ആഷസിന് വേണ്ടി എന്ത് ചെയ്യാനും തയ്യറാണ്, ടി20 ലോകകപ്പും ഒഴിവാക്കാം: സ്റ്റീവ് സ്മിത്ത്

By Web TeamFirst Published Jul 5, 2021, 12:36 PM IST
Highlights

ടി20 ക്രിക്കറ്റും പണം വാരുന്ന ലീഗുകളും മാത്രം മതിയെന്ന് ചിന്തിക്കുന്ന ക്രിക്കറ്റ് താരങ്ങള്‍ക്കിടയില്‍ വ്യത്യസ്ഥനാവുകയാണ് ഓസ്‌ട്രേലിന്‍ താരം സ്റ്റീവ് സ്മിത്ത്.

മെല്‍ബണ്‍: ടെസ്റ്റ് ക്രിക്കറ്റിനെ മറന്ന് ട്വന്റി ട്വന്റിയുടെ ഗ്ലാമറില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണ് പല താരങ്ങളും. ടി20 ക്രിക്കറ്റും പണം വാരുന്ന ലീഗുകളും മാത്രം മതിയെന്ന് ചിന്തിക്കുന്ന ക്രിക്കറ്റ് താരങ്ങള്‍ക്കിടയില്‍ വ്യത്യസ്ഥനാവുകയാണ് ഓസ്‌ട്രേലിന്‍ താരം സ്റ്റീവ് സ്മിത്ത്. ആഷസിന് വേണ്ടി ഐപിഎല്ലിലും ടി20 ലോകകപ്പും ഒഴിവാക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സ്മിത്ത്. 

ആരാധകരില്‍ വലിയൊരു വിഭാഗവും അത്തരത്തില്‍ മാറിപ്പോയി. ടെസ്റ്റ് ക്രിക്കറ്റിന് ഇനിയെത്രനാള്‍ ആയുസെന്ന് ചോദിക്കുന്നവരും ഒരുപാട് പേരുണ്ട്. ഇവിടെയൊക്കെ വ്യത്യസ്ഥനാണ് ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത്. ഡെല്‍ഹി ക്യാപിറ്റല്‍സ് താരമായ സ്റ്റീവ് സ്മിത്ത് സെപ്റ്റംബര്‍- ഒക്ടോബര്‍ മാസങ്ങളിലായി യുഎയില്‍ നടക്കാനിരിക്കുന്ന ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ ഉണ്ടാകില്ലെന്ന് അറിയിച്ചുകഴിഞ്ഞു. അതോടൊപ്പം ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ക്കെതിരായ നടക്കുന്ന ടി20 പരമ്പരയില്‍ നിന്നും താരം പിന്മാറിയിരുന്നു.

ലക്ഷ്യം ഡിസംബറില്‍ തുടങ്ങുന്ന ആഷസ് പരമ്പരയാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പോരാട്ടത്തിന് അത്രത്തോളം പ്രാധാന്യം നല്‍കുന്നു സ്റ്റീവ് സ്മിത്ത്. ഐപിഎല്ലിനിടെ കൈമുട്ടിനേറ്റ പരിക്ക് ഭേദമായി വരുകയാണ്. ഇതിനിടെ ഐപിഎല്‍, മറ്റു പരമ്പരകളിലോ കളിച്ചാല്‍ ഫിറ്റ്‌ന്‌സ് നഷ്ടമായേക്കാം. ഇത് ആഷസിനെ ബാധിക്കുമെന്ന് ഭയക്കുന്നതിനാലാണ് കുട്ടിക്രിക്കറ്റിന്റെ ആവേശത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നും സ്മിത്ത് വ്യക്തമാക്കി. 

ആഷസില്‍ 14 ടെസ്റ്റില്‍നിന്നായി 93.76 ശരാശരിയില്‍ 1969 റണ്‍സ് നേടിയിട്ടുണ്ട് ഓസീസ് താരം. ഇതില്‍ എട്ട് സെഞ്ചുറികളും ഉള്‍പ്പെടും. കഴിഞ്ഞ മൂന്ന് ആഷസിലും സ്മിത്തായിരുന്നു ടോപ് സ്‌കോറര്‍. ഓസ്‌ട്രേലിയയാണ് നിലവിലെ ആഷസ് ജേതാക്കള്‍.

click me!