റണ്‍പോര് അവിടെ നില്‍ക്കട്ടെ; കോലിയെ പ്രശംസ കൊണ്ടുമൂടി സ്‌മിത്ത്

By Web TeamFirst Published Jan 22, 2020, 5:35 PM IST
Highlights

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ ഓസീസ് ബാറ്റ്സ്‌മാന്‍ സ്റ്റീവ് സ്‌മിത്ത് 
 

ബെംഗളൂരു: സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്‌മാന്‍ വിരാട് കോലിയോ സ്റ്റീവ് സ്‌മിത്തോ എന്ന ചര്‍ച്ചകള്‍ സജീവമാണ്. ചര്‍ച്ചകള്‍ പൊടിപൊടിക്കേ കോലിയെ പ്രശംസകൊണ്ട് മൂടി രംഗത്തെത്തിയിരിക്കുകയാണ് ഓസീസ് മുന്‍ നായകന്‍ കൂടിയായ സ്റ്റീവ് സ്‌മിത്ത്. 

'കോലി വിസ്‌മയ താരമാണ്. കോലിയുടെ ബാറ്റിംഗ് നമ്പറുകള്‍ തന്നെ ഉത്തരം പറയുന്നു. മൂന്ന് ഫോര്‍മാറ്റിലും കോലി വിസ്‌മയമാണ്, ഒട്ടേറെ റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നത് നാം കാണാനിരിക്കുന്നു. കോലി ഇതിനകം തന്നെ ഒട്ടേറെ റെക്കോര്‍ഡുകള്‍ തന്‍റെ പേരിലാക്കിയിട്ടുണ്ട്. കോലിയുടെ റണ്‍ദാഹം തീവ്രമാണ്, അതിന് തടയിടാനാവില്ല. ഓസ്‌ട്രേലിയക്കെതിരെ കോലിക്ക് അതിന് കഴിയാതെ വന്നാല്‍ മനോഹരമായിരിക്കും'. 

'ക്യാപ്റ്റനെന്ന നിലയില്‍ കോലി ഇന്ത്യയെ ലോകത്തെ ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമാക്കി മാറ്റി. ടെസ്റ്റ് ക്രിക്കറ്റിന് കോലി പുതിയ മാനദണ്ഡങ്ങള്‍ ചമച്ചു. ആരോഗ്യവും ഫിറ്റ്‌നസും അടക്കമുള്ള കാര്യങ്ങള്‍ക്ക് കോലി വലിയ പ്രധാന്യം നല്‍കുന്നു. കോലി ഇന്ത്യന്‍ ടീമിനെ മികച്ച നിലയിലെത്തിക്കുകയും മനോഹരമായി മുന്നോട്ടുനയിക്കുകയും ചെയ്യുന്നതായും' സ്റ്റീവ് സ്‌മിത്ത് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് പറഞ്ഞു. 

കൂവിയവരെ കയ്യടിപ്പിച്ച് തോല്‍പിച്ച കോലിക്കും കയ്യടി

ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ കൂവിയ കാണികളോട് കയ്യടിക്കാന്‍ ആംഗ്യം കാട്ടിയ വിരാട് കോലിയുടെ നടപടിയെ സ്‌മിത്ത് വീണ്ടും പ്രശംസിച്ചു. 'ലോകകപ്പില്‍ വിരാട് കാട്ടിയത് വിലമതിക്കാനാവില്ല. കോലിക്ക് അത് ചെയ്യേണ്ട ആവശ്യമുണ്ടായിരുന്നില്ല. എന്നാല്‍ കോലിയുടെ നടപടി അഭിനന്ദനം അര്‍ഹിക്കുന്നു' എന്നും സ്‌മിത്ത് കൂട്ടിച്ചേര്‍ത്തു. 

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വിലക്കിന് ശേഷം തിരിച്ചെത്തിയ സ്‌മിത്തിനെയാണ് ഓവലിലെ കാണികള്‍ കൂവിയത്. എന്നാല്‍ ഗാലറിക്ക് നേരെ തിരിഞ്ഞ് കയ്യടിക്കാന്‍ കോലി ആവശ്യപ്പെടുകയായിരുന്നു. കോലിയുടെ ഈ നടപടിക്ക് ഐസിസിയുടെ 'സ്‌പിരിറ്റ് ഓഫ് ക്രിക്കറ്റ്' പുരസ്‌കാരം അടുത്തിടെ ലഭിച്ചിരുന്നു. സ്‌നേഹത്തിന്‍റെ അടയാളമാണ് കോലി കാട്ടിയത് എന്ന് ഓവലിലെ മത്സരശേഷം സ്‌മിത്ത് പ്രതികരിച്ചിരുന്നു. 

click me!