Latest Videos

തെറ്റായ തീരുമാനത്തിലൂടെ സച്ചിനെ ഒന്നിലേറെത്തവണ പുറത്താക്കിയിട്ടുണ്ടെന്ന് സ്റ്റീവ് ബക്‌നര്‍

By Web TeamFirst Published Jun 21, 2020, 6:41 PM IST
Highlights

ആദ്യത്തെ തെറ്റായ തീരുമാനം ഓസ്ട്രേലിയയില്‍ വെച്ചായിരുന്നു. 2003ലെ ഗാബ ടെസ്റ്റില്‍ ജേസണ്‍ ഗില്ലസ്പിയുടെ സ്റ്റംപിന് മുകളിലൂടെ പോവുമായിരുന്ന പന്തില്‍ സച്ചിനെ ഞാന്‍ എല്‍ബിഡബ്ല്യു വിധിച്ചു.

ജമൈക്ക: സ്റ്റീവ് ബക്നറെന്ന അമ്പയറെ ഇന്ത്യന്‍ ആരാധകര്‍ ഒരിക്കലും മറക്കില്ല. ഐസിസി എലൈറ്റ് പാനല്‍ അമ്പയര്‍മാരിലൊരാളായിരുന്ന ബക്നര്‍ പക്ഷെ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ പക്ഷപാതപരമായ തീരുമാനങ്ങളിലൂടെ എന്നും ഇന്ത്യന്‍ ആരാധകരുടെ കണ്ണിലെ കരടായിരുന്നു. ഇന്ത്യന്‍ താരങ്ങളില്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറായിരുന്നു പലപ്പോഴും ബക്നറുടെ അമ്പയറിംഗ് പിഴവുകളുടെ ഏറ്റവും വലിയ ഇര.

ബാര്‍ബഡോസിലെ ഒരു റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് പറ്റിയ പിഴവുകളെക്കുറിച്ച് ബക്നര്‍ മനസുതുറന്നു. രണ്ട് തവണയെങ്കിലും താന്‍ സച്ചിനെ തെറ്റായ തീരുമാനത്തിലൂടെ പുറത്താക്കിയിട്ടുണ്ടെന്ന് ബക്നര്‍ പറഞ്ഞു. എന്നാല്‍ അത് മന:പൂര്‍വമായിരുന്നില്ലെന്നും മനുഷ്യസഹജമായ പിഴവായിരുന്നുവെന്നും ബക്നര്‍ പറഞ്ഞു.


ആദ്യത്തെ തെറ്റായ തീരുമാനം ഓസ്ട്രേലിയയില്‍ വെച്ചായിരുന്നു. 2003ലെ ഗാബ ടെസ്റ്റില്‍ ജേസണ്‍ ഗില്ലസ്പിയുടെ സ്റ്റംപിന് മുകളിലൂടെ പോവുമായിരുന്ന പന്തില്‍ സച്ചിനെ ഞാന്‍ എല്‍ബിഡബ്ല്യു വിധിച്ചു. രണ്ടാമത്തെ തീരുമാനം ഇന്ത്യയില്‍വെച്ചായിരുന്നു. കൊല്‍ക്കത്തയില്‍ പാക്കിസ്ഥാനെതിരാ മത്സരത്തില്‍ അബ്ദുള്‍ റസാഖ് എറിഞ്ഞ പന്തില്‍ സച്ചിന്റെ ബാറ്റില്‍ തട്ടാതെ പോയെങ്കിലും ക്യാച്ച് ഔട്ട് വിളിച്ചു.

ഈഡന്‍ഗാര്‍ഡന്‍സില്‍ നടന്ന ആ മത്സരത്തില്‍ ഒരു ലക്ഷത്തോളം കാണികള്‍ അലറിവിളിക്കുമ്പോള്‍ അത് സംഭവിക്കാമെന്നും ബക്നര്‍ പറഞ്ഞു. പക്ഷെ, സംഭവിച്ച തെറ്റുകളില്‍ തനിക്ക് പശ്ചാത്തപമുണ്ടെന്നും ഒരു അമ്പയറും മന:പൂര്‍വം തെറ്റായ തീരുമാനമെടുക്കില്ലെന്നും  ബക്നര്‍ പറഞ്ഞു. മനുഷ്യന് തെറ്റ് പറ്റാം, അത് തിരിച്ചറിയുന്നതും അംഗീകരിക്കുന്നതും ജീവിതത്തിന്റെ ഭാഗമാണെന്നും ബക്നര്‍ പറഞ്ഞു.


രാജ്യാന്തര ക്രിക്കറ്റില്‍ ഡിആര്‍എസ് നടപ്പാക്കിയ തീരുമാനം നല്ലതാണെന്നു ഇത് അമ്പയര്‍മാരുടെ ആത്മവിശ്വാസത്തെ ബാധിച്ചോ എന്ന് വ്യക്തമല്ലെങ്കിലും അമ്പയറിംഗ് നിലവാരം ഏറെ ഉയര്‍ത്തിയിട്ടുണ്ടെന്നും ബക്നര്‍ പറഞ്ഞു. തന്റെ കാലത്ത് തെറ്റായ തീരുമാനത്തിലൂടെ ഒറു ബാറ്റ്സ്മാനെ പുറത്താക്കി എന്ന് തിരിച്ചറിഞ്ഞാല്‍ പിന്നെ ആ ദിവസം ഉറക്കം വരാറില്ലെന്നും സാങ്കേതികവിദ്യ ഏറെ വളര്‍ന്ന ഇക്കാലത്ത് അമ്പയര്‍മാര്‍ക്ക് ഉറക്കം നഷ്ടപ്പെടേണ്ട കാര്യമില്ലെന്നും ബക്നര്‍ വ്യക്തമാക്കി.

click me!