ശ്രീലങ്കക്കെതിരെ ന്യൂസിലന്‍ഡ് ഭേദപ്പെട്ട ലീഡിലേക്ക്

By Web TeamFirst Published Aug 16, 2019, 8:35 PM IST
Highlights

ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയാല്‍ ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യയെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്താന്‍ ന്യൂസിലന്‍ഡിന് അവസരമുണ്ട്.

കൊളംബോ: ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡ് ഭേദപ്പെട്ട ലീഡിലേക്ക്. 18 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ കിവീസ് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തിട്ടുണ്ട്. മൂന്ന് വിക്കറ്റ് ശേഷിക്കെ ന്യൂസിലന്‍ഡിന് ഇപ്പോള്‍ 177 റണ്‍സിന്റെ ലീഡായി. 63 റണ്‍സുമായി വാള്‍ട്ടിംഗും അഞ്ച് റണ്‍സോടെ വില്യം സോമര്‍വില്ലയുമാണ് ക്രീസില്‍. സ്പിന്നിനെ സഹായിക്കുന്ന പിച്ചില്‍ 200ന് മുകളിലുള്ള വിജയലക്ഷ്യം ശ്രീലങ്കക്ക് വെല്ലുവിളിയായേക്കും. സ്കോര്‍ ന്യൂസിലന്‍ഡ്  249, 195/7, ശ്രീലങ്ക 267.

ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയാല്‍ ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യയെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്താന്‍ ന്യൂസിലന്‍ഡിന് അവസരമുണ്ട്. 227/7 എന്ന സ്കോറില്‍ മൂന്നാം ദിനം ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ശ്രീലങ്ക 267ന് ഓള്‍ ഔട്ടായിരുന്നു. 61 റണ്‍സെടുത്ത ഡിക്‌വെല്ലയാണ് ലങ്കയുടെ ടോപ് സ്കോറര്‍. കിവീസിനായി അജാസ് പട്ടേല്‍ അഞ്ച് വിക്കറ്റെടുത്തു.

18 റണ്‍സിന്റെ നേരിയ ലീഡ് വഴങ്ങിയ കിവീസിന് രണ്ടാം ഇന്നിംഗ്സിലും ബാറ്റിംഗ് തകര്‍ച്ച നേരിട്ടു. 25/3 ലേക്ക് കൂപ്പുകുത്തിയ കിവീസിനെ ടോം ലാതമും(45), ഹെന്‍റി നിക്കോള്‍സും(26) ചേര്‍ന്നാണ് കരകയറ്റിയത്. ആദ്യ ഇന്നിംഗ്സില്‍ നിരാശപ്പെടുത്തിയ കിവീ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് രണ്ടാം ഇന്നിംഗ്സിലും കാര്യമായി ഒന്നും ചെയ്യാനായില്ല. നാലു റണ്‍സെടുത്ത് വില്യംസണ്‍ പുറത്തായി.

ആദ്യ ഇന്നിംഗ്സിലെ ടോപ് സ്കോററായ റോസ് ടെയ്ലര്‍ മൂന്ന് റണ്ണിന് വീണു. വാലറ്റക്കാരായ സാന്റനറെയും(12), ടിം സൗത്തിയെയും(23) കൂട്ടുപിടിച്ച് വാള്‍ട്ടിംഗ് നടത്തിയ പോരാട്ടമാണ് കിവീസിന്റെ ലീഡ് 200ന് അടുത്തെത്തിച്ചത്. ലങ്കക്കായി എംബുല്‍ഡെനിയ നാല് വിക്കറ്റെടുത്തു.

click me!