
ലണ്ടൻ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയെ നേരിടുന്ന ദക്ഷിണാഫ്രിക്കക്ക് ജേതാക്കളാക്കാന്‍ ഇനി വേണ്ടത് 69 റണ്‍സാണ്. 282 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ദക്ഷിണാഫ്രിക്ക മൂന്നാം ദിനം 213-2 എന്ന മികച്ച നിലയിലാണ് ക്രീസ് വിട്ടത്. 102 റണ്‍സുമായി ഏയ്ഡന്‍ മാര്‍ക്രവും 65 റണ്‍സോടെ ക്യാപ്റ്റൻ ടെംബാ ബാവുമയുമാണ് ക്രീസില്‍. രണ്ട് ദിവസവം എട്ട് വിക്കറ്റും കൈയിലിരിക്കെ 69 റണ്‍സ് അടിച്ചെടുക്കുക അനായാസമാണെന്ന് തോന്നാമെങ്കിലും അത് ഒട്ടും എളുപ്പമായിരിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ദക്ഷിണാഫ്രിക്കന്‍ പേസ് ഇതിഹാസം ഡെയ്ൽ സ്റ്റെയ്ൻ.
ജയത്തിലേക്ക് ഇനിയും 69 റണ്‍സിന്‍റെ അകലമുണ്ട്. വളരെ അനായാസമെന്ന് തോന്നാം. പക്ഷെ ഓസ്ട്രേലിയ അങ്ങനെയങ്ങ് തോറ്റുകൊടുക്കുമെന്ന് കരുതാനാവില്ല. അവര്‍ അവസാന പന്ത് വരെ പോരാടുമെന്നുറുപ്പാണ്. ഓസ്ട്രേലിയയെ കീഴടക്കി ജേതാക്കളാകാനായാല്‍ അത് അവിശ്വസനീയ നേട്ടമായിരിക്കുമെന്നും സ്റ്റെയ്ൻ പറഞ്ഞു.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി തയാറാക്കിയ പിച്ചിനെയും സ്റ്റെയ്ൻ അഭിനന്ദിച്ചു. ആദ്യ രണ്ട് ദിവസം ബൗളര്‍മാര്‍ നിറഞ്ഞാടിയ പിച്ചില്‍ സൂര്യനുദിച്ചതോടെ ബാറ്റര്‍മാര്‍ക്കും നിലയുറപ്പിക്കാനായി. ഇന്ന് നാലാം ദിവസം പിച്ചിന് അതിന്‍റേതായ മാറ്റമുണ്ടാകും. ചിലപ്പോള്‍ ബാറ്റിംഗ് കുറച്ചുകൂടി ദുഷ്കരമാകും അല്ലെങ്കില്‍ അനായാസമാകും. അത് പ്രവചിക്കാനാവില്ല. അതെന്തു തന്നെയായാലും ഫൈനലിലെ ആദ്യ മൂന്ന് ദിവസങ്ങളും ബാറ്റര്‍മാര്‍ക്കും ബൗളര്‍മാര്‍ക്കും ഒരുപോലെ അവസരം നല്‍കിയ പിച്ചായിരുന്നു ഇതെന്നും സ്റ്റെയ്ൻ പറഞ്ഞു.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ആദ്യ ഇന്നിംഗ്സില്‍ 212 റണ്‍സിന് പുറത്തായപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് 138 റണ്‍സില്‍ അവസാനിച്ചിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ 73-7ലേക്ക് തകര്‍ന്നടിഞ്ഞെങ്കിലും വാലറ്റക്കാരുടെ മികവില്‍ 207 റണ്‍സടിച്ച ഓസീസ് ദക്ഷിണാഫ്രിക്കക്ക് മുന്നില്‍ 282 റണ്‍സിന്‍റെ വിജയലക്ഷ്യം മുന്നോട്ടുവെക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക