പ്. പ്രതിഫലം വെട്ടിക്കുറച്ചതിന്റെ പേരില്‍ മുതിര്‍ന്ന താരങ്ങള്‍ ഉള്‍പ്പെടെ വാര്‍ഷിക കരാര്‍ ഒപ്പിടാതെ പ്രതിഷേധിക്കുന്നത് ലങ്കന്‍ ടീമില്‍ പ്രതിസന്ധിയായി തുടരുകയാണ്.

ഇംഗ്ലണ്ടിനെതിരെ ട്വന്റി ട്വന്റി, ഏകദിന പരമ്പരകളില്‍ സമ്പൂര്‍ണ തോല്‍വി ഏറ്റുവാങ്ങി നില്‍ക്കുകയാണ് ശ്രീലങ്ക. മറക്കാനാഗ്രഹിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ലങ്കന്‍ താരങ്ങള്‍ ഇന്ന് തിരികെ നാട്ടിലെത്തും. മുതിര്‍ന്ന താരങ്ങള്‍ അടങ്ങിയ ഈ ടീം കളിച്ചാലും വരാനിരിക്കുന്ന മത്സരങ്ങളില്‍ ഇന്ത്യയെ വിറപ്പിക്കാന്‍ പോലുമായേക്കില്ലെന്ന ആശങ്ക ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനുണ്ട്. 

ജയസൂര്യയുടേയും സംഗക്കാരയുടേയും ജയവര്‍ധനയുടേയുമൊക്കെ നിഴല്‍ എന്ന് വിശേഷിപ്പിക്കാന്‍ പോലും സാധിക്കില്ല ഈ ടീമിനെ. അങ്ങനെയിരിക്കെയാണ് വാര്‍ഷിക കരാര്‍ വിഷയം ചൂടുപിടിക്കുന്നത്. എത്രയും വേഗം കരാര്‍ ഒപ്പിടണമെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ പ്രമോദ വിക്രമസിംഗെ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. ഇല്ലെങ്കില്‍ ഇന്ത്യക്കെതിരായ പരമ്പരയില്‍ അവസരം നല്‍കാതെ മാറ്റിനിര്‍ത്തും. തുടര്‍ന്നങ്ങോട്ടും ഇതേ നിലപാടായിരിക്കും. 

നിലവില്‍ കരാര്‍ ഒപ്പിട്ട 39 ജൂനിയര്‍ താരങ്ങളില്‍നിന്ന് ഇന്ത്യക്കെതിരായ സംഘത്തെ തെരഞ്ഞെടുക്കുമെന്നും പ്രമോദ വിക്രമസിംഗെ പറയുന്നു. ഇതിനോട് ശ്രീലങ്കന്‍ താരങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. രണ്ട് മാസം മുമ്പാണ് വാര്‍ഷിക കരാറിനെ ചൊല്ലിയുള്ള പ്രശ്‌നം തുടങ്ങുന്നത്. കൊവിഡ് പ്രതിസന്ധിയുടെ പേരില്‍ 35 ശതമാനത്തിന്റെ കുറവ് പ്രതിഫലത്തില്‍ വരുത്തിയിരുന്നു. 

ഏഞ്ചലോ മാത്യൂസ് ഉള്‍പ്പെടെയുള്ള ഏതാനും മുതിര്‍ന്ന താരങ്ങളെ ആദ്യ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയതുമില്ല. ഇതോടെ താരങ്ങളും ബോര്‍ഡും രണ്ട് തട്ടിലായി. വിവാദം കത്തിനില്‍ക്കുന്നതിനിടെ ബംഗ്ലാദേശ്, ഇംഗ്ലണ്ട് പര്യടനങ്ങളില്‍ ലങ്കന്‍ താരങ്ങള്‍ പങ്കെടുത്തത് ഫ്രീലാന്‍ഡ്‌സ് ക്രിക്കറ്റേഴ്‌സ് എന്ന നിലയിലായിരുന്നു.

click me!