ബിസിസിഐ ആസ്ഥാനത്ത് നടക്കുന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവും പങ്കെടുക്കും. ജനുവരിയിൽ ന്യൂസീലൻഡിനെതിരായ പരമ്പരയ്ക്കും ലോകകപ്പിനുമുള്ള ടീമിനെ ഒരുമിച്ചാണ് പ്രഖ്യാപിക്കുക.
മുംബൈ: അടുത്ത വർഷത്തെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ടീം പ്രഖ്യാപനം. മലയാളി താരം സഞ്ജു സാംസൺ ലോകകപ്പ് ടീമില്‍ ഇടം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024ൽ രോഹിത് ശർമ്മയും സംഘവും നേടിയ ടി20 ലോകകപ്പ് നിലനിർത്താനാണ് ഇന്ത്യ ഇത്തവണ ഇറങ്ങുന്നത്. ടി20 ലോകകപ്പ് ചരിത്രത്തില്‍ ഒരു ടീമും ഇതുവരെ കിരീടം നിലനിര്‍ത്തിയിട്ടില്ലെന്ന ചരിത്രം തിരുത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
ബിസിസിഐ ആസ്ഥാനത്ത് നടക്കുന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവും പങ്കെടുക്കും. ജനുവരിയിൽ ന്യൂസിലൻഡിനെതിരായ പരമ്പരയ്ക്കും ലോകകപ്പിനുമുള്ള ടീമിനെ ഒരുമിച്ചാണ് പ്രഖ്യാപിക്കുക. ന്യൂസീലൻഡിനെതിരായ അഞ്ച് ടി20 ലോകകപ്പിന് മുൻപുള്ള ഇന്ത്യയുടെ അവസാന മത്സരങ്ങൾ കൂടിയാണ്. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ കളിച്ച ഇന്ത്യൻ ടീമിൽ കാര്യമായ മാറ്റമുണ്ടാവില്ലെന്നാണ് കരുതുന്നത്. സൂര്യകുമാർ യാദവിന്‍റെയും ശുഭ്മാൻ ഗില്ലിന്‍റെയും മോശം ഫോം മാത്രമാണ് ടീം മാനേജ്മെന്‍റിന്‍റെ ആശങ്ക. വിക്കറ്റ് കീപ്പർമാരായി സഞ്ജു സാംസണും ജിതേഷ് ശർമ്മയും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സയിദ് മുഷ്താഖ് അലി ട്രോഫിയിൽ മികച്ച പ്രകടനം നടത്തിയ ഇഷാൻ കിഷനെ തല്‍ക്കാലം ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാനിയടയില്ല. വിക്കറ്റ് കീപ്പര്‍മാരായി ജിതേഷും സഞ്ജുവും ടീമിലുണ്ടെന്നതും ഇഷാന്‍ ടോപ് ഓര്‍ഡര്‍ ബാറ്ററാണെന്നതുമാണ് വെല്ലുവിളി. വാഷിംഗ്ടൺ സുന്ദറാണോ റിങ്കു സിംഗാണോ ടീമിലെത്തുക എന്നതിലും ആകാംക്ഷയുണ്ട്. തിലക് വർമ്മയുടെ സ്ഥാനം സുരക്ഷിതം. ഓൾറൗണ്ടർമാരായ അക്സർ പട്ടേലിനും ശിവം ദുബേയ്ക്കും ഒപ്പം ഹാർദിക് പണ്ഡ്യ പരിക്ക് മാറിയെത്തിയതോടെ ടീം കൂടുതൽ സന്തുലിതം.
ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ് എന്നിവരുൾപ്പെട്ട ബൗളിംഗ് നിരയിലും പരീക്ഷണത്തിന് സാധ്യയില്ല. 2024ൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചാണ് ഇന്ത്യ ടി20 ലോകകപ്പിൽ രണ്ടാം കിരീടം നേടിയത്. അടുത്തവർഷം ഫെബ്രുവരിയിലാണ് ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ലോകകപ്പിന് വേദിയാവുക. ഫെബ്രുവരി ഏഴിനാണ് ലോകകപ്പിന് തുടക്കമാകുക.


