നേട്ടങ്ങളുടെ നെറുകയില്‍ സ്റ്റീവന്‍ സ്മിത്ത്; കോലിയേയും മറികടന്നു

By Web TeamFirst Published Aug 4, 2019, 7:25 PM IST
Highlights

ടെസ്റ്റ് ക്രിക്കറ്റില്‍ വേഗത്തില്‍ 25 സെഞ്ചുറി പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ താരമായി ഓസ്‌ട്രേലിയന്‍ താരം സ്റ്റീവന്‍ സ്മിത്ത്. ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ രണ്ടാം ഇന്നിങ്‌സിലും സെഞ്ചുറി നേടിയതോടെയാണ് നേട്ടം സ്മിത്തിനെ തേടിയെത്തിയത്.

എഡ്ജ്ബാസ്റ്റണ്‍: ടെസ്റ്റ് ക്രിക്കറ്റില്‍ വേഗത്തില്‍ 25 സെഞ്ചുറി പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ താരമായി ഓസ്‌ട്രേലിയന്‍ താരം സ്റ്റീവന്‍ സ്മിത്ത്. ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ രണ്ടാം ഇന്നിങ്‌സിലും സെഞ്ചുറി നേടിയതോടെയാണ് നേട്ടം സ്മിത്തിനെ തേടിയെത്തിയത്. 119 ഇന്നിങ്‌സില്‍ നിന്നാണ് സ്മിത്ത് 25 സെഞ്ചുറി നേടിയത്. 

127 ഇന്നിങ്സുകളില്‍ നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെയാണ് സ്മിത്ത് പിന്തള്ളിയത്. 68 ഇന്നിങ്‌സില്‍ 25 സെഞ്ചുറി നേടിയ ഡോണ്‍ ബ്രാഡ്മാനാണ് മുന്നില്‍. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 130 ഇന്നിങ്‌സില്‍ നിന്നാണ് 25 സെഞ്ചുറികള്‍ നേടിയിരുന്നത്. ഒരു വര്‍ഷത്തെ വിലക്കിന് ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ സ്മിത്ത് ആദ്യ ഇന്നിങ്‌സില്‍ 144 റണ്‍സ് നേടിയിരുന്നു.

ആഷസ് ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി നേടുന്ന അഞ്ചാമത്തെ ഓസ്‌ട്രേലിയന്‍ താരം കൂടിയായിമാറി സ്മിത്ത്. മാത്യു ഹെയ്ഡന്‍ (2002), സ്റ്റീവ് വോ (1997), അര്‍തര്‍ മോറിസ് (1947), വാറന്‍ ബാര്‍ഡ്സ്ലി (1909) എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റുതാരങ്ങള്‍. 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇംഗ്ലീഷ് മണ്ണില്‍ ഒരു ഓസ്‌ട്രേലിയന്‍ താരം രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി നേടുന്നത്. സ്റ്റീവ് വോയാണ് അവസാനം ഇംഗ്ലീഷ് മണ്ണില്‍ രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടിയ താരം. മാഞ്ചസ്റ്ററിലായിരുന്നു വോയുടെ നേട്ടം.

ആഷസില്‍ സ്മിത്തിന്റെ പത്താം സെഞ്ചുറിയാണിത്. ഇക്കാര്യത്തില്‍ സ്റ്റീവ് വോയ്ക്ക് ഒപ്പമെത്താനും സ്മിത്തിന് സാധിച്ചു. 19 സെഞ്ചുറി നേടിയ ബ്രാഡ്മാനാണ് മുന്നില്‍.

click me!