പാകിസ്ഥാന്റെ പ്രതീക്ഷകള്‍ കരിയിച്ചത് ഒരു പാക് വംശജന്‍; സിക്കന്ദര്‍ റാസയുടെ അവിശ്വസനീയ യാത്രയിങ്ങനെ

Published : Oct 27, 2022, 10:22 PM IST
പാകിസ്ഥാന്റെ പ്രതീക്ഷകള്‍ കരിയിച്ചത് ഒരു പാക് വംശജന്‍; സിക്കന്ദര്‍ റാസയുടെ അവിശ്വസനീയ യാത്രയിങ്ങനെ

Synopsis

ബാറ്റിംഗിനെത്തിയ സിംബാബ്‌വെ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുക്കാനാണ് സാധിച്ചത്.

പെര്‍ത്ത്: ടി20 ലോകകപ്പില്‍ പാകിസ്ഥാനെ അട്ടിമറിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് സിംബാബ്‌വെ താരം സിക്കന്ദര്‍ റാസയുടെ ബൗളിംഗ് പ്രകടനമായിരുന്നു. നാല് ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റാണ് റാസ വീഴ്ത്തിയത്. അതും ഷാന്‍ മസൂദ് (44), ഷദാബ് ഖാന്‍ (17), ഹൈദര്‍ അലി (0) എന്നിവരുടെ നിര്‍ണായക വിക്കറ്റുകള്‍. ഇതില്‍ ഷദാബിനേയും ഹൈദറിനേയും അടുത്തടുത്ത് പന്തുകളിലാണ് റാസ പുറത്താക്കിയത്.

ചുരുക്കത്തില്‍ ടി20 ലോകകപ്പില്‍ പാകിസ്ഥാന്റെ വിധിയെഴുതിയത് പാകിസ്ഥാന്‍ വംശജനായ റാസ തന്നെ. 1986ല്‍ പഞ്ചാബിലെ സിയാല്‍കോട്ടിലാണ് റാസ ജനിക്കുന്നത്. 2002ലാണ് റാസ കുടുംബത്തോടൊപ്പം സിംബാബ്‌വെയിലേക്ക് മാറുന്നത്. പിന്നാലെ സ്‌കോട്‌ലന്‍ഡില്‍ ഉന്നതപഠനത്തിനായി പോയ റാസ പ്രൊഫഷണല്‍ ക്രിക്കറ്റ് കളിച്ചുതുടങ്ങുന്നതും സ്‌കോട്‌ലന്‍ഡില്‍ വച്ചാണ്. ഇപ്പോള്‍ ജനിച്ച രാജ്യത്തിനെതിരെ മൂന്ന് വിക്കറ്റ് പ്രകടനത്തോടെ പ്ലയര്‍ ഓഫ് ദ മാച്ച് ആവാനും റാസയ്ക്കായി. ട്വിറ്ററില്‍ റാസയെ പ്രശംസകൊണ്ട് മൂടുകയാണ് ആരാധകര്‍. ചില ട്വീറ്റുകള്‍ വായിക്കാം...

ബാറ്റിംഗിനെത്തിയ സിംബാബ്‌വെ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുക്കാനാണ് സാധിച്ചത്. ആദ്യ മത്സരത്തില്‍ ഇന്ത്യയോട് തോറ്റ പാകിസ്ഥാന്റെ സെമി ഫൈനല്‍ സാധ്യതകള്‍ തുലാസിലായി. 

ചെറിയ വിജയലക്ഷ്യത്തിലേക്ക് മോശം തുടക്കമാണ് പാകിസ്ഥാന് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 23 റണ്‍സ് മാത്രമുള്ളപ്പോള്‍ ബാബര്‍ അസം (4), മുഹമ്മദ് റിസ്‌വാന്‍ (14) എന്നിവരെ പാകിസ്ഥാന് നഷ്ടമായി. മൂന്നാമനായി ക്രീസിലെത്തിയ ഷാന്‍ മസൂദ് (44) മാത്രമാണ് പിടിച്ചുനിന്നത്. മുഹമ്മദ് നവാസ് (22) പരമാവധി ശ്രമിച്ചെങ്കിലും അവസാന ഓവറില്‍ വീണതോടെ കാര്യങ്ങള്‍ സിംബാബ്‌വെയ്ക്ക് അനുകൂലമായി.

ഇഫ്തികര്‍ അഹമ്മദ് (5), ഷദാബ് ഖാന്‍ (17), ഹൈദര്‍ അലി (0), ഷഹീന്‍ അഫ്രീദി (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മൂന്ന് വിക്കറ്റ് വീഴ്ത്തിയ സിക്കന്ദര്‍ റാസയാണ് പാകിസ്ഥാനെ തകര്‍ത്തത്. ബ്രാഡ് ഇവാന്‍സിന് രണ്ട് വിക്കറ്റുണ്ട്. നേരത്തെ, സിംബാബ്‌വെയെ മുഹമ്മദ് വസിം, ഷദാബ് ഖാന്‍ എന്നിവരാണ് എറിഞ്ഞൊതുക്കിയത്. വസിം നാലും ഷദാബ് മൂന്നും വിക്കറ്റ് നേടി. 31 റണ്‍സ് നേടിയ സീന്‍ വില്യംസാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍.
 

PREV
click me!

Recommended Stories

ദക്ഷിണാഫ്രിക്ക ചലഞ്ചിന് സഞ്ജു സാംസണ്‍; ലോകകപ്പ് ടീമില്‍ ഇടം നേടാൻ അവസാന അവസരം?
ലണ്ടനിലേക്ക് മടങ്ങി വിരാട് കോലി, ഇനി പോരാട്ടം വിജയ് ഹസാരെ ട്രോഫിയില്‍ ഡല്‍ഹിക്കായി