2011ലെ ലോകകപ്പ് ഫൈനല്‍; ഇനിയെങ്കിലും നമുക്ക് ബോധോദയം ഉണ്ടാവട്ടെയെന്ന് ജയവര്‍ധനെ

By Web TeamFirst Published Jun 20, 2020, 10:10 PM IST
Highlights

2011ലെ ഏകദിന ലോകകപ്പ് ഫൈനല്‍ ഒത്തുകളിയായിരുന്നുവെന്ന മുന്‍ ശ്രീലങ്കന്‍ കായിക മന്ത്രി മഹിന്ദാനന്ദ അലുത്ഗമേജിന്റെ ആരോപണത്തില്‍ ശ്രീലങ്കന്‍ കായിക മന്ത്രാലയം കഴിഞ്ഞ ദിവസം അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കായികമന്ത്രി ഡള്ളാസ് അലാഹ്പെരുമ ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

കൊളംബോ: 2011ലെ ഇന്ത്യ-ശ്രീലങ്ക ഏകദിന ലോകകപ്പ് ഫൈനല്‍ ഒത്തുകളിയാണെന്ന മുന്‍ ശ്രീലങ്കന്‍ കായിക മന്ത്രിയുടെ ആരോപണത്തില്‍ പ്രതികരണവുമായി ശ്രീലങ്കന്‍ മുന്‍ നായകന്‍ മഹേള ജയവര്‍ധനെ. ഞങ്ങള്‍ ലോകകപ്പ് വിറ്റുവെന്ന് ആരെങ്കിലും ആരോപിച്ചാല്‍ അത് സ്വാഭാവികമായും വലിയ ആരോപണമാണ്. പക്ഷെ ഞങ്ങള്‍ക്ക് അറിയാത്ത കാര്യം, പ്ലേയിംഗ് ഇലവനില്‍ പോലുമില്ലാത്ത ഒരാള്‍ക്ക് എങ്ങനെയാണ് ഒത്തുകളിക്കാനാവുക എന്നതാണ്. എന്തായും ഒമ്പത് വര്‍ഷത്തിനുശേഷമെങ്കിലും നമുക്ക് ബോധോദയം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം-ജയവര്‍ധനെ ട്വിറ്ററില്‍ കുറിച്ചു.

When some one accuses that we sold the 2011 WC naturaly it’s a big deal cus we don’t know how one could fix a match and not be part of the playing 11? Hopefully we will get enlightened after 9 years...😃👍 https://t.co/cmBtle5dNE

— Mahela Jayawardena (@MahelaJay)

2011ലെ ഏകദിന ലോകകപ്പ് ഫൈനല്‍ ഒത്തുകളിയായിരുന്നുവെന്ന മുന്‍ ശ്രീലങ്കന്‍ കായിക മന്ത്രി മഹിന്ദാനന്ദ അലുത്ഗമേജിന്റെ ആരോപണത്തില്‍ ശ്രീലങ്കന്‍ കായിക മന്ത്രാലയം കഴിഞ്ഞ ദിവസം അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കായികമന്ത്രി ഡള്ളാസ് അലാഹ്പെരുമ ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഓരോ രണ്ടാഴ്ചയും അന്വേഷണ പുരോഗതി അറിയിക്കണമെന്നും മന്ത്രി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

2011ലെ ലോകകപ്പ് ഫൈനലില്‍ ശ്രീലങ്ക ഇന്ത്യയെ നേരിട്ടപ്പോള്‍ അലുത്ഗമേജ് ആയിരുന്നു ശ്രീലങ്കയുടെ കായിക മന്ത്രി. ലോകകപ്പ് ഫൈനലില്‍ ശ്രീലങ്ക ഇന്ത്യക്ക് മുന്നില്‍ മന:പൂര്‍വം തോറ്റുകൊടുക്കുകയായിരുന്നുവെന്നായിരുന്നു മഹിന്ദാനന്ദ അലുത്ഗമേജിന്റെ ആരോപണം. ശ്രീലങ്കന്‍ ടെലിവിഷന്‍ ചാനലിനോട് സംസാരിക്കവെയാണ് മഹിന്ദാനന്ദ ഇത്തരമൊരു ആരോപണം ഉന്നയിച്ചത്.


"ശ്രീലങ്ക ലോകകപ്പ് ഇന്ത്യക്ക് വില്‍ക്കുകയായിരുന്നു. ലങ്കയാണ് ജയിക്കേണ്ടിയിരുന്നത്. എന്നാല്‍ ഞങ്ങള്‍ ലോകകപ്പ് ഇന്ത്യക്ക് വിറ്റു. ഇതിപ്പോള്‍ എനിക്ക് പറയാമെന്ന് തോന്നി. ഒരു താരത്തെയും ഈ ഒത്തുകളിയുമായി ഞാന്‍ ബന്ധപ്പെടുത്തുന്നില്ല. എന്നാല്‍ ടീം തിരഞ്ഞെടുപ്പിന് ഇതില്‍ പങ്കുണ്ട്. ഈ കോഴയില്‍ ആരൊക്കെ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് എനിക്ക് ഇപ്പോള്‍ പറയാനാവില്ല.'' അദ്ദേഹം പറഞ്ഞു.

കായികമന്ത്രിയുടെ ആരോപണങ്ങള്‍ മുന്‍ ശ്രീലങ്കന്‍ നായകന്‍മാരും ലോകകപ്പ് ടീം അംഗങ്ങളുമായിരുന്ന മഹേല ജയവര്‍ധനെയും കുമാര്‍ സംഗക്കാരയും തള്ളിക്കളഞ്ഞിരുന്നു. വെറുതെ ആരോപണം ഉന്നയിക്കാതെ തെളിവുകള്‍ർ പുറത്തുവിടാനും ഇരുവരും കായികമന്ത്രിയെ വെല്ലുവിളിച്ചിരുന്നു.


ഫൈനലില്‍ കമന്റേറ്ററായിരുന്നു ശ്രീലങ്കന്‍ മുന്‍ നായകന്‍ അര്‍ജുന രണതുംഗയും മത്സരം ഒത്തുകളിയാണെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും മുമ്പ് പറഞ്ഞിരുന്നു. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ശ്രീലങ്കയെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സാണ് നേടിയത്. എന്നാല്‍ 49-ാംം ഓവറില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു.

click me!