
മുംബൈ: ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഏകദിന, ടി20 ടീമിലിടം നേടിയ പേസര്‍ ഹര്‍ഷിത് റാണയുടെ സെലക്ഷനെ വിമര്‍ശിച്ച് മുന്‍ ചീഫ് സെലക്ടര്‍ കൃഷ്ണമാചാരി ശ്രീകാന്ത്. കോച്ച് ഗൗതം ഗംഭീറിന്‍റെ ഇഷ്ടക്കാരനായതിനാലാണ് പേസര്‍ ഹര്‍ഷിത് റാണ എല്ലായ്പ്പോഴും ഇന്ത്യൻ ടീമിലെത്തുന്നതെന്ന് ശ്രീകാന്ത് യൂട്യൂബ് ചാനലില്‍ പറഞ്ഞു. ഹര്‍ഷിത് റാണ ഇന്ത്യൻ ടീമില്‍ സ്ഥിരമാണ്. കാരണം, അവന്‍ ഗംഭീറിന്‍റെ ഫേവറൈറ്റാണെന്നായിരുന്നു ശ്രീകാന്തിന്‍റെ കമന്‍റ്. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ കഴിഞ്ഞാല്‍ ഇന്ത്യൻ ടീമില്‍ സ്ഥാനം ഉറപ്പുള്ള ഒരേയൊരു താരം ഹര്‍ഷിത് റാണയാണെന്നും ശ്രീകാന്ത് പറഞ്ഞു.
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമില്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ഉള്‍പ്പെടുത്താതിരുന്നതിനെയും ശ്രീകാന്ത് രൂക്ഷമായി വിമര്‍ശിച്ചു. പരിക്കേറ്റ ഹാര്‍ദ്ദിക് പാണ്ഡ്യക്ക് പകരം രവീന്ദ്ര ജഡേജയെയായിരുന്നു ഏകദിന പരമ്പരയില്‍ ടീമിലുള്‍പ്പെടുത്തേണ്ടിയിരുന്നതെന്നും ഇപ്പോള്‍ ഉള്‍പ്പെടുത്തിയ നിതീഷ് കുമാര്‍ റെഡ്ഡയെല്ലാം ഓസ്ട്രേലിയയില്‍ അടിവാങ്ങി കൂട്ടുമെന്നും ശ്രീകാന്ത് പറഞ്ഞു.
ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഏകദിന, ടി20 ടീമുകളില്‍ ഹര്‍ഷിത് റാണ ഇടം നേടിയിരുന്നു. ഏഷ്യാ കപ്പ് ടീമിലും ഹര്‍ഷിത് റാണയുണ്ടായിരുന്നു.ഈ വര്‍ഷം ആദ്യം ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്കായി അരങ്ങേറിയ ഹര്‍ഷിത് റാണ ജസ്പ്രീത് ബുമ്രക്ക് പരിക്കേറ്റതോടെ ടീമില്‍ തുടരുകയായിരുന്നു. ഏഷ്യാ കപ്പിലും വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലും കളിക്കുന്ന ബുമ്രക്ക് ഓസ്ട്രേലിയന്‍ പര്യടനത്തില്‍ വിശ്രമം അനുവദിച്ചപ്പോള്‍ സെലക്ടര്‍മാര്‍ റാണയെ ടീമില്‍ നിലിനിര്‍ത്തി.ഏകദിന ടീമിന് പുറമെ ടി20 ടീമിലും ഹര്‍ഷിത് സ്ഥാനം നിലനിര്‍ത്തിയതാണ് ആരാധകരെ അമ്പരപ്പിച്ചത്. ഓസ്ട്രേലിയക്കെതിരെ 3 ഏകദിനങ്ങളും 5 ടി20 മത്സരങ്ങളമാണ് ഇന്ത്യ കളിക്കുക.
ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ഏകദിന ടീം: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോലി, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), അക്സർ പട്ടേൽ, കെ എൽ രാഹുൽ, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ്, പ്രസീദ് കൃഷ്ണ ധ്രുവ്. ജുറേൽ, യശസ്വി ജയ്സ്വാള്‍.
ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടി20 ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), തിലക് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേഷ് ശർമ, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, ഹർഷിത് റാണ, സഞ്ജു സാംസണ്‍, വാഷിംഗ്ടണ്‍ സുന്ദര്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക