ടി20 ഒന്നാം സ്ഥാനക്കാര്‍ക്ക് നാണക്കേട്; പാകിസ്ഥാനെതിരായ പരമ്പര ശ്രീലങ്ക തൂത്തുവാരി

By Web TeamFirst Published Oct 9, 2019, 10:42 PM IST
Highlights

ലോക ടി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരായ പാകിസ്ഥാനെതിരായ പരമ്പര ശ്രീലങ്ക തൂത്തുവാരി. ലാഹോര്‍ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന അവസാന ടി20യില്‍ 13 റണ്‍സിനായിരുന്നു ശ്രീലങ്കയുടെ വിജയം.

ലാഹോര്‍: ലോക ടി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരായ പാകിസ്ഥാനെതിരായ പരമ്പര ശ്രീലങ്ക തൂത്തുവാരി. ലാഹോര്‍ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന അവസാന ടി20യില്‍ 13 റണ്‍സിനായിരുന്നു ശ്രീലങ്കയുടെ വിജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ലങ്ക നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ പാകിസ്ഥാന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. 

മൂന്ന് വിക്കറ്റ് നേടിയ വാനിന്‍ഡു ഹസരങ്കയും രണ്ട് പേരെ പുറത്താക്കിയ ലാഹിരു കുമാരയുമാണ് പാകിസ്ഥാനെ തകര്‍ത്തത്. ഹാരിസ് സൊഹൈലാ (50 പന്തില്‍ 52)ണ് പാകിസ്ഥാന്‍ ടോപ് സ്‌കോറര്‍. ബാബര്‍ അസം 27 റണ്‍സെടുത്ത് പുറത്തായി. ഫഖര്‍ സമാന്‍ (0), സര്‍ഫറാസ് അഹമ്മദ് (17), ഇമാദ് വസീം (3), അസിഫ് അലി (1) എന്നിവര്‍ നിരാശപ്പെടുത്തി. ഇഫ്തികര്‍ അഹമ്മദ് (17), വഹാബ് റിയാസ് (12) എന്നിവര്‍ പുറത്താവാതെ നിന്നു. 

നേരത്തെ നാലിന് 58ന് തകര്‍ച്ചയെ നേരിടുകയായിരുന്നു ശ്രീലങ്ക. എന്നാല്‍ ഒഷാഡ ഫെര്‍ണാണ്ടോ (48 പന്തില്‍ 78)യുടെ ഇന്നിങ്‌സ് ലങ്കയ്ക്ക് തുണയായി. മൂന്ന് സിക്‌സും എട്ട് ഫോറും അടങ്ങുന്നതായിരുന്നു ഒഷാഡയുടെ ഇന്നിങ്‌സ്. മറ്റാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. പാകിസ്ഥാന് വേണ്ടി മുഹമ്മദ് ആമിര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. 

സുരക്ഷ കാരണങ്ങളാല്‍ പ്രധാനതാരങ്ങളില്ലാതെയാണ് ശ്രീലങ്ക പരമ്പരയ്‌ക്കെത്തിയത്. സ്ഥിരം ടീമില്‍ കളിക്കുന്ന 10 താരങ്ങളെങ്കിലും ടീമില്‍ നിന്ന് വിട്ടുനിന്നിരുന്നു. എന്നിട്ടും ലോക ടി20 റാങ്കിങ്ങില്‍ ഒന്നാമതുള്ള പാകിസ്ഥാനെതിരെ പരമ്പര നേടാന്‍ അവര്‍ക്കായി. നേരത്തെ ഏകദിന പരമ്പര പാകിസ്ഥാന്‍ സ്വന്തമാക്കിയിരുന്നു.

click me!